കിടപ്പുമുറിയിൽ ഫർണിച്ചർ ഇല്ല, ഉറക്കം നിലത്ത്: അനിരുദ്ധ് രവിചന്ദറിന്റെ വീട്
Mail This Article
ചുരുങ്ങിയ വർഷങ്ങൾകൊണ്ട് തമിഴകത്തിന് അനേകം സൂപ്പർഹിറ്റ് ഗാനങ്ങൾ ഒരുക്കി നൽകി ഇപ്പോൾ ജവാനിലൂടെ ഇന്ത്യൻ ചലച്ചിത്രമേഖലയിലെ തന്നെ മുൻനിരക്കാരിൽ ഒരാളായി മാറിയിരിക്കുകയാണ് അനിരുദ്ധ് രവിചന്ദർ. 3 എന്ന ധനുഷ് ചിത്രത്തിനായി ഗാനങ്ങൾ ഒരുക്കിയതിനു ശേഷം അദ്ദേഹത്തിന് ഒരിക്കലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കുടുംബത്തിനൊപ്പം ചെന്നൈയിലാണ് അദ്ദേഹം താമസമാക്കിയിരിക്കുന്നത്.
രണ്ട് ഫ്ലാറ്റുകൾ ചേർന്നതാണ് അനിരുദ്ധിന്റെ ചെന്നൈയിലെ വീട്. എന്നാൽ താരപ്രഭയുടെ പകിട്ടൊന്നും ഇല്ലാതെ തികച്ചും സാധാരണ രീതിയിൽ മാത്രമാണ് ഈ വീട് അനിരുദ്ധ്. സ്വാഭാവിക വെളിച്ചം ധാരാളമായി ലഭിക്കുന്ന രീതിയിൽ ഒരുക്കിയിരിക്കുന്ന വീട്ടിലെവിടെയും പോസിറ്റിവിറ്റി നിറഞ്ഞിരിക്കുന്നത് കാണാം. ചലച്ചിത്ര മേഖലയുടെ തിരക്കുകൾ ഒന്നും ബാധിക്കാതെ വീട്ടുകാർക്കൊപ്പം അവരുടെ മകനായി മാത്രം ഇരിക്കാൻ പറ്റുന്ന ഒരിടമാണ് അനിരുദ്ധിന് ഈ വീട്. വിശാലമായ ലിവിങ് റൂമാണ് ആദ്യത്തെ കാഴ്ച. ലളിതമായ സോഫകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. കുടുംബാംഗങ്ങളെല്ലാം ഒത്തുചേർന്ന് സംസാരിച്ചിരിക്കുന്നത് ഇവിടെയാണെന്ന് അനിരുദ്ധ് പറയുന്നു. ധാരാളം സ്ഥല വിസ്തൃതി ഉറപ്പാക്കിക്കൊണ്ടാണ് ലിവിങ് റൂം ഡിസൈൻ ചെയ്തിരിക്കുന്നത്.
കുടുംബത്തിനൊപ്പമുള്ള മനോഹര നിമിഷങ്ങളെല്ലാം ഫ്രെയിമുകളാക്കി പ്രദർശിപ്പിച്ചിരിക്കുന്ന ഒരു മെമ്മറി വോളും അനിരുദ്ധിന്റെ വീട്ടിലുണ്ട്. വിശാലമായ ഗ്ലാസ് ജനാലയുള്ള ബാൽക്കണിക്ക് അപ്പുറമാണ് വീടിന്റെ രണ്ടാമത്തെ ഭാഗം ഒരുക്കിയിരിക്കുന്നത്. ലൈബ്രറി റൂമാണ് ഇവിടേയ്ക്ക് കടക്കുമ്പോഴുള്ള ആദ്യത്തെ കാഴ്ച. വാം ലൈറ്റിംഗ് നൽകി മനോഹരമായ ആംബിയൻസ് ഒരുക്കിയെടുത്തിരിക്കുന്നു. ഫ്രെയിം ചെയ്ത ധാരാളം ഫോട്ടോകൾ പലയിടങ്ങളിലായി കാണാം. പല കാലഘട്ടങ്ങളിലായി രജനീകാന്തിനൊപ്പം എടുത്ത ചിത്രങ്ങളും അവയിൽ ഇടം പിടിച്ചിരിക്കുന്നു. മനോഹരമായ നിരവധി കലാസൃഷ്ടികളും അകത്തളം അലങ്കരിക്കാനായി ഉപയോഗിച്ചിരിക്കുന്നു.
വീടിനുള്ളിൽ ഒരു ഹോം തിയേറ്റർ ഏരിയയും സജ്ജീകരിച്ചിട്ടുണ്ട്. താരത്തിന്റെ കിടപ്പുമുറിയാണ് വീട്ടിലെ എടുത്തു പറയേണ്ട മറ്റൊന്ന്. അധികം സ്റ്റോറേജ് സ്പേസുകളോ ഫർണിച്ചറുകളോ ഒന്നുമില്ലാതെ അങ്ങേയറ്റം ലളിതമായ ഒരു ഇടമാണ് ഇത്. തറയിൽ കിടന്നുറങ്ങാൻ ഏറെ ഇഷ്ടപ്പെടുന്ന അനിരുദ്ധ് കട്ടിൽ ഒഴിവാക്കി നിലത്ത് മാട്രസ് ഇട്ടാണ് കിടക്കുന്നത്. തന്റെ ക്യാപ്പുകളുടെ കലക്‌ഷൻ സൂക്ഷിക്കാനായി ഒരു പ്രത്യേക സ്റ്റാൻഡും മുറിയിൽ ഒരുക്കിയിട്ടുണ്ട്.
English Summary- Anirudh Ravichander flat in Chennai- Celebrity Homes