ഈച്ചയെ വീട്ടിൽനിന്ന് പറപറത്താം; ഇവ പരീക്ഷിക്കൂ
Mail This Article
പാറ്റ കഴിഞ്ഞാൽ വീട്ടമ്മമാർക്ക് ഏറ്റവും തലവേദന ഉണ്ടാക്കുന്ന പ്രാണിയാണ് ഈച്ച. എന്നാൽ രോഗങ്ങൾ പരത്തുന്ന കാര്യത്തിൽ പാറ്റയേക്കാൾ മുൻപനാണ് ഇവൻ. പലമാരകരോഗങ്ങളും പടര്‍ന്നു പിടിക്കുന്നത് ഈച്ചകള്‍ വഴിയാണ്. കോളറ, വയറുകടി, ടൈഫോയ്ഡ്, അതിസാരം തുടങ്ങിയവയ്‌ക്കൊക്കെ ഈച്ച കാരണമാകും. എങ്ങനെയാണ് ഈച്ചയെ വീട്ടില്‍ നിന്നും പറപറത്തുന്നത്? അതിനുള്ള ചില പൊടികൈകള്‍ അറിയാം. 100 % ഫലപ്രാപ്തി പ്രതീക്ഷിക്കേണ്ടെങ്കിലും ഇവ പ്രയോജനപ്പെടും.
1. കര്‍പ്പൂരം
കര്‍പ്പൂരം കത്തിക്കുന്നത് ഈച്ചയെ ഒഴിവാക്കാന്‍ നല്ലതാണ്. ഇതിന്റെ പുകയടിച്ചാല്‍ ഈച്ച പമ്പകടക്കും. കുന്തിരിക്കവും നല്ലൊരു പരിഹാര മാര്‍ഗമാണ്. കര്‍പ്പൂരം കത്തിക്കുമ്പോഴുള്ള ഗന്ധം വേഗത്തില്‍ ഈച്ചകളെ അകറ്റും. കര്‍പ്പൂരം ചേര്‍ത്ത വെള്ളം കൊണ്ട് മേശയും മറ്റും തുടയ്ക്കുന്നതും നല്ലതാണ്.
2. ഓറഞ്ച്
ഓറഞ്ച് തൊലി ഈച്ചയെ ഓടിക്കും. ഓറഞ്ച് തൊലിയ്ക്കുമുകളില്‍ ഗ്രാമ്പൂ കുത്തിവച്ച് അടുക്കളയില്‍ പല സ്ഥലത്തു വച്ചാല്‍ ഈച്ച ശല്യം ഒരു പരിധി വരെ നിയന്ത്രിക്കാം.
3. തുളസി
ഔഷധ ഗുണങ്ങള്‍ മാത്രമല്ല, ഈച്ചകളെ തുരത്താനുള്ള കഴിവും തുളസിക്കുണ്ട്. തുളസിയുടെ ഇല നല്ലപോലെ കശക്കി പലയിടത്തു വയ്ക്കുന്നതും ഈച്ചയെ തുരത്താന്‍ നല്ലതാണ്.
4. ഈച്ചക്കെണി
ഈച്ചയെ ഓടിക്കാന്‍ പറ്റിയ ഒരു മാർഗമാണിത്. കുപ്പിയില്‍ ശര്‍ക്കരയോ പഞ്ചസാര ലായനിയോ അതുമല്ലെങ്കിൽ പഴം നല്ലപോലെ ഉടച്ചിളക്കി കുപ്പിയിലിട്ടു വെള്ളമൊഴിച്ചതോ പൈനാപ്പിളിട്ട് വെള്ളമൊഴിച്ചതോ ഉപയോഗിക്കാം.. ഇതെല്ലാം തന്നെ ഈച്ചകളെ ആകർഷിക്കുന്നവയാണ്. അതിനാൽ ഇതൊരു ഈച്ചക്കെണിയായി ഉപയോഗിക്കാവുന്നതാണ്.
5. സുഗന്ധദ്രവ്യങ്ങള്‍
കര്‍പ്പൂരതൈലം, യൂക്കാലിപ്റ്റസ്, പുതിന, ഇഞ്ചപ്പുല്ല് തുടങ്ങിയവയ്ക്ക് സുഗന്ധം മാത്രമല്ല ഈച്ചകളെ തുരത്താനുള്ള കഴിവുമുണ്ട്.
6. വിനാഗിരി
ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിച്ച് ഈച്ചകളെ വേഗത്തില്‍ അകറ്റാനാവും. അൽപം വിനെഗര്‍ ഒരു പാത്രത്തിലെടുത്ത്, ഈച്ചകള്‍ രക്ഷപെടാതിരിക്കാന്‍ അൽപം ലിക്വിഡ് ഡിറ്റര്‍ജന്‍റും അതില്‍ ചേര്‍ക്കുക. ഇതിന്‍റെ ഗന്ധം ഈച്ചകളെ ഇവയിലേക്ക് ആകര്‍ഷിച്ചു ഇല്ലാതാക്കും.