ADVERTISEMENT

വീടു നിർമിച്ചു കഴിഞ്ഞാണ് വീടിന്റെ സൗന്ദര്യവൽക്കരണത്തെക്കുറിച്ച് വീട്ടുടമ ശ്രദ്ധാലുവാകുന്നത്. മൊത്തം നിർമാണച്ചെലവിന്റെ 10 ശതമാനത്തോളം  ഇതിനു ചെലവാകുന്നു. പെയിന്റിങ് പോലെ തന്നെ പണം ചെലവഴിക്കപ്പെടുന്ന മേഖലയാണിത്. വീടിന്റെ അകത്തളം ഒന്നിനൊന്നു വ്യത്യസ്തമാക്കുന്നതിൽ ജിപ്സം ബോർഡ്കൊണ്ടുള്ള ഫോൾസ് സീലിങ് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. 

യഥാർഥ മേൽക്കൂരയ്ക്കു കീഴെ മറ്റൊരു മേൽക്കൂര എന്ന സങ്കൽപമാണ് ഫോൾസ് സീലിങ്. വീടിന്റെ ഭംഗി വർധിപ്പിക്കുക, ചോർച്ച തടയുക, ചൂടു കുറയ്ക്കുക തുടങ്ങി അനവധി പ്രയോജനങ്ങളാണ് ഇതിനു പിന്നിലുള്ളത്. കോൺക്രീറ്റ് വീടുകൾ വന്നതോടെ മച്ചിന്റെ പ്രാധാന്യം നഷ്ടപ്പെട്ടിരുന്നു. നഷ്ടപ്പെട്ട മച്ചുകളുടെ ഒരുവിധത്തിലുള്ള തിരിച്ചുവരവാണ് ഫോൾസ് സീലിങ്ങുകൾ.

colonial-home-false-ceiling

മച്ചുകൾ നിർമിക്കാൻ ഉപയോഗിച്ചിരുന്നത് തടിയാണെങ്കിൽ ഫോൾസ് സീലിങ് നിർമിക്കുവാൻ ഉപയോഗിക്കുന്നത് ജിപ്സം ബോർഡുകളാണ്. റോക്ക് സാൻഡ്, ഫൈബർ സിമന്റ് തുടങ്ങിയ മെറ്റീരിയലുകൾ ഇതിനായി തിരഞ്ഞെടുക്കുന്നു. ഏകദേശം ഇരുപത്തഞ്ചു വർഷങ്ങൾക്കു മുൻപാണ് ഫോൾസ് സീലിങ് വിപണി പിടിക്കുന്നത്. എന്നാൽ തുടക്കത്തിൽ ആഡംബര കെട്ടിടങ്ങളുടെ മാത്രം ഭാഗമായിരുന്നു ഫോൾസ് സീലിങ്ങുകൾ. ഹോട്ടലുകൾ, ആശുപത്രികൾ  തുടങ്ങിയ ഇടങ്ങളിൽ മാത്രമായി ഇത് ഒതുങ്ങിനിന്നു. എന്നാൽ 2005 ഓടു കൂടി ഫോൾസ് സീലിങ് ഇടത്തരം വീടുകളിൽ പോലും വ്യാപകമായി. കാത്സ്യം സിലിക്കേറ്റ് ബോർഡ്, ഫൈബർ സിമന്റ് ബോർഡ്, വി ബോർഡ്, ഗ്രീൻ ബോർഡ് തുടങ്ങി വിവിധ മെറ്റീരിയലുകളും ഇന്നു ഫോൾസ് സീലിങ് നിർമാണത്തിനായി ഉപയോഗിക്കുന്നു. വെളുത്ത മേൽക്കൂരയ്ക്കു കീഴെ പല നിറത്തിൽ, ആകൃതിയിൽ ഫോൾസ് സീലിങ് പ്രത്യക്ഷപ്പെടുന്നു. ജിപ്സത്തിനൊപ്പം ഗ്ലാസ്, തടി, വെനീർ, മെറ്റൽ എന്നിവ ചേർത്തുള്ള കോമ്പിനേഷനുകളും പ്രാബല്യത്തിലുണ്ട്. 

