ADVERTISEMENT

അങ്ങനെ സംസ്ഥാന സർക്കാരിന്റെ ആ തീരുമാനവും വന്നു. വലിയ പരാതികൾ ഉണ്ടായിരുന്ന ഒരു വിഷയത്തിൽ ആദ്യഘട്ട പരിഹാരമായി. പറഞ്ഞുവരുന്നത് അടുത്തിടെ വൻതോതിൽ വർധിപ്പിച്ച കെട്ടിടനിർമാണ പെർമിറ്റ് ഫീസ് സർക്കാർ ഏതാണ്ട് പകുതിയായി കുറച്ചതിനെക്കുറിച്ചാണ്.

മന്ത്രി പറഞ്ഞതുപോലെ പെർമിറ്റ് ഫീസിന്റെ വർധന കഴിഞ്ഞ 25 വർഷക്കാലത്തെ ചരിത്രം പരിശോധിച്ചാൽ വലിയതോതിൽ വർധിപ്പിച്ചു എന്ന് പറയാൻ കഴിയില്ല എന്നുള്ളത് യാഥാർഥ്യമാണ്. കാരണം 1999 ലെ കെഎംബിആർ നിലവിൽ വരുമ്പോൾ ഉണ്ടായിരുന്ന പെർമിറ്റ് ഫീസ്  അഞ്ചു രൂപ എന്നത് നമ്മൾ ഒരു സാധാരണ നിലവാരത്തിൽ മനസ്സിലാക്കാൻ വിധത്തിൽ പറഞ്ഞാൽ രണ്ടായിരത്തിൽ ഓർഡിനറി ബസിന്റെ മിനിമം  ടിക്കറ്റ് നിരക്ക് ഒരു രൂപയായിരുന്നു. ഇന്നത് പത്ത് രൂപയാണ് സ്വാഭാവികമായും അന്നുണ്ടായിരുന്ന അഞ്ചുരൂപ പെർമിറ്റ് ഫീസ് എന്നുള്ളത് ഇന്ന് 50 രൂപയിലേക്ക് വർധിപ്പിക്കുക എന്നത് ഒരു ആനുപാതിക വർധന മാത്രമാണ് എന്നതാണ് യാഥാർഥ്യം.

പക്ഷേ ഈ വർധന ഒറ്റതവണ ആയപ്പോൾ വലിയ വർധനയായി ജനങ്ങൾക്ക് അനുഭവപ്പെട്ടു. എന്തായാലും ഇപ്പോൾ പെർമിറ്റ് ഫീസുകൾ കുറച്ച സാഹചര്യത്തിൽ കഴിഞ്ഞ ഒരാഴ്ച കൊണ്ടുതന്നെ പെർമിറ്റ് ഫീസ് സംബന്ധിച്ച നിരക്കുകളും അതിന്റെ താരതമ്യം ചെയ്യുന്ന ചാർട്ടുകളും എല്ലാം എല്ലാവരും കണ്ടതാണ്. അതുകൊണ്ടുതന്നെ ഈ കുറിപ്പിൽ പലർക്കും ആശയക്കുഴപ്പമുള്ള മറ്റുചില കാര്യങ്ങളാണ് പറയാനുദ്ദേശിക്കുന്നത്.

ഒന്നാമത്തെ സംഗതി എല്ലാത്തരം കെട്ടിടങ്ങൾക്കും 80 ചതുരശ്ര മീറ്റർ വരെയുള്ള നിർമാണത്തിന് പെർമിറ്റ് ഫീസിൽ സർക്കാർ വർധന വരുത്തിയിട്ടില്ല എന്നതാണ് യാഥാർഥ്യം. അതായത് താമസ കെട്ടിടങ്ങൾ ആണെങ്കിൽ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഏഴ് രൂപ നിരക്കിലും കോർപ്പറേഷനുകളിൽ 10 രൂപ നിരക്കിലും തന്നെയാണ് ഇപ്പോഴും ഇത്തരം കെട്ടിടങ്ങളുടെ നിർമാണ ഫീസ്. താമസേതര കെട്ടിടങ്ങൾക്ക് 10 രൂപയും 15 രൂപയുമാണ് നിരക്ക്. 

