കേരളത്തിൽ പ്രചാരമേറി പരിപാലനം കുറഞ്ഞ പൂന്തോട്ടം; ഇവ ശ്രദ്ധിക്കുക
Mail This Article
പച്ചപ്പില്ലാതെ വീടെങ്ങനെ വീടാകും. അണുകുടുംബങ്ങളിൽ രാവിലെ രണ്ടുപേർ ഒന്നിച്ച് അധ്വാനിച്ചാലും അടുക്കളയും സ്കൂൾ–ഓഫിസ് ഓട്ടവും വൻ തിരക്കുതന്നെയാവും. അതിനാൽ കുറഞ്ഞ പരിചരണം വേണ്ടി വരുന്ന ചെടികൾ അലങ്കാരത്തിനായി തിരഞ്ഞെടുക്കുക. സമയം, വെള്ളം, പണം എന്നിവ ലാഭിക്കുന്നതിനൊപ്പം വീടിന്റെ പച്ചപ്പു നിലനിർത്തുകയും ചെയ്യാം. അത്തരം ചെടികളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
വലിയ മുറ്റം : സാധ്യതകളേറെ
വലിയ മുറ്റമുള്ള വീടാണെങ്കിൽ പൂന്തോട്ടത്തെ പല ഭാഗങ്ങളായി തിരിക്കാം. പലവിധത്തിലുള്ള പൂന്തോട്ടനിർമാണശൈലിയുണ്ട്. റോക്ക് ഗാർഡൻ, പെബിൾ ഗാർഡൻ, ജാപ്പിനീസ് ശൈലിയിലുള്ള സെന്‍ ഗാർഡൻ എന്നിവയാണതിൽ പ്രധാനികൾ. ഓരോ തീമിനും അനുയോജ്യമായ ചെടികളുണ്ട്. റോക്ക് ഗാർഡനിൽ കാക്റ്റസ് ഇനത്തിലെ ചെടികളും അധികം വെള്ളം ആവശ്യമില്ലാത്ത ചെടികളും പാറകൊണ്ടുനിർമിച്ച ആർടിഫാക്ടുകളും നിറയ്ക്കാം. പെബിൾ ഗാർഡനുകളിൽ വെള്ളാരംകല്ലുകളും ഇടയ്ക്ക് ഗോൾഡൻ പോത്തോസിന്റെ വെട്ടി നിർത്തിയ ചെടികളും ഇടകലർത്താം.
കേരളത്തിന്റെ കാലാവസ്ഥയോട് ഇണങ്ങുന്ന ചെടികളെ കൂടെക്കൂട്ടിയാൽത്തന്നെ പൂന്തോട്ടപരിചരണം എളുപ്പമാണ്. സ്ഥലപരിമിതിയുണ്ടെങ്കിൽ ബുഷ് ആയി വളരുന്ന ചെടികൾ നടാം. സൂര്യപ്രകാശം കുറവുള്ള സ്ഥലങ്ങളാണെങ്കിൽ തണലിനെ പ്രണയിക്കുന്ന ഷെയ്ഡ് ലവിങ് പ്ലാന്റ് നട്ടും പച്ചപ്പിന്റെ വൈവിധ്യം തീർക്കാം. അത്യാവശ്യം സൂര്യപ്രകാശം ലഭിക്കുന്ന ഇടങ്ങളിൽ ഹൈബ്രിഡ് ചെമ്പരത്തികളും റോസുകളും നടുന്നതും അധ്വാനം കുറയ്ക്കും.
നന ആഴ്ചയിൽ രണ്ടു ദിവസം മാത്രം
ആഴ്ചയിൽ രണ്ടു ദിവസം മാത്രം നന വേണ്ടി വരുന്ന ചെടികൾ ഉദ്യോഗസ്ഥ കുടുംബങ്ങൾക്ക് അനുയോജ്യമാണ്. സീ സീ പ്ലാന്റ്, സാൻ സിവീരിയയുടെ കുള്ളൻ ഇനങ്ങൾ എന്നിവ അകത്തും പുറത്തും ഒരുപോലെ വളർത്താം.
