മരണംവരെ സംഭവിക്കാം; ഒഴിവാക്കാം വീടുകളിലെ ഈ വിഡ്ഢിത്തം
Mail This Article
സൺഷെയ്ഡ്- ഇതിനു മലയാള പദമില്ല; ഉണ്ടെങ്കിൽ തന്നെ സൂര്യകവചം എന്നാണല്ലോ. സൂര്യകവചമണിയുക എന്നത് ഒരു വിഡ്ഢിത്തമാണ്. ജനലുകൾക്കും വാതിലുകൾക്കുമൊക്കെ മഴയിൽനിന്നു സംരക്ഷണമെന്ന പേരിൽ ലിന്റൽ ലെവലിൽ നിന്ന് രണ്ടടി പുറത്തേക്കും മൂന്നിഞ്ച് കനത്തിലും ചെയ്യുന്ന സ്ലാബുകളാണ് സൺഷെയ്ഡ്. പേരുപോലെ തന്നെ വിചിത്രമായ ഈ നിർമിതി, സത്യത്തിൽ ‘റെയിൻ വാട്ടർ സ്റ്റോറേജ് ടാങ്കുകളാണ്.’ ഇത്തരം ‘റെയിൻ ടാങ്കുകളുടെ അഗ്രഭാഗത്ത് ചെറിയ ഇഷ്ടികകളുപയോഗിച്ച് ആറിഞ്ച് ഉയരത്തിൽ ഒരു അതിരു കൂടി കെട്ടുന്നതോടെ സംഗതി ഗംഭീരമാകുന്നു. ഇങ്ങനെ അതിരു കെട്ടിയ ടാങ്കിൽ വീഴുന്ന മഴവെള്ളം രണ്ടിഞ്ച് വ്യാസമുള്ള പൈപ്പിലൂടെ പുറത്താക്കുക എന്നതാണ് ഇതിലെ എൻജിനീയറിങ് വൈദഗ്ധ്യം!
അതുകൊണ്ടുതന്നെ ഇതൊരു സൺഷെയ്ഡ് അല്ല റെയിൻ ടാങ്കാണ്. ഇത്തരം ഷെയ്ഡുകളിൽ മൺസൂൺകാലത്തു പായൽ പിടിക്കുകയും ക്ലീനിങ്ങിനു കയറുന്നവരുടെ നടു തല്ലിയുള്ള വീഴ്ചയ്ക്കു കാരണമാകുകയും ചെയ്യുന്നു. ഒട്ടേറെ മലയാളികളുടെയും ബംഗാളികളുടെയും നടുവൊടിച്ച വില്ലനാണ് ഈ സൺഷെയ്ഡ്. ‘സൺഷെയ്ഡ് ആക്സിഡന്റ്’ എന്നു വിശേഷിപ്പിക്കാവുന്ന ഇത്തരം അപകടങ്ങളിലൂടെ ആളുകളുടെ ജീവൻ നഷ്ടപ്പെട്ട ചരിത്രവുമുണ്ട്.
വാസ്തവത്തിൽ നമുക്ക് ആവശ്യം റെയിൻ ഷെയ്ഡുകളാണ്. നമ്മുടെ പുരാതന കെട്ടിടങ്ങളിലും ഇംഗ്ലിഷുകാർ ഇന്ത്യയിൽ നിർമിച്ച കെട്ടിടങ്ങളിലും ഇത്തരം ഷെയ്ഡുകൾ കാണാം. ഒരു മീറ്റർ നീളമുള്ള കഴുക്കോലുകൾ വച്ച് അതിന്റെ മുകളിൽ പട്ടികകൾ വച്ച് ഓടിട്ട് ചെരിഞ്ഞ രീതിയിൽ നിര്‍മിക്കുന്ന വിൻഡോ ഷെയ്ഡുകളാണ് റെയിന്‍ ഷെയ്ഡുകൾ എന്നറിയപ്പെടുന്നത്. ഇതു വൃത്തിയാക്കാൻ എളുപ്പമാണെന്നു മാത്രമല്ല നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യവുമാണ്. ജനലുകൾക്കും വാതിലുകൾക്കും മഴയിൽ നിന്നും മറ്റും സംരക്ഷണമേകുന്ന ഇത്തരം ഷെയ്ഡുകളാണ് നമ്മുടെ വീടുകൾക്ക് ആവശ്യം.
കടപ്പാട്
ജയൻ ബിലാത്തിക്കുളം- വാസ്തുശിൽപി
English Summary- Sunshade Construction Mistakes