അബദ്ധം ഒഴിവാക്കാം: സോഫ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
Mail This Article
അകത്തളങ്ങൾ അലങ്കരിക്കുന്നതിൽ ഫർണിച്ചറുകൾക്ക് ചെറുതല്ലാത്ത പങ്കുണ്ട്. വീട്ടുകാരും വീട്ടിലെത്തുന്നവരും ഉപയോഗിക്കുന്നതിനാൽ ശ്രദ്ധയോടെ വാങ്ങേണ്ട ഫർണിച്ചറുകളിൽ ഒന്നാണ് സോഫ. ഭംഗിക്കുപുറമേ ഉപയോഗക്ഷമതയും മുറിയുടെ വലുപ്പവും ആകൃതിയുമെല്ലാം കണക്കിലെടുത്തുവേണം സോഫ വാങ്ങാൻ. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം.
മുറിയിലെ മറ്റു ഘടകങ്ങൾ കണക്കിലെടുക്കാം
സോഫകൾ വാങ്ങാൻ ഫർണിച്ചർ സ്റ്റോറിൽ എത്തുമ്പോൾ അവ ഡിസ്പ്ലേ ചെയ്തിരിക്കുന്ന രീതി കണ്ടുമാത്രം തിരഞ്ഞെടുക്കരുത്. പലപ്പോഴും ഓരോ ഫർണിച്ചറിനും ഏറ്റവും അനുയോജ്യമായ മറ്റു പീസുകൾക്കൊപ്പമാവും അവ പ്രദർശനത്തിന് വച്ചിരിക്കുന്നത്. നിങ്ങളുടെ ലിവിങ് റൂമിൽ എന്തൊക്കെ ഘടകങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അവയുമായി ചേർത്തുവയ്ക്കുമ്പോൾ സോഫ എങ്ങനെ കാണപ്പെടും എന്നും വിലയിരുത്തുക. ഉദാഹരണത്തിന് ലിവിങ് റൂം അലങ്കരിക്കാൻ ഉപയോഗിച്ചിരിക്കുന്ന ആർട്ട് വർക്കുകളോ ഇൻഡോർ പ്ലാന്റുകളോ സോഫ ഡിസൈനുമായി ചേർന്നു പോകണമെന്നില്ല. മുറിയുടെ വലുപ്പവും ലൈറ്റിങ്ങും കണക്കിലെടുക്കണം.
ഫ്രെയിമിന്റെ ഗുണനിലവാരം പരിശോധിക്കണം
സോഫ നിർമിക്കാൻ ഉപയോഗിക്കുന്ന തടി ഫ്രെയിമിന്റെ ഗുണനിലവാരമാണ് അതിന്റെ ബലവും ദൃഢതയും നിർണയിക്കുന്നത്. ഏതു മരത്തിന്റെ തടി ഉപയോഗിച്ചാണ് ഫ്രെയിം നിർമിച്ചിരിക്കുന്നത് എന്ന് കൃത്യമായി മനസ്സിലാക്കണം. പ്ലൈവുഡ് അല്ലെങ്കിൽ സോഫ്റ്റ് വുഡ് കൊണ്ട് നിർമ്മിക്കുന്ന ഫ്രെയ്മുള്ള സോഫകൾ പൊതുവേ ഗ്രേഡ് കുറഞ്ഞവയായിരിക്കും. അവ ദീർഘനാൾ ഈടു നിൽക്കണമെന്നില്ല. തടി ഫ്രെയിമിന്റെ ഭാഗമായി തടി കൊണ്ടുതന്നെ കാലുകൾ നിർമിച്ചിരിക്കുന്ന സോഫകൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. കാലുകൾ മാത്രം മെറ്റലിൽ നിർമിച്ചവ ഉപയോഗിക്കുന്നത് തറയ്ക്ക് കേടുപാടുകൾ ഉണ്ടാക്കുന്നതിന് കാരണമാകും.
സ്പ്രിങ് പരിശോധിക്കണം
സോഫകളുടെ ബൗൺസിങ് കപ്പാസിറ്റി നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്ന സ്പ്രിങ്ങുകളെ ആശ്രയിച്ചിരിക്കുന്നു. അതിനാൽ ഇക്കാര്യം കൃത്യമായി പരിശോധിക്കണം. ഇരിക്കുന്ന സമയത്ത് സ്പ്രിങ്ങുകളിൽ നിന്നും ഞെരുങ്ങുന്ന ശബ്ദം ഉണ്ടാവാത്ത സോഫകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
ഇൻഫില്‍ ഏതാണെന്ന് നോക്കാം
സാധാരണയായി പ്രീമിയം സോഫകളിൽ പോളിയൂറത്തേൻ ഫോമാണ് ഫില്ലിങ്ങിനായി ഉപയോഗിക്കുന്നത്. ഉയർന്ന സാന്ദ്രതയിൽ പോളിയൂറത്തേൻ ഫോം നിറച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. അതേപോലെ സോഫയുടെ കൈകളിലും ചാരിലുമെല്ലാം ഫോം ഉൾപ്പെടുത്തിയിട്ടുണ്ടോ എന്നും പരിശോധിക്കണം. ഇരിക്കുന്ന സമയത്ത് തടി ഫ്രെയിം ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് മുട്ടുന്നതായി അനുഭവപ്പെടുന്നില്ല എന്നും ഉറപ്പുവരുത്തണം.
തുണിത്തരം പരിശോധിക്കാം
ഇഴയെണ്ണം കൂടുതലുള്ള കോട്ടൺ അല്ലെങ്കിൽ ലിനൻ തുണിത്തരം ഉപയോഗിച്ചിട്ടുള്ള സോഫകൾ തിരഞ്ഞെടുക്കാം. സോഫ കൂടുതൽ സുഖപ്രദമാകുന്നതിന് ഇവ സഹായിക്കും. എന്നാൽ ഇവ അധികകാലം ഈടുനിൽക്കില്ല എന്ന എന്ന ദോഷവുമുണ്ട്. പോളിസ്റ്റർ പോലെയുള്ള സിന്തറ്റിക് തുണിത്തരങ്ങളാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിൽ എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും. ലെതർ സോഫകൾ തിരഞ്ഞെടുക്കുന്നവർ അത് യഥാർത്ഥ ലെതറാണെന്ന് ഉറപ്പുവരുത്തിയശേഷം മാത്രം വാങ്ങുക. കൃത്രിമ ലെതറാണെങ്കിൽ ചൂടുകാലത്ത് സോഫയിൽ പശപശപ്പ് അനുഭവപ്പെടുന്നതിനും എളുപ്പത്തിൽ കീറി പോകുന്നതിനും കാരണമാകും.