false-ceiling-house

ഫോൾസ് സീലിങ് പലവിധം വീടിനു മോടി കൂട്ടുക എന്നതാണ് ഇപ്പോൾ പ്രധാനമായും ഫോൾസ് സീലിങ്ങിന്റെ ഉദ്ദേശ്യം. വിപണിയിൽ ഇന്ന് ഫോൾസ് സീലിങ് നിർമാണത്തിനായി പലതരം മെറ്റീരിയലുകളും രീതികളും ലഭ്യമാണ്. സസ്പെൻഡഡ് സീലിങ് സിസ്റ്റം, ഗ്രിഡ് സീലിങ് സിസ്റ്റം എന്നിങ്ങനെ രണ്ടു രീതിയിൽ ഫോൾസ് സീലിങ് നിർമിക്കാം. സീലിങ്ങിൽനിന്നു തൂങ്ങി നിൽക്കുന്നതോ അല്ലെങ്കിൽ ഭിത്തികളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടു നൽകുന്നതോ ആയ ഫ്രെയിമുകളിലും പാനലുകളിലുമാണ് ഫോൾസ് സീലിങ് ഉറപ്പിക്കുന്നത്. സീലിങ്ങിനും ഫോൾസ് സീലിങ്ങിനും ഇടയിൽ കുറഞ്ഞത് ഏഴര–എട്ടു സെ.മീ. അകലം വേണം. ചുവരിൽ തൂങ്ങിനിൽക്കുന്ന രീതിയിൽ അലുമിനിയം ചാനൽകൊണ്ടുള്ള ഫ്രെയിം പിടിപ്പിച്ച് അതിൽ ഫോൾസ് സീലിങ് ഉറപ്പിക്കുന്ന രീതിയാണ് കൂടുതലും നിലവിലുള്ളത്. 

മോടിയോടെ ലൈറ്റിങ് 

false-ceiling-home

കെട്ടിടത്തിന്റെ ഭംഗി വർധിപ്പിക്കുന്നതിനു പ്രാധാന്യം നൽകിയാണ് ഫോൾസ് സീലിങ് പ്രധാനമായും ഉപയോഗിക്കുന്നത്. ഭംഗി വർധിപ്പിക്കുന്നതിന്റെ ഭാഗമായിത്തന്നെ ലൈറ്റിങ് ആകർഷകമാക്കാൻ ഇതു സഹായിക്കുന്നു. പാനലുകൾ നിർമിച്ച് അതിന്റെ ഭാഗമായി തീർത്ത സീലിങ്ങിനുള്ളിൽ വിവിധതരം ലൈറ്റുകൾ ഘടിപ്പിക്കുന്നു. ഏറെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണിത്. ആവശ്യമെങ്കിൽ ഇലക്ട്രിക് വയറുകൾ, ടെലിവിഷൻ, ടെലിഫോൺ തുടങ്ങിയവയുടെ കേബിളുകൾ ചുവരിലൂടെ നൽകുന്നത് ഒഴിവാക്കി ഫോൾസ് സീലിങ്ങിനുള്ളിൽ നൽകാം. ഇതു വീടിന്റെ ഭംഗി ഇരട്ടിയാക്കുന്നു. മാത്രമല്ല, വയറിങ്ങിന്റെ സംരക്ഷണത്തിനും ഇതു തന്നെയാണു മികച്ച മാർഗം. ചോർച്ച തടയാനും ചൂടു കുറയ്ക്കാനും സഹായിക്കുന്നു എന്നതിനാലാണ് പലരും ഫോൾസ് സീലിങ് തിരഞ്ഞെടുക്കുന്നത്. കാലാകാലത്തോളം നിലനിൽക്കും എന്ന വ്യവസ്ഥയിലാണ് ഫോൾസ് സീലിങ് ചെയ്യുന്നത്. ശരാശരി ചതുരശ്ര അടിക്ക് 55 രൂപയാണു നിരക്ക്. 8x4, 6x4 അടി അളവിലുള്ള ഷീറ്റായാണ് ജിപ്സം ലഭിക്കുന്നത്. ഇത് സ്ക്രൂ ചെയ്തു ഫ്രെയിമിൽ ഉറപ്പിച്ച ശേഷം ആകൃതി വരുത്തി പെയിന്റ് ചെയ്യുകയാണു പതിവ്. ജിപ്സം ബോർഡിന്റെ ഗുണനിലവാരം അനുസരിച്ച് ഡിസൈനുകളും വ്യത്യാസപ്പെടും. പച്ച, നീല, മഞ്ഞ, ഓറഞ്ച് തുടങ്ങി ഏതു നിറങ്ങൾ വേണമെങ്കിലും സീലിങ്ങിനു  നൽകാം. 

