ഐസ്ലൻഡിലെ അദ്ഭുതവീടുകൾ! എന്താണ് ഇതിന്റെ രഹസ്യം?
Mail This Article
മനോഹരമായ ഭൂപ്രകൃതിയോടെയുള്ള രാജ്യമാണ് ഐസ്‌ലൻഡ്. അറ്റ്‌ലാന്റിക് സമുദ്രത്തിൽ ആർട്ടിക്ക് വൃത്തത്തിന് തൊട്ടു തെക്കായി സ്ഥിതി ചെയ്യുന്ന ഐസ്‌ലൻഡ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നുമാണ്. അതിശയകരമായ പ്രകൃതിദൃശ്യങ്ങളാണ് വെറും മൂന്നേകാൽ ലക്ഷം മാത്രം ജനസംഖ്യയുള്ള ഈ രാജ്യത്തുള്ളത്.
ഐസ്‌ലന്‍ഡില്‍ എവിടെ പോയാലും പുല്ലു മേഞ്ഞ മേല്‍ക്കൂരയോട് ചേര്‍ന്ന ചെറിയ വീടുകള്‍ കാണാം. ടര്‍ഫ് ഹൗസ് എന്നാണ് ഇവർ ഇതിനെ വിളിക്കുക. മണ്ണ് കൊണ്ട് നിര്‍മ്മിച്ച ഈ വീടുകളുടെ എല്ലാം മേല്‍ക്കൂര പുല്ലുകള്‍ കൊണ്ടാണ് നിർമിക്കുക.
കല്ലുകള്‍ കൊണ്ട് ഫൗണ്ടേഷൻ കൊടുത്ത് തടി കൊണ്ടാണ് ഫ്രെയിം നിര്‍മ്മിക്കുക. ഫയര്‍ പിറ്റോടെയുള്ള വലിയ ലിവിംഗ് റൂമുകള്‍ ആണ് ടര്‍ഫ് ഹൗസുകളുടെ പ്രത്യേകത. മണ്ണ്, തടി , കല്ല് എന്നിവ കൊണ്ടാകും വീടുകളുടെ തറയുടെ നിര്‍മ്മാണം. കൊടും തണുപ്പ് വര്‍ഷത്തില്‍ പകുതിയും ഉള്ള രാജ്യമാണ് ഐസ്‌ലൻഡ്. ശൈത്യം ആയാല്‍ പിന്നെ ഇവിടെ ആളുകള്‍ മാസങ്ങളോളം പുറത്തുപോലും ഇറങ്ങാറില്ല. അതിനാല്‍ വീടുകളില്‍ ചൂടിനെ അതിജീവിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഇവര്‍ ഒരുക്കാറുണ്ട്.
ഇന്ന് കാലം മാറി. ടര്‍ഫ് ഹൗസുകള്‍ ഐസ്‌ലൻഡിൽ നിറയെ ഉണ്ടെങ്കിലും അവിടെ അധികകാലം കഴിയുന്ന ഐസ്‌ലന്‍ഡുകാര്‍ കുറവാണ്. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ ഇവര്‍ സ്ഥിരമായി ഇത്തരം വീടുകളില്‍ ആയിരുന്നത്രെ താമസം. ഇന്ന് ടര്‍ഫ് ഹൗസുകള്‍ ഇവരുടെ വേനല്‍ കാലവസതികള്‍ ആയാണ് കൂടുതലും ഉപയോഗിക്കുക. ഇന്ന് പുതിയ തലമുറയിലെ വീടുകള്‍ മിക്കതും കോൺക്രീറ്റ് കൊണ്ടാണ് ഇവർ നിര്‍മ്മിക്കുന്നത്. ഇന്ന് പഴയ കാലത്തെ പല ടര്‍ഫ് ഹൗസുകളും ഐസ്‌ലൻഡ് നാഷണല്‍ മ്യൂസിയത്തിന്റെ മേല്‍നോട്ടത്തിലാണ്. 871 ബിസിയില്‍ തന്നെ ഐസ്‌ലന്‍ഡുകാര്‍ ടര്‍ഫ് ഹൗസുകള്‍ നിര്‍മിച്ചിരുന്നു എന്നാണ് കരുതപ്പെടുന്നത്.
English Summary- Turf Houses in Iceland