ശരീരത്തിൽ നീല നിറം, കിതപ്പ്, അടിക്കടി രോഗങ്ങൾ; കുഞ്ഞുങ്ങളിലെ ഹൃദ്രോഗ ലക്ഷണങ്ങൾ
Mail This Article
'ഹൃദയപൂർവം' ഹൃദയാരോഗ്യ പദ്ധതിയുടെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചർച്ചയിൽ കുട്ടികളിൽ ജന്മനാലുള്ള ഹൃദയസംബന്ധ രോഗങ്ങൾ എന്ന വിഷയത്തിൽ മദ്രാസ് മെഡിക്കൽ കോളജ് പീഡിയാട്രിക് കാർഡിയോളജി വിഭാഗം ഡോക്ടർമാരായ ശ്രീജാ പവിത്രൻ, രവി അഗർവാൾ, കെ ശിവകുമാർ എന്നിവർ പങ്കെടുത്തു. കുട്ടികളിലെ ഹൃദ്രോഗ ലക്ഷണങ്ങളും ചികിത്സയെയും സംബന്ധിച്ചുള്ള വിവരങ്ങൾ അറിയാം.
ഒരു സ്ത്രീ ഗർഭിണി ആയിരിക്കെ നടത്തുന്ന എല്ലാ പരിശോധനകളും വളരെ പ്രധാനപ്പെട്ടതാണ്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഉറപ്പു വരുത്താൻ ഈ പരിശോധനകൾ സഹായിക്കുകയും ചെയ്യും. അത്തരത്തിൽ, ഗർഭസ്ഥ ശിശുവിന്റെ ഹൃദ്രോഗവൈകല്യങ്ങൾ മനസ്സിലാക്കാൻ അഞ്ചാം മാസത്തിലെ ഫീറ്റൽ എക്കോ കാർഡിയോഗ്രഫി പരിശോധനയിലൂടെ കഴിയും. കുഞ്ഞിന്റെ ഹൃദയമിടിപ്പ് പരിശോധിച്ചാണ് രോഗം തിരിച്ചറിയുന്നത്. കുട്ടിയുടെ ഓക്സിജൻ നില വഴിയും ഹൃദ്രോഗമുണ്ടോ എന്ന് തിരിച്ചറിയാൻ സാധിക്കും
ജനിച്ചശേഷം കുട്ടികളിലെ ഹൃദ്രോഗം തിരിച്ചറിയാൻ സാധിക്കുന്ന ചില ലക്ഷണങ്ങളുണ്ട്. ഓക്സിജൻ ലെവലിലെ വ്യത്യാസവും നാക്കിലും ചുണ്ടിലുമുള്ള നീല നിറം, ശ്വാസഗതി വേഗത്തിലാവുക എന്നിവയുമാണ് ലക്ഷണങ്ങളിൽ പ്രധാനം. മുലപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങളിൽത്തന്നെ അടിക്കടി ന്യുമോണിയ പോലുള്ള ശ്വാസകോശസംബന്ധ രോഗങ്ങൾ വരുന്നതും, ആരോഗ്യസ്ഥിതി മെച്ചപ്പെടാൻ ഒരുപാട് സമയം വേണ്ടി വരുന്നതും ഹൃദ്രോഗ സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നു. വന്ധ്യത കൂടിവരുന്ന ഈ കാലത്ത് ഐവിഎഫിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങളിൽ ഹൃദ്രോഗത്തിനുള്ള സാധ്യത കൂടുതലായി കാണുന്നുവെന്ന് പഠനങ്ങൾ പറയുന്നതായും ഡോ ശ്രീജ പവിത്രൻ പറഞ്ഞു.
ഇനി കുട്ടി കുറച്ചു കൂടി വലുതായാൽ നടക്കാനുള്ള ബുദ്ധിമുട്ട്, അൽപം നടന്നാൽ തന്നെ ഒരുപാട് കിതയ്ക്കുക, കരയുമ്പോൾ ശരീരത്തില്‍ നീല നിറം പടരുക എന്നിവയും ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളാണ്. പണ്ട് ജീവിതശൈലി രോഗങ്ങൾ മുതിർന്നവരെ മാത്രമാണ് ബാധിച്ചിരുന്നതെങ്കില്‍ ഇപ്പോൾ അത് കുട്ടികളിലും വളരെ കാര്യമായി കാണപ്പെടുന്നു. കുട്ടികളിലെ അമിതഭാരം നിസാരമായി കാണേണ്ട കാര്യമല്ല. നല്ല ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടതും ഫോണിന്റെ ഉപയോഗം പരിമിതപ്പെടുത്തുന്നതും പുറത്തു പോയി കളിക്കുന്നതുമെല്ലാം കുട്ടികളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്ന കാര്യങ്ങളാണെന്നും ഡോ ശ്രീജ ഓർമിപ്പിച്ചു
എപ്പോഴും പാരമ്പര്യമായല്ല കുട്ടികൾക്ക് ഹൃദയസംബന്ധ രോഗങ്ങൾ ഉണ്ടാകുന്നത്. ഹൃദയ ശസ്ത്രക്രിയകൾ ആവശ്യമെങ്കിലാണ് ചെയ്യുന്നതെന്നും കുട്ടിയുടെ കരുത്തിനെ ആശ്രയിച്ചല്ല അതെന്നും ഡോ. രവി അഗർവാൾ പറഞ്ഞു. ഹൃദ്രോഗമുള്ള കുട്ടികൾക്ക് തുടർന്നും ഹെൽത്ത് ചെക്കപ്പുകൾ ആവശ്യമാണെന്നും അതിൽ മുടക്കം വരുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.