ഇലച്ചെടിയുടെ ഇന്ദ്രജാലം
പൂച്ചെടികൾക്ക് അമിതമായ പരിചരണം ആവശ്യമുള്ളതു കൊണ്ടു വീട് അലങ്കരിക്കാൻ ഇലച്ചെടികൾ തിരഞ്ഞെടുക്കാം.
∙യൂജീനിയ, ഗ്രാംപൂവിന്റെ കുടുംബത്തിൽപ്പെട്ട ചെടിയാണ്. ചുവന്ന തളിരിലകളാണ് പ്രധാന ആകർഷണം. അതുകൊണ്ട് എപ്പോഴും ഭംഗിയായി വെട്ടി നിർത്തണം. പുൽത്തകിടികളുടെ മധ്യഭാഗത്തും പൂന്തോട്ടത്തിന്റെ അപ്രധാനമായ മൂലകളിലും ഇവ വളർത്തിയെടുക്കാം. ഇവയ്ക്ക് സൂര്യപ്രകാശം ആവശ്യമാണ്.
∙അധികം ഉയരമില്ലാതെ ബുഷ് ആയി വളരുന്ന ചെടികളും തിരഞ്ഞെടുക്കാം. വിവിധതരം പോത്തോസുകൾ, നീഡിൽ ഗ്രാസ്റിബൺ, ഗ്രാസ് സിങ്കോണിയം എന്നിവ വളരെ കുറച്ചുമാത്രം പരിചരണം ആവശ്യമുള്ള അലങ്കാരച്ചെടികളാണ്. പോത്തോസിൽതന്നെ മാർബിൾ, ഗോൾഡൻ നിറങ്ങൾ ഇടകലർത്തിയുള്ള പാറ്റേൺ കാഴ്ചയ്ക്കും സുന്ദരമാണ്.
∙ക്രീപ്പിങ് ഫിഗ് വളരാൻ അൽപം സമയമെടുത്താലും ദീർഘകാലം നിലനിൽക്കും. വേനൽക്കാലത്തു വെള്ളം സ്പ്രേ ചെയ്തു കൊടുത്താൽ ക്രീപ്പിങ് ഫിഗ് ഇലകൾ നല്ല ഫ്രഷ് ആയി നിൽക്കും. ചെറിയ തണ്ടുവച്ച് ഇതു വളർത്തിയെടുക്കാം.
കുറഞ്ഞ പരിചരണത്തിൽ പലവർണ പൂക്കൾ
കടുത്ത വേനലിലും പൂക്കുന്ന സുന്ദരിയാണ് ബൊഗെയ്ൻവില്ല. കമ്പുമുറിച്ച് തൈകൾ ഉണ്ടാക്കാം. ഒട്ടും വെള്ളമില്ലാത്ത ഇടങ്ങളില്‍ പോലും സമൃദ്ധമായി പൂക്കും. ഒക്ടോബർ മാസം പ്രൂൺ ചെയ്തു റെഡിയാക്കി നിർത്തണം.
അഡീനിയത്തിന്റെ പേരു തന്നെ ഡെസെർട്ട് റോസ് എന്നാണ്. മരുഭൂമിക്കു സമാനമായ അന്തരീക്ഷത്തിലാണിതിന്റെ വളർച്ച പൂക്കളുടെ വർണവൈവിധ്യം അമ്പരപ്പിക്കുന്നതാണ്. ഇവ രണ്ടാഴ്ച കൂടുമ്പോൾ മാത്രം നനച്ചാൽ മതി. മഴക്കാലം ഒഴിവാക്കി പ്രൂൺ ചെയ്യാം.
വർഷം മുഴുവൻ പൂക്കുന്ന ചെടിയാണ് ഹമേലിയ. നന്നായി പ്രൂൺ ചെയ്താൽ പൂക്കൾ ഉണ്ടായിക്കൊണ്ടിരിക്കും. തെറ്റിപ്പൂക്കളോടു സാമ്യമുള്ള പൂക്കൾ തേടി തേൻ കുരുവികളും വരും. നല്ല സൂര്യപ്രകാശവും കുറച്ചു വെള്ളവും ഉണ്ടെങ്കിൽതന്നെ പുൽത്തകിടിയുടെ നടുക്കും അതിരുകളിലും ഹമേലിയ വളർത്തിയെടുക്കാം.