ശ്രദ്ധ വേണം, പരിചരണവും 

false-ceiling-interior

കാഴ്ചയിൽ കേമൻ, വീടിന്റെ ഭംഗിതന്നെ മാറ്റിക്കളയും, സ്ഥലസൗകര്യവും ലക്‌ഷ്വറിയും തോന്നിപ്പിക്കും. എല്ലാം ശരിതന്നെ. എന്നുകരുതി ജിപ്സംകൊണ്ടുള്ള ഫോൾസ് സീലിങ്ങിന് പോരായ്മകളില്ലെന്നു കരുതേണ്ട. അഴുക്ക്, പൊടി എന്നിവ പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. വൃത്തിയാക്കുക എന്നത് ഏറെ ശ്രമകരമായി മാറുകയും ചെയ്യും. പാറ്റ, പല്ലി, എലി മുതലായ ജീവികൾ കടക്കാനുള്ള സാധ്യത അവയിൽ ചിലതാണ്.  ഫോൾസ് സീലിങ് ഘടിപ്പിക്കുന്നത് എസിയുടെ ഉപയോഗം കുറയ്ക്കും. മേൽക്കൂരയ്ക്കും ഫോൾസ് സീലിങ്ങിനും ഇടയിലുള്ള ‘വാക്വം സ്പേസ്’ ചൂടു കുറയ്ക്കാൻ  സഹായിക്കുന്നതാണ്.

ഫോൾസ് സീലിങ് ഒരു നിർബന്ധമല്ല. ബജറ്റ് അനുവദിക്കുന്നില്ലെങ്കിൽ ഒഴിവാക്കാവുന്നതേയുള്ളൂ. മുറിയിലെ ലൈറ്റുകൾ പരമാവധി ഫോൾസ് സീലിങ്ങിൽ നൽകുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. ഇരുനില വീടുകൾ, ക്ലബ്ബുകൾ, ഫ്ലാറ്റുകൾ, വില്ലകൾ തുടങ്ങി എല്ലായിടങ്ങളിലും ഇന്നു ഫോൾസ് സീലിങ് വളരെ സാധാരണമായ ഒരാവശ്യമായി മാറിയിരിക്കുകയാണ്. 

വ്യത്യസ്തമായ ഡിസൈനുകൾ ഇതിൽ പരീക്ഷിക്കാൻ കഴിയും. ഡയഗനൽ, സെമി ഡയഗനൽ, ഹാങ്ങിങ് തുടങ്ങിയ ഡിസൈനുകൾ ഇപ്പോൾ ട്രെൻഡാണ്. എക്സ്ട്രൂഡന്റ് പോളിസ്റ്ററൈൻ, റെഡിമെയ്ഡ് ഡെക്കറേറ്റിവ് സീലിങ് പാനൽ, ആർട്ടിഫിഷ്യൽ സ്റ്റോൺ ഷീറ്റ്, പിവിസി, കാത്സ്യം സിലിക്കേറ്റ് ബോർഡ് എന്നിവയൊക്കെ ജിപ്സത്തിനൊപ്പം സീലിങ് മെറ്റീരിയലുകളായി ഉപയോഗിച്ചുവരുന്നു. കാത്സ്യം സിലിക്കേറ്റ് ബോർഡ് ഉപയോഗിച്ചാൽ നനവു തട്ടി കേടാകാനുള്ള സാധ്യത കുറവാണ്. ഫൈബർ സിമന്റ് ബോർഡ് ഉപയോഗിച്ചാൽ ഈർപ്പം, ചിതൽ, എന്നിവ ബാധിക്കാനും അഗ്നിബാധയ്ക്കുമുള്ള സാധ്യത കുറയും.

