ADVERTISEMENT

സോഫ്റ്റ് ഫർണിഷിങ്ങാണ് വീടിന്റെ ആകര്‍ഷകത്വം കൂട്ടുന്നത്. വീടുപണി തുടങ്ങുമ്പോൾതന്നെ ഇതിനായി ഒരു തുക മാറ്റിവയ്ക്കുന്നതു നന്നായിരിക്കും.

∙ ചെറിയ മുറികൾക്ക് ബ്ലൈൻഡുകളും വലുപ്പം കൂടുതലുള്ള മുറികൾക്ക് കർട്ടനുമാണ് യോജിക്കുക. ചെറിയ ജനാലകൾക്കും ബ്ലൈൻഡുകൾ തന്നെയാണ് യോജിക്കുക.

കനം കുറഞ്ഞ വെൽവെറ്റ് തുണികൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ഇത് കർട്ടനും കുഷനും സോഫയ്ക്കുമെല്ലാം ഒരുപോലെ യോജിക്കും. വില അൽപം കൂടുതലാണ് എന്നുമാത്രം.

∙ മുറിക്ക് ലക്ഷ്വറി ലുക്ക് നൽകാൻ ഗോൾഡ്, സിൽവർ തുടങ്ങിയ നിറങ്ങൾ ചേരും. കുറഞ്ഞത് ഒരു കുഷനെങ്കിലും ഈ നിറത്തിൽ നൽകിയാൽ മതി.

∙ കറുപ്പ്, ക്രീം, റോയൽ ബ്ലൂ, കോഫി ബ്രൗൺ എന്നിങ്ങനെ ആഴം തോന്നുന്ന നിറങ്ങളെല്ലാം ഗോൾഡന്റെ ഷേഡുകൾക്കൊപ്പം ഉപയോഗിക്കാം.

∙ ഒരു കർട്ടൻ മാത്രമേ ഉള്ളുവെങ്കിൽ അതിന്റെ അടിഭാഗം കട്ടി കുറ‍ഞ്ഞ (sheer) തുണികൊണ്ട് നിർമിക്കുക. കർട്ടന്റെ അടിഭാഗത്തുകൂടി പ്രകാശം കയറും, അതേസമയം മുറിയിലേക്കുള്ള കാഴ്ച മറയുകയും ചെയ്യും.

∙ റഗ്, കാർപെറ്റ് എന്നിവ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഇടയ്ക്കിടയ്ക്ക് വാക്വം ക്ലീൻ ചെയ്ത് പൊടി ഒഴിവാക്കണം.

പൊതുവായ മുറികളിൽ ഇന്നർ/ ഔട്ടർ കർട്ടനുകളുടെ വേർതിരിവ് ആവശ്യമില്ല. കനം കുറഞ്ഞതു മതി.

∙ വിലകൂടിയ തുണി കൊണ്ട് കർട്ടൻ നിർമിക്കാൻ സാമ്പത്തികശേഷി അനുവദിക്കുന്നില്ലെങ്കിൽ രണ്ടുതരം കർട്ടനുകളുടെ കോംബിനേഷനാക്കുക. വിലകൂടിയ തുണി നടുവിലും വില കുറഞ്ഞ തുണി വശങ്ങളിലും നൽകി ബാലൻസ് ചെയ്യാം. മുറിക്ക് ലക്ഷ്വറി ലുക്ക് കിട്ടുകയും ചെയ്യും.

ബാത്റൂമിലെ ഐലിറ്റ് കർട്ടന്റെ വളയങ്ങൾ ലോഹം കൊണ്ടാണെങ്കിൽ തുരുമ്പു പിടിക്കാന്‍ സാധ്യതയുണ്ട്. പ്ലാസ്റ്റിക് വളയങ്ങള്‍ ആണ് നല്ലത്.

∙ ഇരിപ്പിടത്തിന്റെയായാലും കട്ടിലിന്റെയായാലും കാലിന്റെ ഉയരം കൂടുന്നതും കുറയുന്നതും അസൗകര്യമുണ്ടാക്കും. ഒന്നേകാൽ – ഒന്നര അടിയിൽ കൂടേണ്ട ഉയരം.

കട്ടിലിന്റെ അടിയിൽ സ്റ്റോറേജ് സംവിധാനമുള്ളതാണെങ്കിൽ വളരെ നല്ലത്. ഓരോ മുറിയിലേക്കുമുള്ള കിടക്കവിരികൾ, ബെഡ് സ്പ്രെഡുകൾ, കുഷനുകൾ, കർട്ടനുകൾ ഇവയെല്ലാം അതാതു മുറിയിലെ കട്ടിലിലെ സ്റ്റോറേജിനുള്ളിൽ അടുക്കി സൂക്ഷിക്കാം.

∙ ഉയർന്ന ബാക്കുള്ള കസേരകൾ ഇരിക്കാന്‍ കൂടുതൽ സുഖപ്രദമാണ്. ഇത്തരം കസേരകൾ വെറും ഇരിപ്പിടം എന്നതിലുപരി ഒരു കലാസൃഷ്ടിയായിക്കൂടി പരിഗണിക്കാം. ഏതെങ്കിലും ഒരു കോർണറോ ഫോയറോ കിടപ്പുമുറിയുടെ ഒരു ഭാഗമോ ഹൈലൈറ്റ് ചെയ്യാനും ഇത്തരം കസേരകൾ ഉപയോഗിക്കാം.

പ്രിന്റ് ഉള്ള വോള്‍പേപ്പറുകൾ മുറിക്ക് ക്ലാസിക് ലുക്ക് നൽകും. മുകളിൽ പെയിന്റ് ചെയ്ത് നിറം മാറ്റാവുന്ന വോൾപേപ്പറുകളും ഇപ്പോള്‍ വിപണിയിൽ ഉണ്ട്.

∙ സ്ഥിരമായി ആളുകൾ താമസിക്കാത്ത വീടുകളിൽ കര്‍ട്ടൻ ഇടുന്നതിനു പകരം ബ്ലൈൻഡുകളാണ് അനുയോജ്യം. കർട്ടനേക്കാൾ പരിചരണം കുറവുമതി ബ്ലൈൻഡിന്. പൊടി അടിയുന്നതും കുറവായിരിക്കും.

∙ പഴയ കസേരകളും സോഫകളും കളയേണ്ടതില്ല. പകരം അപ്ഹോൾസ്റ്ററി മാറ്റി പുതുക്കിയെടുക്കാം.

മൾട്ടിപർപ്പസ് സോഫകളാണ് ചെറിയ വീടുകൾക്കും വാടകയ്ക്കു താമസിക്കുന്നവർക്കും യോജിക്കുക. സോഫ ആവശ്യാനുസരണം കിടക്ക ആക്കി മാറ്റാമെന്നതാണ് ഗുണം.

English Summary:

Soft Furnishing Tips- Home Decor Guide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com