പലപ്പോഴും ചില തദ്ദേശസ്ഥാപനങ്ങളിൽ എങ്കിലും ഈ നിരക്കിളവ് അനുവദിക്കുന്നില്ല എന്നൊരു പരാതി നിലവിൽ ഉണ്ടായിരുന്നു. 10-4-2023ലെ പെർമിറ്റ് ഫീസ് വർധന പ്രകാരം 80 ചതുരശ്ര മീറ്ററിനും 150 ചതുരശ്ര മീറ്ററിനും ഇടയിൽ ഒരു സ്ലാബ്, 180 മുതൽ 300 വരെ ചതുരശ്ര മീറ്ററിന് മറ്റൊരു സ്ലാബ്, 300 മുകളിൽ മൂന്നാമത് ഒരു സ്ലാബ് ഇങ്ങനെയായിരുന്നു ഫീസ് നിരക്ക്.

പ്രധാന ആശയക്കുഴപ്പം ഈ സ്ലാബുകൾ എങ്ങനെ കണക്കാക്കും എന്നതായിരുന്നു. ഒരു പ്ലോട്ടിൽ നിർമിക്കുന്ന കെട്ടിടങ്ങളുടെ ആകെ വിസ്തീർണ്ണം കണക്കിലെടുത്തല്ല ഫീസ് നിശ്ചയിക്കുന്നതിന് ആവശ്യമായ സ്ലാബ് കണക്കാക്കുന്നത്. ഒരു പ്ലോട്ടിൽ ഒന്നിൽ കൂടുതൽ കെട്ടിടങ്ങൾ ഓരോന്നും 80 ചതുരശ്ര മീറ്ററിൽ കുറവായി  നിൽക്കുന്ന പ്രത്യേകം കെട്ടിടങ്ങളാണെങ്കിൽ അവർക്കെല്ലാം പഴയ നിരക്ക് പ്രകാരമുള്ള ഫീസാണ് ഉണ്ടാവുക.

ഇനി നിലവിലുള്ള ഒരു കെട്ടിടം 180 ചതുരശ്ര മീറ്റർ ഉള്ളതാണെങ്കിൽ ആ കെട്ടിടത്തിനു മുകളിൽ / താഴെ  20 ചതുരശ്ര മീറ്റർ കൂടി നിർമിക്കുന്ന പക്ഷം പുതുതായി നിർമിക്കുന്ന ഭാഗം 80 ചതുരശ്രമീറ്ററിൽ കുറവാണ് എന്നുള്ളതുകൊണ്ട് മാത്രം പഴയനിരക്കിൽ ഫീസ് കണക്കാക്കില്ല. എന്നാൽ അതിന്റെ പെർമിറ്റ് ഫീസ് കണക്കാക്കുമ്പോൾ ആ കെട്ടിടവും പുതുതായി നിർമ്മിക്കുന്ന ഭാഗവും ഒന്നിച്ചു ചേർത്ത് എത്രയാണോ അളവ് വരുന്നത് ആ അളവിനനുസരിച്ചുള്ള സ്ലാബ് ആയിരിക്കും വരിക.

 ഇപ്പോൾ ഇവിടെ നമ്മൾ ചർച്ച ചെയ്തതാണെങ്കിൽ നിലവിലുള്ള കെട്ടിടം 180 ചതുരശ്ര മീറ്റർ അതിനു കൂടെ 20 ചതുരശ്ര മീറ്റർ  ചേർത്ത് ആ കെട്ടിടത്തിൽ തന്നെ വിപുലപ്പെടുത്തുമ്പോൾ വർധിക്കുന്ന വിസ്തീർണ്ണം 200 ചതുരശ്ര മീറ്റർ ആയതിനാൽ കെട്ടിടം 150 നും മുന്നൂറിനും ഇടയ്ക്കുള്ള സ്ലാബ് ആയി കണക്കാക്കി, ആ സ്ലാബ് പ്രകാരം നിർമിക്കുന്ന വിസ്തീർണമായ 20 ചതുരശ്ര  മീറ്ററിന് ഫീസ് അടക്കേണ്ടിവരും. എന്നാൽ ഒരു പ്ലോട്ടിൽ  180 അല്ലെങ്കിൽ 200 ചതുരശ്ര മീറ്ററുള്ള ഒരു കെട്ടിടം നിൽക്കുന്നുണ്ട്, അവിടെ പ്രത്യേകമായി ഒരു കെട്ടിടം നിലവിലെ കെട്ടിടത്തോട് കൂടി ചേർക്കാതെ സ്വതന്ത്രമായി നിർമിക്കുന്നതാണെങ്കിൽ ആ പുതിയ കെട്ടിടം ഏത് സ്ലാബിലാണോ വരുന്നത് അതാനുസരിച്ചുള്ള ഫീസാണ് അടയ്‌ക്കേണ്ടി വരുന്നത്. പലപ്പോഴും പല തദ്ദേശസ്ഥാപനങ്ങളിലും ഇതൊരു തർക്കമായി വരികയും ബഹുമാനപ്പെട്ട സർക്കാർ ഇത് സംബന്ധിച്ച് കൃത്യമായി വിശദീകരണം നൽകുകയും ചെയ്തിട്ടുള്ളതാണ്.

