തനിച്ച് താമസിക്കാൻ ധൈര്യമുണ്ടോ? എങ്കിൽ വീട് വൃത്തിയായി കിടക്കും: അനുഭവം പങ്കുവച്ച് യുവതി
Mail This Article
ആരുടെയും കൂട്ടില്ലാതെ ഒറ്റയ്ക്ക് താമസിക്കാൻ ആഗ്രഹിക്കുന്ന ഒരുപാട് ആളുകളുണ്ട്. അത്തരക്കാർ കണ്ടുപിടിക്കുന്നത് ഒരാൾക്ക് താമസിക്കാൻ തക്ക പരിമിതമായ സൗകര്യങ്ങളുള്ള വീടുകളായിരിക്കും. എന്നാൽ ഒരു 3BHK വീട്ടിൽ തനിച്ച് താമസിക്കുന്ന സാഹചര്യം എങ്ങനെയുണ്ടാവും? ഇത്രയും വലിയ വീട് തനിച്ച് വൃത്തിയാക്കുന്നത് എത്ര ബുദ്ധിമുട്ടേറിയ കാര്യമാണെന്ന ചിന്തയാവും ആദ്യം മനസ്സിലേക്ക് എത്തുക. എന്നാൽ വീട് എത്ര വലുതായാലും വൃത്തിയായിരിക്കാൻ ഒറ്റയ്ക്കുള്ള താമസമാണ് നല്ലതെന്ന അഭിപ്രായമാണ് ബെംഗളൂരു സ്വദേശിനി ഉദിത പാലിനുള്ളത്.
ആരുടെയും ശല്യം ഇല്ലാത്തതുകൊണ്ട് ദിവസങ്ങളോളം വീട് വൃത്തിയായി തുടരുന്നതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടുകൊണ്ടാണ് ഉദിത അനുഭവം പങ്കുവയ്ക്കുന്നത്.
ബെംഗളൂരുവിലെ ഇന്ദിരാനഗറിലാണ് ഉദിതയുടെ പെന്റ്ഹൗസ്. മൂന്നു ദിവസമായി യാതൊരുവിധ മാറ്റങ്ങളുമില്ലാതെ വീട് വൃത്തിയായി കിടക്കുകയാണെന്ന് പറഞ്ഞുകൊണ്ട് പലഭാഗങ്ങളുടെയും ചിത്രങ്ങൾ പകർത്തി ഉദിത എക്സിൽ പോസ്റ്റ് ചെയ്തു. 'തനിച്ചു താമസിക്കുന്ന വീട്ടിൽ നമ്മൾ അല്ലാതെ മറ്റാരും അത് വൃത്തികേടാക്കാൻ വരില്ല' എന്നതാണ് ഒറ്റയ്ക്കുള്ള ജീവിതത്തിൽ ഉദിത കണ്ടെത്തുന്ന ഏറ്റവും വലിയ ഗുണം.
ബെംഗളൂരുവിൽ ഒരു ഫിൻടെക് കമ്പനി നടത്തുകയാണ് ഉദിത. മുൻപ് സുഹൃത്തുക്കളും ഉദിതയ്‌ക്കൊപ്പം ഈ വീട്ടിൽ താമസിച്ചിരുന്നു. എന്നാൽ സുഹൃത്തിന്റെ കല്യാണം കഴിഞ്ഞതോടെ തനിച്ചുതാമസിക്കേണ്ട സാഹചര്യമുണ്ടായി. തുടക്കത്തിൽ മാതാപിതാക്കളെയോ സുഹൃത്തുക്കളെയോ ഒപ്പം താമസിക്കാനായി വിളിച്ചുവരുത്തുന്നത് പതിവായിരുന്നു. എന്നാൽ പതിയെ തനിച്ചുള്ള താമസം ഉദിത ആസ്വദിച്ച് തുടങ്ങി. വീട്ടിൽ തനിക്ക് ആവശ്യമില്ലാത്തതെല്ലാം ഒഴിവാക്കി ഡീപ് ക്ലീനിങ്ങിന് ഇറങ്ങിത്തിരിക്കാൻ ഇവർ തീരുമാനിച്ചു. അന്നുമുതലിങ്ങോട്ട് ഈ വീടുമായി ഉദിതയ്ക്ക് ഒരു പ്രത്യേക ആത്മബന്ധമാണ്.
ഉദിതയ്ക്ക് ഏറ്റവും ഇഷ്ടമുള്ളതും വേണ്ടപ്പെട്ടതുമായ വസ്തുക്കൾ മാത്രമേ ഇവിടെയുള്ളൂ. ഏറ്റവും പ്രിയപ്പെട്ട പെയിന്റിങ്ങും ഇഷ്ടപ്പെട്ട ക്ലോക്കുമൊക്കെക്കൊണ്ട് വീട് അലങ്കരിച്ചു. താൻ എങ്ങനെയൊക്കെ വീട് സൂക്ഷിക്കുന്നുണ്ടോ അതേരീതിയിൽ ദിവസങ്ങളോളം അവിടം കാണാനാകുന്നുണ്ടെന്നതാണ് ഇവരുടെ സന്തോഷം. ഞായറാഴ്ചകൾ പൂർണമായും വീട് വൃത്തിയാക്കാനായി നീക്കിവയ്ക്കുന്നു.
ഉദിതയുടെ പോസ്റ്റ് വളരെ വേഗത്തിൽ ശ്രദ്ധ നേടി. അതിമനോഹരമായി ഉദിത വീട് കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് പലരും കമന്റുകളിൽ പറയുന്നു. എത്രയൊക്കെ സ്വാതന്ത്ര്യം ആസ്വദിച്ചാലും തനിച്ച് ഇത്രയും വലിയ വീട്ടിൽ കഴിയുമ്പോൾ, രാത്രിയിലെങ്കിലും ഭയം തോന്നുന്നില്ലേ എന്നാണ് ചിലരുടെ ചോദ്യം. സാഹചര്യങ്ങൾ മൂലം തനിച്ച് താമസിക്കാൻ പറ്റാത്തതിന്റെ വിഷമം പലരും കമന്റ് ബോക്സിൽ പങ്കുവയ്ക്കുന്നുണ്ട്.