ബാത്ത്റൂമിലെ ദുർഗന്ധം; എളുപ്പത്തിൽ പരിഹാരമുണ്ട്
Mail This Article
ടിവിയിലെ പരസ്യത്തില്‍ പറയുന്ന പോലെ കീടാണുക്കളുടെ പ്രിയപ്പെട്ട താവളമാണ് ബാത്ത്റൂമുകള്‍. ബാത്ത്റൂമിലെ ദുര്‍ഗന്ധം ഏറ്റവും കൂടുതല്‍ വിഷമിപ്പിക്കുന്നത് വീട്ടില്‍ അതിഥികൾ വരുന്ന വേളയിലാണ്. എത്രയൊക്കെ വീട് വൃത്തിയാക്കിയാലും ബാത്ത്റൂം ദുര്‍ഗന്ധം നിറഞ്ഞതാണെങ്കിൽ നിങ്ങളെ കുറിച്ചുള്ള സകലമതിപ്പും വിരുന്നുകാര്‍ക്ക് നഷ്ടമാകും.
ഇനി എത്രയൊക്കെ വൃത്തിയാക്കിയാലും പെട്ടെന്ന് വൃത്തികേടായി ദുർഗന്ധം ഉണ്ടാകാനിടയുള്ള സ്ഥലമാണ് ബാത്റൂം. സദാ ഈര്‍പ്പം നിലനില്‍ക്കുന്ന സ്ഥലം ആയതാണ് ബാത്ത്റൂമുകളിൽ കീടാണുക്കള്‍ പെരുകാന്‍ കാരണമാകുന്നത്. എങ്ങനെയാണ് ബാത്ത്റൂം കണ്ണാടി പോലെ വൃത്തിയാക്കി സൂക്ഷിക്കേണ്ടത്?
ബേക്കിങ് സോഡ - ബാത്ത്റൂം ദുര്‍ഗന്ധത്തിനുള്ള പരിഹാരമാണ് നമ്മുക്ക് സുലഭമായി ലഭിക്കുന്ന ബേക്കിങ് സോഡ എന്ന കാര്യം അറിയാമോ ? ബാത്ത്റൂമിലും ക്ലോസറ്റിലും ഒരിത്തിരി ബേക്കിങ് സോഡ വിതറിയ ശേഷം വെള്ളം ഒഴിച്ച് ഉരച്ചു കഴുകി നോക്കൂ. തറയും ക്ലോസറ്റും നന്നായി മിന്നിതിളങ്ങും. ആഴ്ചയില്‍ രണ്ടോ മൂന്നോ പ്രാവശ്യം ഇതാവര്‍ത്തിച്ചാല്‍ തന്നെ ബാത്ത്റൂംമില്‍ ദുര്‍ഗന്ധം തളംകെട്ടില്ല.
വിനാഗിരി - വിനാഗിരി അല്ലെങ്കില്‍ ആപ്പിള്‍ സിഡര്‍ വിനഗര്‍ വീട്ടിലുണ്ടോ? എന്നാല്‍ ബാത്ത്റൂമിലെ ദുര്‍ഗന്ധം പമ്പ കടക്കും. വിനാഗിരി പറ്റിപിടിച്ചിരിക്കുന്ന അഴുക്കിനെ നീക്കാനും സഹായിക്കും.
നാരങ്ങാനീര് - ഒരല്‍പം നാരങ്ങ പിഴിച്ചു ബാത്ത്റൂമില്‍ ഒഴിച്ച ശേഷം ഒന്ന് കഴുകി നോക്കൂ. അതും ചൂട് വെള്ളത്തില്‍ കലര്‍ത്തി ഒഴിച്ചാല്‍ നല്ല ഫലം ലഭിക്കും.
സുഗന്ധലായനികള്‍ - ഡെറ്റോള്‍, ഫിനോയില്‍ പോലെയുള്ള സുഗന്ധലായനികള്‍ കൊണ്ട് ബാത്ത്റൂം ദിവസവും കഴുകുന്നത് ഗുണം ചെയ്യും. ടോയ്‍ലെറ്റ് സീറ്റ്, ബാത്ത്റൂമിലെ ടൈലുകള്‍ എന്നിവ ലാവെണ്ടര്‍ ഓയില്‍ ഉപയോഗിച്ച് വൃത്തിയാക്കാം. ഇത് ദിവസം മുഴുവന്‍ ബാത്ത്റൂമില്‍ സുഗന്ധം തങ്ങി നില്‍ക്കാന്‍ സഹായിക്കും.
ഇതിനെല്ലാം പുറമേ ചെയ്യാവുന്ന ചില കാര്യങ്ങള്‍ ആണ് ബാത്ത്റൂമില്‍ എക്സോസ്റ്റ് ഫാന്‍ ഘടിപ്പിക്കുക എന്നത്. ഇത് ഉള്ളിലെ വായുവിനെ പുറത്തുകടത്തും. അതുപോലെ ഉപയോഗിക്കാത്ത സമയത്ത് ക്ലോസറ്റ് സീറ്റ് അടച്ചു വയ്ക്കാനും ശ്രദ്ധിക്കുക. ഒരിക്കലും മാലിന്യങ്ങള്‍ ബാത്ത്റൂമില്‍ നിക്ഷേപിക്കരുത്. വെള്ളം തളംകെട്ടി നില്‍ക്കുന്ന ബാത്ത്റൂമുകളില്‍ ദുര്‍ഗന്ധം കൂടാനുള്ള സാധ്യതയുണ്ട്.
English Summary- Remove Bad Odour From Bathrooms; Home Tips