ഇനി മറ്റൊരു പ്രധാനപ്പെട്ട സംഗതി പെർമിറ്റ് ഫീസ് വർധന എന്ന് പരാതി പറയുന്ന പലരും പെർമിറ്റ് എടുത്ത ശേഷം പിന്നീട് ആ പെർമിറ്റുകൾ നീട്ടുകയോ പുതുക്കുകയോ ചെയ്യാറില്ല എന്നതാണ് ( ഒരു പെർമിറ്റിന്റെ കാലാവധി ഇപ്പോൾ 5 വർഷമാണ്)  

പെർമിറ്റ് പുതുക്കുകയോ നീട്ടുകയോ ചെയ്യേണ്ടി വരുന്നത് നിലവിൽ പെർമിറ്റ് ആവശ്യമുള്ള നിർമാണങ്ങൾ അവശേഷിക്കുന്നെങ്കിൽ മാത്രമായിരിക്കും. അങ്ങനെ വരുമ്പോൾ പലപ്പോഴും നിലവിൽ പെർമിറ്റ് ലഭ്യമാക്കിയ വിസ്തീർണത്തിൽ നിന്നും അധികരിച്ച് നിർമിക്കുകയും ആ നിർമാണം തദ്ദേശസ്ഥാപനങ്ങളിൽ അറിയിച്ചു പെർമിറ്റ് റിവൈസ് ചെയ്യാതിരിക്കുകയോ പെർമിറ്റ് പുതുക്കാതിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ നിർമാണം പൂർത്തീകരിച്ചാൽ ആയത് ക്രമവൽക്കരിക്കുകയേ തരമുള്ളൂ. അങ്ങനെ ക്രമീകരിക്കേണ്ടി വരുമ്പോൾ വലിയ തോതിലുള്ള ഫീസ് അടയ്ക്കേണ്ടി വരാം.

ഉദാഹരണത്തിന് 140 ചതുരശ്രമീറ്റർ ഉള്ള ഒരു കെട്ടിടത്തിലാണ് പെർമിറ്റ് ലഭ്യമാക്കിയിട്ടുള്ളതെങ്കിൽ പെർമിറ്റ് ഫീസ് അടച്ചിട്ടുണ്ടാവുക, 150 വരെയുള്ള സ്ലാബിലായിരിക്കും. പിന്നീട് 15 മീറ്റർ സ്ക്വയർ കൂടി നിർമാണം നടത്തുന്ന പക്ഷം പെർമിറ്റ് റിവൈസ് ചെയ്യുമ്പോൾ അധികരിച്ച് നിർമിക്കുന്ന ഏരിയയ്ക്ക് 150 ചതുരശ്ര മീറ്ററിന് മുകളിലുള്ള സ്ലാബിൽ ഫീസ് അടക്കേണ്ടി വരും എന്നാൽ പെർമിറ്റ് റിവൈസ് ചെയ്യാതെ നിർമാണം പൂർത്തീകരിച്ചാൽ  മുഴുവൻ വിസ്തീർണ്ണത്തിനും 150- 300 ഇടയിലുള്ള സ്ലാബിലെ ഫീസ് അടക്കേണ്ടി വരികയും അതിന്റെ ക്രമവൽകരണ ഫീസായി തന്നെ വലിയ തുക അടക്കേണ്ടി വരികയും ചെയ്യും. അതിനാൽ പെർമിറ്റുകളുടെ കാലാവധി കൃത്യമായി ശ്രദ്ധിക്കുക. അശ്രദ്ധ കൊണ്ട് ക്രമവൽക്കരണ നടപടിയിലേക്ക് പോകുന്നത് ഒഴിവാക്കുക.

English Summary:

Government Reduced Building Permit Fees- Things to know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com