മുടക്കുന്ന കാശ് മുതലാകണം: വീടുകളിൽ 'ഷോ' അല്ല വേണ്ടത്, പ്രായോഗികത
Mail This Article
'എനിക്കെന്തു വേണം?' സ്വപ്നവീടിന്റെ നിർമിതിക്കായി ആർക്കിടെക്ടിനെയോ ഡിസൈനറെയോ കാണാൻ പോകും മുൻപ് ഓരോരുത്തരും തന്നോട് തന്നെ ചോദിക്കേണ്ട ചോദ്യമാണിത്. ഒപ്പം ദിനചര്യകളെക്കുറിച്ചും ആവശ്യങ്ങളെക്കുറിച്ചും നല്ല ബോധ്യവും വേണം. വീടിന് എത്ര സ്ക്വയർഫീറ്റ് വേണം? ഒറ്റനില മതിയോ ഇരുനില വേണോ? വീട്ടിൽ ഏതൊക്കെ സ്പെയ്സ് വേണം? എത്രത്തോളം വെന്റിലേഷൻ വേണം? കിച്ചൻ എങ്ങനെ വേണം? ഇത്തരം കാര്യങ്ങളെക്കുറിച്ചെല്ലാം വീട്ടുകാരുമായി സംസാരിച്ചൊരു ധാരണയിലെത്താം. വീട്ടിലെ കുട്ടികളെയും ഇത്തരം സംഭാഷണങ്ങളുടെ ഭാഗമാക്കാം. അവർക്കും നിർദേശങ്ങൾ നൽകാനുണ്ടാകും. പ്രത്യേകിച്ചും, കിഡ്സ് റൂം, ബാത് റൂം, സ്റ്റഡി ഏരിയ എന്നിവയുടെ ഒക്കെ കാര്യത്തിൽ. വേണ്ട കാര്യങ്ങളും ഒഴിവാക്കേണ്ട കാര്യങ്ങളുമൊക്കെ കൃത്യമായി ഒരു ഡയറിയിൽ കുറിച്ചു വയ്ക്കാം.
ഓരോ വീടും വീട്ടുകാരുടെ ലൈഫ് സ്റ്റൈൽ, ദിനചര്യകൾ എന്നിവയക്ക് അനുസരിച്ചാണ് നിർമിക്കപ്പെടേണ്ടത്. അത്തരം കാര്യങ്ങളെക്കുറിച്ച് ആധികാരികമായി സംസാരിക്കേണ്ടത് വീട്ടുകാർ തന്നെയാണ്. കൃത്യമായ ധാരണകളോടെയാവണം ആർക്കിടെക്ടിനെ സമീപിക്കുന്നത്. തന്റെ ആവശ്യങ്ങൾ എന്തൊക്കെയാണെന്ന് ആർക്കിടെക്ടിനോട് പറയുന്നതിൽ ഒട്ടും സങ്കോചിക്കേണ്ട ആവശ്യമില്ല. പണം മുടക്കുന്ന രീതിയിൽ ഉടമയ്ക്ക് അതിന്റെ റിട്ടേൺ കിട്ടണം.
വാസ്തുശാസ്ത്രപരമായ കാര്യങ്ങളിൽ വിശ്വാസമുള്ളവർ അത് ആർക്കിടെക്ടുമായി ആദ്യമേ സംസാരിക്കുക. അത്തരം കാര്യങ്ങൾ അവസാന ഘട്ടത്തിലേക്കു വയ്ക്കുന്നത് പണച്ചെലവ് വർധിപ്പിക്കും. ചിലപ്പോൾ വാസ്തുപരമായി ജനൽ, ഭിത്തി, വാതിൽ എന്നിവയുടെയൊക്കെ സ്ഥാനത്തിൽ മാറ്റം വരുത്തേണ്ടതായി വരാം. അല്ലെങ്കിൽ വീടിന്റെ ദർശനം തന്നെ മറ്റൊരു ദിക്കിലേക്കു മാറ്റേണ്ടി വരും. അതുകൊണ്ട് വീടിന് കുറ്റിയടിക്കുന്നതിനു മുൻപു തന്നെ വാസ്തു നോക്കുന്നതാണു നല്ലത്. പിന്നീടുള്ള കുത്തിപ്പൊളിക്കലുകളും ഏച്ചുകെട്ടലുകളുമെല്ലാം ഇതുവഴി ഒഴിവാക്കാം.
