വീട്ടിൽ ഏറ്റവുമധികം ഉപകാരപ്പെട്ട ഇടമേതാണ്? അനുഭവം
Mail This Article
വീടുപണിയെ കുറിച്ച് ചിന്തിച്ചു തുടങ്ങുമ്പോൾ പലർക്കും അറിയാൻ ആഗ്രഹമുള്ള ഒരു കാര്യം, പണി കഴിഞ്ഞു താമസിക്കുന്നവരുടെ വീടുകളിൽ ഏറ്റവും കൂടുതൽ ഉപകാരപ്പെട്ടതും അല്ലെങ്കിൽ ഉപയോഗിക്കുന്നതുമായ കാര്യം അല്ലെങ്കിൽ ഇടം ഏതാണ് എന്നുള്ളതാകും. ഇത് ഓരോ വീടുകളിലും വ്യത്യസ്ത ഏരിയകളും ആയിരിക്കും.
ഇനി എന്റെ അനുഭവം പറയാം. താമസമായിട്ട് ഏഴുവർഷത്തിലേറെയായി. മേൽപറഞ്ഞ ചോദ്യത്തിനുള്ള ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ ഒരുമിച്ചു കൊടുക്കാൻ സാധിക്കുന്നത്, കിച്ചനിൽ ഉള്ള ടേബിളിനും അനുബന്ധ ഏരിയയ്ക്കുമാണ്. ഇത്രയും ഉപകാരപ്പെടുന്ന വെറൊന്നും ഉണ്ടാകില്ല.
- രാവിലെ ബ്രേക്ക്ഫാസ്റ്റ് ടേബിളായി മാറുന്നു.
- പച്ചക്കറികൾ മുതലായ ഭക്ഷണത്തിനുള്ള സാധനങ്ങൾ ഒരുക്കുന്ന ഇടമായി മാറുന്നു.
- രണ്ടോ മൂന്നോ പേർ മാത്രമുള്ളപ്പോൾ ഇടയ്‌ക്കൊക്കെ ഇത് ഡൈനിങ് ടേബിളായി മാറുന്നു.
- ക്ളീൻ ആയി കുറച്ചുനേരം കിടന്നതിനുശേഷം വൈകുന്നേരം വീണ്ടും ചായ കുടിക്കാനുള്ള ഇടമായി മാറുന്നു.
- ഇടയ്‌ക്കൊക്കെ കുട്ടികൾ പഠിക്കുന്ന സമയത്ത്, അമ്മയുടെ സഹായം ആവശ്യമുണ്ടെങ്കിൽ ഇത് സ്റ്റഡി ടേബിളായും മാറുന്നു.
- കുശലം പറയാൻ വരുന്ന അയൽക്കാർ, ബന്ധുക്കൾ, കൂട്ടുകാർ ഇവരൊക്കെ വരുമ്പോൾ അടുക്കളയിലെ ജോലിക്ക് മുടക്കം വരാതെ തന്നെ ഇരിക്കാനുള്ള സ്ഥലമായി മാറുന്നു.
- കേക്ക് നിർമ്മാണം, കരകൗശല വസ്തുക്കൾ ഒക്കെ ഉണ്ടാക്കാനുള്ള യൂണിറ്റായി മാറുന്നു.
- കിച്ചൻ സ്ലാബ് ക്ളീൻ ചെയ്യുമ്പോൾ ഈ ടേബിൾ ശരിക്കും പ്രയോജനപ്രദമാകുന്നു.
- പ്രാർഥന, കുടുംബസമ്മേളനം പോലുള്ള ആവശ്യങ്ങൾ വരുമ്പോൾ അതിനുവേണ്ടിയുള്ള ടേബിളായി മാറുന്നു.
വീട്ടുകാരിക്ക് അടുക്കളയിൽ ഒറ്റപ്പെട്ട ഫീൽ ഉണ്ടാവാതെ ഇരിക്കാൻ സഹായിക്കുന്നു. ഇതിൽ ഏറ്റവും പ്രധാന കാര്യവും ഇതാണ്. ഓപ്പൺ കിച്ചൻ അല്ലെങ്കിൽ കൂടി അതിന്റെ എല്ലാ ഫീലും കിട്ടുന്നു.
English Summary- Most Useful Area in House- Experience