വള്ളിക്കുടിൽ ഒരുക്കാം
സ്ഥലപരിമിതിയുള്ളിടത്തു വളർത്താവുന്നവയാണ് വള്ളിച്ചെടികൾ. കാർപോർച്ചിന്റെ മുകളിലും പോർട്ടിക്കോയിലും ഇപ്പോഴത്തെ ഉദ്യാനങ്ങളുടെ പ്രത്യേകതയായ ഗസീബോയിലും വളർത്താൻ പറ്റിയ ധാരാളം വള്ളിച്ചെടികളുണ്ട്. തംബുർജിയ, ഗോൾഡൻ കാസ്കേഡ്, വൈൽഡ് അലമാൻഡ ബ്ലീഡിങ് ഹാർട്ട്, റംഗൂൺ ക്രീപർ ഇവയൊക്കെ പടർത്തിവിടാം.
∙ഗോൾഡൻ കാസ്കേഡ് വലിയ വെയിൽ ആവശ്യമില്ലാത്ത വർഷം മുഴുവൻ പൂത്തു നിൽക്കുന്ന ഒരുഗ്രൻ വള്ളിച്ചെടിയാണ്. കണിക്കൊന്നപോലെ മഞ്ഞപ്പൂക്കൾ തൂങ്ങിക്കിടക്കും. കമ്പുമുറിച്ചു നട്ട് കൂടുതൽ ചെടികൾ ഉൽപാദിപ്പിക്കാം.
∙‘അപരാജിത’ എന്നറിയപ്പെടുന്ന ശംഖുപുഷ്പം കുറഞ്ഞ സമയം കൊണ്ടു പടർന്നു പന്തലിക്കുന്ന ഒരു വള്ളിച്ചെടിയാണ്. വള്ളിക്കുടിലുകളുണ്ടാക്കാനും അനുയോജ്യം. വെള്ളയും നീലയും ഇളംവയലറ്റും നിറങ്ങളിലെ പൂക്കളുള്ള ഇനങ്ങൾ ലഭ്യമാണ്.
പച്ചപ്പിനെ അകത്തളത്തിലേക്ക് ക്ഷണിക്കുമ്പോൾ
കാഴ്ചയ്ക്കുള്ള പച്ചപ്പിനൊപ്പം മുറിയിലെ ചൂടു കുറയ്ക്കുക എന്നൊരു ധർമം കൂടി ഇൻഡോർ സസ്യങ്ങൾ ചെയ്യാറുണ്ട്. വെള്ളം ലീക്കാവുന്ന അവസ്ഥ ഒഴിവാക്കാനായി അപാർട്മെന്റുകളിൽ സ്മാർട്ട് ചട്ടികൾ ഉപയോഗിക്കാവുന്നതാണ്.
∙ഏതാണ്ട് 20 ലേറെ വർണവൈവിധ്യമുള്ള ഒരു ചെടിയാണ് അഗ്ലോനിമ. മഴവിൽ നിറമുള്ള ഇലകൾ കൊണ്ടു പൂക്കളുടെ ഭംഗി കൂടി ഉദ്യാനത്തിനു നൽകിക്കളയും. ഈർപ്പവും അധികം ചൂടുമില്ലാത്ത അന്തരീക്ഷമാണ് ഈ ചെടി ഇഷ്ടപ്പെടുന്നത്. നന അധികമായാൽ ചീഞ്ഞുപോകാറുണ്ട്. തീർത്തും ഒരു ഷെയ്ഡ് ലവിങ് പ്ലാന്റാണിത്. മുളച്ചു വരുന്ന തൈകൾ വച്ച് പുതിയ ചെടികളുണ്ടാക്കാം.
∙സീ സീ പ്ലാന്റ് തീരെ കുറഞ്ഞ സൂര്യപ്രകാശത്തിലും ജലം ലഭിക്കാത്ത അവസ്ഥയിലും പരാതിയില്ലാതെ വളരുന്ന ചെടിയാണ്. ഇലകൾ തുടച്ചു കൊടുത്തു കഴിഞ്ഞാൽ ചെടിക്ക് ഉണർവുണ്ടാകും. ജൈവവളങ്ങൾ നേർപ്പിച്ച് ഒഴിച്ചാൽ മാത്രം മതിയാകും.