കിച്ചൻ ഡ്രെയിനേജ് പണി തരാതിരിക്കാൻ ഇവ ശ്രദ്ധിക്കുക
Mail This Article
അടുക്കളയിലെ വലിയ തലവേദനകളിലൊന്നാണ് കിച്ചൻ ഡ്രെയിനേജ് ബ്ലോക്കാകുന്നത്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇതൊഴിവാക്കാനാകും.
1. കിച്ചൻ ഡ്രെയിനിൽ എക്സ്ട്രാ ഫിൽട്ടർ (ഹാർഡ് വെയർ / സൂപ്പർ മാർക്കറ്റുകളിൽ ലഭിക്കും) കൂടി വയ്ക്കുന്നത് നല്ലതാണ്. മീൻമുള്ള്, കടുക് വരെ അതിലിരിക്കും. അതെടുത്ത് വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കാം. ഡ്രെയിൻ വൃത്തിയായിരിക്കും.
2. കഞ്ഞി വെള്ളം കഴിവതും സിങ്കിൽ ഒഴിക്കുന്നത് ഒഴിവാക്കുക (ഫ്ലാറ്റിൽ താമസിക്കുന്നവർ ധാരാളം വെള്ളം ചേർത്ത് നേർപ്പിച്ച് കളയുക അല്ലെങ്കിൽ വേറെ മാർഗങ്ങൾ തിരയുക).
3. വറുക്കാനുപയോഗിച്ച പാത്രങ്ങൾ, നെയ്യ്, വെണ്ണ എന്നിവ പുരണ്ട പാത്രങ്ങൾ, കിച്ചൻ ടിഷ്യൂ പേപ്പർ / ന്യൂസ് പേപ്പർ ഉപയോഗിച്ച് തുടച്ചെടുത്ത ശേഷം കഴുകുക.
4. വീടുകളിൽ മീൻ കഴിവതും പുറത്തുവച്ച് വൃത്തിയാക്കുക. മീൻകഴുകിയ വെള്ളം സിങ്കിൽ ഒഴിക്കുന്നത് ഒഴിവാക്കുക. (ഫ്ളാറ്റിൽ താമസിക്കുന്നവർ മീൻ വൃത്തിയാക്കിയത് വാങ്ങുകയോ / ബയോ ഡിഗ്രേഡബിൾ വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുകയോ ചെയ്യുക)
5. ഡ്രെയിനേജ് പിറ്റ് (കിച്ചൻ സിങ്കിലേക്ക് മാത്രമായി ഒരെണ്ണം ചെയ്യുക) കോൺക്രീറ്റാണെങ്കിൽ 4 അടി വ്യാസംX 2 അടി ഉയരം ഉള്ളതെങ്കിലും ഉപയോഗിക്കുക. പരപ്പ് കൂടുതലുണ്ടെങ്കിൽ വെള്ളം പുറത്തേക്ക് വലിഞ്ഞു പോകുന്നത് വേഗത്തിലാകും.
കിച്ചൻ സിങ്ക് ബ്ലോക്ക് ആയാൽ പരിഹാരമുണ്ട്...
ഏറ്റവും എളുപ്പമുള്ള വിദ്യ ചൂടുവെള്ളമാണ്. തിളച്ച വെള്ളം എടുത്തു ഘട്ടം ഘട്ടമായി ഓവിലേക്ക് ഒഴിച്ച് കൊടുക്കാം. ഇനി ഇതുകൊണ്ട് കാര്യമില്ലെങ്കിൽ അടുത്ത ആയുധം പുറത്തെടുക്കാം.
വെറ്റ് ആന്റ് ഡ്രൈ വാക്വം ഉപയോഗിച്ച് ഓവിലെ ബ്ലോക്ക് നീക്കം. വാക്വം കുഴലിൽ ഒരു പ്ലൻജർ ഹെഡ് (plunger head) ഘടിപ്പിച്ചശേഷം ഓവിന്റെ വായ്ഭാഗത്തുചേർത്ത് നന്നായി അടച്ചുപിടിക്കുക. അടഞ്ഞിരിക്കുന്ന വസ്തുക്കൾ ഇളകി വാക്വമിന്റെ സഞ്ചിയിലേക്ക് പോകുന്നതിനുവേണ്ടി അതിന്റെ പവർ പരമാവധി ക്രമീകരിക്കുക.