വീടിനുള്ളിൽ അക്വേറിയമുണ്ടോ? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
Mail This Article
അകത്തളങ്ങൾക്ക് മോടികൂട്ടാൻ അക്വേറിയങ്ങൾ ഉൾപ്പെടുത്തുന്നത് ഇപ്പോൾ സർവസാധാരണമാണ്. അക്വേറിയത്തിൽ ഇടുന്ന പ്രത്യേകതരം മീനുകളെപോലെ വ്യത്യസ്ത ആകൃതിയിലും വലുപ്പത്തിലുമൊക്കെയുള്ള അക്വേറിയങ്ങൾ സുലഭമാണ്. എന്നാൽ ഇത്തരത്തിൽ മീനുകളെ വളർത്തുന്നവരിൽ വലിയ ഒരു വിഭാഗത്തിനും അക്വേറിയം എങ്ങനെ പരിപാലിക്കണമെന്നതിനെക്കുറിച്ച് കൃത്യമായി അറിവുണ്ടാകാറില്ല. മീനുകൾക്കുള്ള തീറ്റയിലെ കൂടുതലും കുറവുമൊക്കെ മൂലം അവ ചത്തു പൊന്തുന്നത് സ്ഥിരം കാഴ്ചയാണ്. അക്വേറിയം കൃത്യമായി കാത്തുസൂക്ഷിക്കേണ്ടത് എങ്ങനെയാണെന്ന് നോക്കാം.
കൃത്യമായ സ്ഥലത്ത് സ്ഥാപിക്കണം
അകത്തളത്തിലെ ഫർണിച്ചറുകളുടെ സൗകര്യമനുസരിച്ച് എവിടെയെങ്കിലും സ്ഥാപിക്കാവുന്ന ഒന്നല്ല അക്വേറിയം. ദിവസം ഒരുമണിക്കൂർ മിതമായ വെയിൽ ലഭിക്കത്തക്കവണ്ണമുള്ള ഏതെങ്കിലും ഒരു സ്ഥലം തിരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം. അക്വേറിയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ജല സസ്യങ്ങൾക്ക് പ്രകാശസംശ്ലേഷണം നടത്താനാവുന്ന വിധത്തിൽ ലൈറ്റിങ് ക്രമീകരണങ്ങളും നൽകാം.
വലുപ്പത്തിലുമുണ്ട് കാര്യം
മീനുകളുടെ എണ്ണത്തിനനുസരിച്ച് കൃത്യമായ അക്വേറിയം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. സ്ഥലപരിമിതിയുള്ള അക്വേറിയത്തിൽ കൂടുതൽ മീനുകളെ ഇടുന്നത് അവയ്ക്ക് ദോഷകരമാണ്. എത്ര മീനുകളെ ഉൾപ്പെടുത്താനാണോ തീരുമാനിച്ചിരിക്കുന്നത് അതിന് ആനുപാതികമായ സൗകര്യമുള്ള അക്വേറിയം തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഉയരം കുറഞ്ഞവയും വീതികൂടിയവയുമായ അക്വേറിയങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.
ടാങ്കിന്റെ പരിപാലനം
പുതിയതായി വാങ്ങുന്ന ടാങ്കുകൾ ഉപയോഗിക്കുന്നതിനു മുൻപ് ഒരു ശതമാനം വീര്യമുള്ള പൊട്ടാസ്യം പെർമാംഗനേറ്റ് ലായിനി ഉപയോഗിച്ച് കഴുകുന്നത് ഗുണം ചെയ്യും. ടാങ്കിനുള്ളിൽ മുൻവശത്തേക്ക് അല്പം ചരിവുള്ള രീതിയിൽ വെള്ളമണൽ വിരിക്കുന്നത് അക്വേറിയത്തിന്റെ ഭംഗി വർദ്ധിപ്പിക്കുന്നതിനും അഴുക്ക് നീക്കാനും സഹായിക്കും.
വെള്ളത്തിന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം
അക്വേറിയത്തിൽ ഉപയോഗിക്കുന്ന വെള്ളം തികച്ചും ശുദ്ധമായിരിക്കണം. മഴവെള്ളം ശേഖരിച്ച് ടാങ്കിലൊഴിക്കാനാകുമെങ്കിൽ അതാണ് ഏറ്റവും ഉചിതം. ക്ലോറിൻ കലർന്ന പൈപ്പുവെള്ളം മാത്രമാണ് ലഭ്യമായതെങ്കിൽ അത് പാത്രത്തിൽ ശേഖരിച്ച ശേഷം രണ്ടോ മൂന്നോ ദിവസം തുറന്നുവച്ചാൽ ക്ലോറിൻ ഒഴിവാക്കുവാൻ സാധിക്കും. പിന്നീട് ഈ വെള്ളം ടാങ്കിൽ ഒഴിക്കാവുന്നതാണ്.
ഇടയ്ക്കിടെ ടാങ്കിനുള്ളിലെ വെള്ളം മാറ്റികൊണ്ടിരിക്കണം എന്നതാണ് പൊതുധാരണ. മൂന്നു മുതൽ ആറു ദിവസംവരെ വെള്ളം മാറ്റാതെ തന്നെ സൂക്ഷിക്കാം. ടാങ്ക് ആഴ്ചയിൽ ഒരിക്കൽ മാത്രം വൃത്തിയാക്കിയാൽ മതിയാകും. ചില്ലുകളിൽ പോറൽ വരാതിരിക്കാൻ വൃത്തിയാക്കുമ്പോൾ സ്പോഞ്ച് ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
മീനുകളുടെ കാര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മീനുകളെ കൊണ്ടുവരുന്ന പോളിത്തീൻ കവർ അൽപ സമയം വെള്ളത്തിൽ അതേപടി ഇറക്കിവച്ചതിനു ശേഷം മാത്രം മീനുകളെ വെള്ളത്തിലേക്ക് തുറന്നുവിടുക. പെട്ടെന്നുണ്ടാകുന്ന താപനിലയിലെ വ്യതിയാനത്തിൽ അവ ചത്തു പോകാൻ സാധ്യതയുള്ളതിനാലാണ് ഇത്. വെള്ളത്തിനുള്ളിലേക്ക് കൈ ഇടുന്നതിനു മുൻപ് കൈകൾ കൃത്യമായി ശുചിയാക്കിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക.
മീനുകൾക്ക് ഒരു നേരം മാത്രം ഭക്ഷണം കൊടുത്താൽ മതിയാവും. കൊടുക്കുന്ന തീറ്റ അമിതമായാൽ അത് അക്വേറിയത്തിൽ അവശേഷിച്ച് വെള്ളം പെട്ടെന്ന് മലിനമാകുന്നതിന് കാരണമാകും.
English Summary- Home Aquarium Maintenance Things to Know