ADVERTISEMENT

അരലക്ഷത്തിൽ പരം ആളുകളുടെ ജീവനെടുത്ത തുർക്കി ഭൂകമ്പം ലോകം ഈ അടുത്ത് കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ്. ഭൂചലനത്തെ തുടർന്ന് തുർക്കിയുടെ പല ഭാഗങ്ങളും നാമാവശേഷമായി. എന്നാൽ ചുറ്റുമുള്ള പ്രദേശങ്ങളെല്ലാം തകർന്നടിഞ്ഞപ്പോഴും  ഭൂകമ്പത്തിൽ കുലുങ്ങാതെ പിടിച്ചുനിന്ന ഒരു നഗരമുണ്ട് തുർക്കിയിൽ. എർസിൻ എന്ന ഈ നഗരത്തിൽ ഭൂകമ്പത്തെ തുടർന്ന് ഒരു മരണം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതുമാത്രമല്ല നഗരത്തിലെ ഒരു കെട്ടിടം പോലും ഭൂകമ്പത്തിൽ നിലം പതിച്ചതുമില്ല.

തുർക്കിയുടെ തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഹതായി പ്രവിശ്യയിലാണ് ഈ ചെറുനഗരമുള്ളത്. സമീപപ്രദേശങ്ങളിലുള്ളവർ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്നും മുക്തരാകാതെ കഴിയുമ്പോൾ സുരക്ഷിതരായി സ്വാഭാവിക ജീവിതം നയിക്കുകയാണ് ഈ നഗരത്തിലെ ജനങ്ങൾ. ഇത്രയും വലിയ ദുരന്തം ഉണ്ടായിട്ടും അത് ഈ പ്രദേശത്തെ സാരമായി ബാധിക്കാത്തതിന് ഒറ്റ കാരണമേയുള്ളൂ. നിർമ്മാണവുമായി ബന്ധപ്പെട്ട നിയമങ്ങളെല്ലാം കൃത്യമായി പാലിച്ചുകൊണ്ടാണ് ഇവിടുത്തെ ഓരോ കെട്ടിടങ്ങളും നിർമ്മിച്ചിരിക്കുന്നത് എന്നതാണത്.

ഭൂകമ്പം നടക്കുന്ന സമയത്ത് എർസിൻ നഗരത്തിൽ പല ആവശ്യങ്ങൾക്കായി എത്തിയിരുന്നതുകൊണ്ട് മാത്രം ജീവൻ രക്ഷപ്പെട്ട ധാരാളം ആളുകളുണ്ട്. സ്വന്തം വീട് കുന്നുകൂടി കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ എവിടെയായിരുന്നു എന്ന് പോലും തിരിച്ചറിയാനാവാത്ത ഇവർ എർസിനിൽ തന്നെ തുടരുകയാണ്. ഭൂകമ്പത്തിനുശേഷം നഗരത്തിലെ ജനസംഖ്യ 50 ശതമാനത്തിലധികം വർദ്ധിച്ചതായാണ് കണക്കുകൾ. ഇരുപതിനായിരത്തോളം ആളുകളാണ് അപകടശേഷം ഇവിടേക്ക് കുടിയേറിയത്.

ഭൂകമ്പ സാധ്യതയുള്ള മേഖലയാണെന്ന് അറിയാമായിരുന്നതിനാൽ  നഗരഭരണകൂടം ഇന്നോളം കെട്ടിട നിർമ്മാണത്തിൽ നിയമലംഘനങ്ങൾ നടത്താൻ അനുവദിച്ചിരുന്നില്ല. കൃത്യമായി നടക്കുന്ന പരിശോധനകളിൽ ഏതെങ്കിലും കെട്ടിടം നിർമ്മാണ മാനദണ്ഡങ്ങൾ പിന്തുടരുന്നില്ല എന്ന് കണ്ടെത്തിയാൽ അവ പൊളിച്ചു നീക്കുകയാണ് പതിവ്. എന്നാൽ ഈ നയത്തോട് വിയോജിപ്പുള്ളവർ പ്രദേശത്തുതന്നെ ഏറെയായിരുന്നു താനും. കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നതിനെതിരെ വിമർശനങ്ങൾ ഉയർന്നപ്പോഴും കനത്ത ഭൂകമ്പത്തെ പ്രതീക്ഷിച്ചിരുന്നതു പോലെ നയങ്ങളിൽ മാറ്റം വരുത്താൻ ഭരണകൂടം തയ്യാറായിരുന്നില്ല. 

എന്നാൽ എന്തുകൊണ്ടാണ് ദുരന്തബാധിത മേഖലയിലെ മറ്റു മുൻസിപ്പാലിറ്റികൾ നടപടികൾ ഇത്തരത്തിൽ ശക്തമാക്കാതിരുന്നത് എന്നത് വ്യക്തമല്ല. പ്രാദേശിക രാഷ്ട്രീയ നേതാക്കളും കരാറുകാരുമെല്ലാം ചേർന്നുള്ള ഒത്തുകളിയാവാം ഇതിനു പിന്നിലെ കാരണമെന്നാണ് നിഗമനം. എർസിൻ പോലെ മറ്റു മുനിസിപ്പാലിറ്റികൾ കെട്ടിട നിർമ്മാണ നിയമങ്ങൾ കൃത്യമായി പാലിച്ചിരുന്നെങ്കിൽ ദുരന്തത്തിന്റെ വ്യാപ്തി ഇത്രത്തോളം  ഉണ്ടാകുമായിരുന്നില്ല എന്നതാണ് ഇപ്പോൾ ഉയരുന്ന പൊതുവികാരം.

സാധാരണയിലധികം ഉയരമുള്ള കെട്ടിടങ്ങൾ എർസിനിൽ ഇല്ല എന്നതാണ് ദുരന്തം ബാധിക്കാതെ പോയതിനുള്ള മറ്റൊരു കാരണം. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്നും ഏകദേശം 70 മൈലുകൾ അകലെയാണ് നഗരം സ്ഥിതി ചെയ്യുന്നത്. എന്നാൽ എർസിനിൽനിന്നും 12 മൈലുകൾ അകലെ മാത്രമുള്ള നഗരങ്ങളിലെ പോലും കെട്ടിടങ്ങൾ പൂർണമായി തകർന്നടിഞ്ഞ നിലയിലാണ്. എന്നാൽ കെട്ടിടങ്ങൾക്ക് ചെറിയ രീതിയിൽ കേടുപാടുകൾ ഉണ്ടായതൊഴിച്ചാൽ ഭൂകമ്പത്തിൽ നിന്ന് ഏതാണ്ട് പൂർണമായി രക്ഷപ്പെട്ട നിലയിലാണ് എർസിൻ നഗരം. റോഡുകളെല്ലാം അതേപടി നിലനിൽക്കുന്നതിനാൽ ദുരന്തബാധിത മേഖലയിലെ ജനങ്ങൾക്ക് സഹായം എത്തിക്കാനുള്ള കേന്ദ്രമായാണ്‌ നിലവിൽ എർസിൻ  പ്രവർത്തിക്കുന്നത്.

English Summary- Erzin City Withstand Turkey Earthquake Reason

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com