 

ഭിത്തിയൊരുക്കാനും ജിപ്സം 

ഫോൾസ് സീലിങ്ങുകൾ ഒരുക്കുക എന്നതു മാത്രമല്ല ജിപ്സത്തിന്റെ ഉപയോഗം. ഭിത്തി തേക്കുന്നതിനു പകരം ജിപ്സംകൊണ്ടു പ്ലാസ്റ്റർ ചെയ്യുന്നു. ഇതിലൂടെ ചെലവ് ഗണ്യമായ രീതിയിൽ കുറയ്ക്കാനാകും. മണലിന്റെയും സിമന്റിന്റെയും ഉയർന്ന വില, കൂലിച്ചെലവ് ഇവയെല്ലാം ലാഭിക്കാൻ ജിപ്സം പ്ലാസ്റ്ററിങ് സഹായിക്കും. ഇതുകൊണ്ടൊക്കെത്തന്നെ തീർത്തും പ്രകൃതിസൗഹാർദവും ഗ്രീൻ എനർജി ഉൽപന്നവുമായ ജിപ്‌സം കൊണ്ടുള്ള പ്ലാസ്റ്ററിങ് ഇന്നു കേരളത്തിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. വെട്ടു

കല്ല്, ഇഷ്ടിക, ഇന്റർലോക്ക്, ഹോളോ ബ്രിക്‌സ് തുടങ്ങി ഏതു തരം ഭിത്തിയും അനായാസം ജിപ്‌സം പ്ലാസ്റ്ററിങ് ചെയ്യാവുന്നതാണ്. അതായത്, സിമന്റ് പ്ലാസ്റ്ററിങ് തോൽക്കുന്ന ഇടങ്ങളിൽപോലും എളുപ്പത്തിൽ വിജയിക്കാൻ ഇതിനാകും. ജിപ്‌സം പ്ലാസ്റ്ററിങ് ചെയ്ത ഭിത്തികൾക്ക് സിമന്റ് പ്ലാസ്റ്ററിങ്ങിനെ അപേക്ഷിച്ച് അപാരമായ ഫിനിഷിങ് ഉണ്ടാകും. അതിനാൽ പുട്ടി ഉപയോഗിക്കാതെ തന്നെ പെയിന്റ് ചെയ്യാം.അകത്തളങ്ങളിൽ സിമന്റിനെക്കാൾ ചൂടും കുറവായിരിക്കും. ജിപ്‌സത്തിൽ വളരെ ഉയർന്ന തോതിൽ ക്രിസ്റ്റൽ വാട്ടർ അടങ്ങിയിരിക്കുന്നു. അതിനാൽ തീപിടിക്കാൻ സാധ്യത കുറവ്. സ്‌ക്വയർ ഫീറ്റിന് ഏകദേശം 38 രൂപയാണ് ജിപ്‌സം പ്ലാസ്റ്ററിങ്ങിനു  ചെലവ്. ഇതിനു പുറമേ മുറികൾക്കിടയ്ക്ക് ഭിത്തി നിർമിക്കാനും ജിപ്സം ബോർഡുകൾ ഉപയോഗിക്കുന്നു. ‌

 

കടപ്പാട് 

അഭിലാഷ് എൻസി

ആരാധ്യ ഡെക്കർ, പാലാരിവട്ടം 

English Summary- False Ceiling for Home, Benefits, Interior Design Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com