ഇപ്പോൾ താമസിക്കുന്ന മുറിയുമായി താരതമ്യപ്പെടുത്തി മുറികളുടെ വലുപ്പം മനസ്സിലാക്കാം. ഉദാഹരണത്തിന് 10 x10 അടി വിസ്താരമുള്ള കിടപ്പുമുറി എന്നു പറയുമ്പോൾ എത്ര വലുപ്പം വരുമെന്നറിയാൻ ഒരു ടേപ്പ് ഉപയോഗിച്ചാൽ ഇപ്പോൾ ഉപയോഗിക്കുന്ന കിടപ്പുമുറി അളന്നു നോക്കിയാൽ മതിയല്ലോ.
ആവശ്യങ്ങൾ പ്രായോഗികമോ?
വീടിനോടു ചേർന്ന് വലിയൊരു വരാന്ത വേണം എന്നൊക്കെയാകും ചിലപ്പോൾ നമ്മൾ ആഗ്രഹിക്കുന്നത്. എന്നാൽ, പണിയാൻ ഉദ്ദേശിക്കുന്ന വീടാകട്ടെ, 2000 സ്ക്വയർഫീറ്റുള്ളതും. അതില്‍ വലിയ വരാന്ത നൽകിയാൽ നല്ലൊരു സ്പെയ്സ് അങ്ങനെതന്നെ പോകും. മാത്രമല്ല, ഇന്ന് പല വീടുകളിലെയും ഭാര്യയും ഭർത്താവും രാവിലെ ജോലിക്കു പോയി വൈകിട്ട് തിരിച്ചെത്തുന്നവരാണ്. തിരക്കേറിയ ലൈഫ്സ്റ്റൈലിന് ഇടയിൽ വീട് വൃത്തിയാക്കലും അടുക്കിപ്പെറുക്കി വയ്ക്കലുമൊന്നും അത്ര പ്രായോഗികമല്ല.
സാമൂഹ്യപ്രവർത്തനം പോലുള്ള ആക്റ്റീവായ സോഷ്യൽ ലൈഫ് നയിക്കുന്ന വ്യക്തികളുടെ വീട്ടിലൊക്കെ എപ്പോഴും ധാരാളം പേർ സന്ദർശനത്തിനും കാത്തിരിക്കാനുമൊക്കെ കാണും. അത്തരം സാഹചര്യങ്ങളിൽ മാത്രമേ വലിയ വരാന്തയുടെയും സിറ്റൗട്ടിന്റെയുമൊക്കെ ആവശ്യം വരുന്നുള്ളൂ. ഇടത്തരം കുടുംബങ്ങളിൽ ചെറിയ സിറ്റൗട്ട് തന്നെ ധാരാളം. അതുപോലെതന്നെയാണ് ഗസ്റ്റ് റൂമുകളുടെ കാര്യവും. വർഷത്തിൽ ഒന്നോ രണ്ടോ അതിഥികൾ വന്നാലായി. പക്ഷേ, വീടു പണിയുമ്പോൾ ഷോ കുറയേണ്ടെന്നു കരുതി ലക്ഷങ്ങൾ െചലവഴിച്ച് ഗസ്റ്റ് റൂം മോടി പിടിപ്പിക്കും. അത്തരം സ്പെയ്സുകൾ എല്ലായ്പോഴും പാഴ്ചെലവാണ്. ഷോയ്ക്ക് അല്ല, പ്രായോഗികതയ്ക്ക് ആണ് പ്രാധാന്യം നൽകേണ്ടത്. ഇത് ബജറ്റ് കുറയ്ക്കാനും സഹായിക്കും. പകരം ആവശ്യമെങ്കിൽ മൾട്ടി പർപ്പസ് മുറികൾ നിർമിക്കാം. അത്തരം ഫർണിച്ചറുകളും പ്രയോജനപ്പെടുത്താം.
വീടിനെ സ്നേഹിക്കുന്നവർക്കായി-
https://instagram.com/manoramaveedu
https://youtube.com/@manoramaveedu