ഇനി ടോയ്‌ലറ്റ് സീറ്റിനോട് സംസാരിക്കാം! വില 1.77 ലക്ഷം രൂപ!
Mail This Article
കാലംമാറിയതോടെ വീട്ടിലെ മിക്കയിടങ്ങളും സ്മാർട്ടായി. പക്ഷേ അല്ലറചില്ലറ ഡിസൈൻ മാറ്റമൊഴിച്ചാൽ ടോയ്‌ലറ്റ് മാറ്റമില്ലാതെ തുടർന്നു. എന്നാൽ ഒരിക്കലും ചിന്തിക്കാത്ത സാങ്കേതികവിദ്യകളുമായി ഇപ്പോൾ ടോയ്‌ലറ്റും സ്മാർട്ടായി മാറുകയാണ്. ശബ്ദനിർദേശങ്ങൾ അനുസരിച്ച് കൃത്യമായി പ്രവർത്തിക്കാൻ കഴിയുന്ന ടോയ്‌ലറ്റ് സീറ്റാണ് പുതിയ താരം. ഏത് ടോയ്‌ലറ്റ് സീറ്റിനൊപ്പം ഘടിപ്പിക്കാവുന്ന ഈ ബിഡെ (bidet) സീറ്റിന് പ്യുവർവാഷ് ഇ 930 എന്നാണ് പേര്. യുഎസ് കമ്പനിയായ കൊലെറാണ് (Kohler) ഈ സ്മാർട്ട് ടോയ്‌ലറ്റിനുപിന്നിൽ.
ടോയ്‌ലറ്റിന് അരികിലേക്ക് ആളെത്തുമ്പോൾ സെൻസറുകൾ വഴി തിരിച്ചറിഞ്ഞ് സ്വയം തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നതിൽ തുടങ്ങുന്നു ഇതിന്റെ പ്രത്യേകതകൾ. അലക്സ-ഗൂഗിൾ അസിസ്റ്റൻഡ് സഹായത്തോടെ പ്യുവർവാഷ് ഇ 930 പ്രവർത്തിക്കും. ടോയ്‌ലറ്റ് സീറ്റിൽ ഇരുന്നശേഷം ഉപയോക്താക്കൾക്ക് കൈകളുടെ ഉപയോഗം പൂർണമായും ഒഴിവാക്കി നിർദ്ദേശങ്ങളിലൂടെ ടോയ്‌ലറ്റ് നിയന്ത്രിക്കാനാവും.
സീറ്റ് ഓണാക്കാനും ഓഫ് ചെയ്യാനും എയർ ഡ്രയർ പ്രവർത്തിപ്പിക്കാനുമൊക്കെ നിർദേശങ്ങൾ നൽകിയാൽ മതി.
ഉപയോഗിക്കുന്ന ജലത്തിന്റെ താപനിലയും പ്രഷറും ഉപയോക്താവിന്റെ ആവശ്യത്തിനനുസരിച്ച് പ്യുവർ വാഷ് ക്രമീകരിക്കും. സ്വയം ക്ലീൻ ചെയ്യാനായി ബിൽറ്റ്-ഇൻ യുവി ലൈറ്റ് ഉപയോഗിക്കുന്ന ഒരു മോഡ് പോലും ഇതിലുണ്ട്. സീറ്റ് അടയ്ക്കുകയോ തുറക്കുകയോ ചെയ്യുന്ന സമയത്ത് ശബ്ദം ഉണ്ടാവാതിരിക്കാനായി ക്വയറ്റ് ക്ലോസ് സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയിരിക്കുന്നു.
ഇനി ശബ്ദത്തിലൂടെ നിർദ്ദേശങ്ങൾ നൽകാൻ മടിയുണ്ടെങ്കിൽ അതിനും പരിഹാരമുണ്ട്. മാനുവലായി ടോയ്‌ലറ്റ് നിയന്ത്രിക്കാൻ റിമോട്ട് കൺട്രോൾ സംവിധാനവും ഉൾപ്പെടുത്തിയിരിക്കുന്നു. രാത്രിയിൽ ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോൾ അസൗകര്യം ഉണ്ടാകാതിരിക്കാനായി എൽഇഡി ലൈറ്റിങ്ങുണ്ട്. കൊച്ചുകുട്ടികൾ ഉപയോഗിക്കുന്ന സമയത്ത് വെള്ളത്തിന്റെ പ്രഷർ അധികമാകാതിരിക്കാൻ ചൈൽഡ് മോഡ് ഉൾപ്പെടുത്തിയിട്ടുണ്ട്.
2139 ഡോളറാണ് (1.77 ലക്ഷം രൂപ) പ്യുവർവാഷ് ഇ 930 യുടെ വില. എന്നാൽ അമേരിക്കയിൽ ഉള്ളവർക്ക് 1,289 ഡോളർ (1.06 ലക്ഷം രൂപ) നൽകി പ്രീ ഓർഡർ ചെയ്യാനുള്ള സൗകര്യമുണ്ട്.