മൂന്നാഴ്ചത്തെ കുതിപ്പിന് വിരാമം, കുരുമുളകുവില താഴ്ന്നു; ജാതിക്കയ്ക്കു പ്രതീക്ഷ: ഇന്നത്തെ (14/1/25) അന്തിമ വില
Mail This Article
ഇന്തോനേഷ്യ കുരുമുളകിന്റെയും വെള്ളക്കുരുമുളകിന്റെയും വില ഉയർത്തി. ജക്കാർത്തയിലെ ചരക്കു ക്ഷാമം വിലക്കയറ്റത്തിന് കാരണമായെന്ന് ഒരു വിഭാഗം റീ സെല്ലർമാർ, അതല്ല ചൈനീസ് ലൂണാർ ന്യൂ ഇയർ ഡിമാൻഡ് ആണ് വിപണി ചൂടുപിടിക്കാൻ അവസരം ഒരുക്കിയതെന്നും സൂചനയുണ്ട്. കരുതൽ ശേഖരം ചുരുങ്ങുന്നതും അടുത്ത സീസണിന് നീണ്ട മാസങ്ങൾ കാത്തിരിക്കേണ്ടി വരുമെന്നതും ചരക്കു പിടിക്കാൻ സ്റ്റോക്കിസ്റ്റുകളെ പ്രേരിപ്പിക്കുന്നു. ആഗോള വിപണിയിലെ സ്ഥിതിഗതികൾ പരമാവധി നേട്ടമാക്കാനുള്ള ശ്രമത്തിലാണ് ഇന്തോനേഷ്യൻ കയറ്റുമതിക്കാർ. കുരുമുളക് ടണ്ണിന് 7155 ഡോളറായും വെള്ളക്കുരുമുളക് വില 9250 ഡോളറായും ഉയർത്തി. ഇതിനിടെ വിയറ്റ്‌നാം കുരുമുളകു വിലയിൽ സാങ്കേതിക തിരുത്തൽ സംഭവിച്ചു. ആഭ്യന്തര മാർക്കറ്റിലെ ലഭ്യതക്കുറവിനിടെ കയറ്റുമതിക്കാർ അൽപം പിൻവലിഞ്ഞതായാണ് അവിടെ നിന്നുള്ള വിവരം. വിയറ്റ്‌നാം മുളകു വില ഒൻപതു വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക് ദർശിച്ച ശേഷമാണ് തിരുത്തലിലേക്ക് തിരിഞ്ഞത്. വിയറ്റ്‌നാമിലെ ചാഞ്ചാട്ടങ്ങൾ കണ്ട് കേരളത്തിൽ നിന്നും കർണാടകത്തിൽ നിന്നുമുള്ള വാങ്ങൽ കുറച്ച് അന്തർസംസ്ഥാന ഇടപാടുകാർ വിപണിയിൽ നിന്ന് അൽപം അകന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ക്രിസ്‌മസിന് ശേഷം തുടർച്ചയായി മൂന്നാഴ്‌ച വിലക്കയറ്റം കാഴ്‌ചവെച്ച കുരുമുളകു വില ഇന്ന് 100 രൂപ കുറഞ്ഞ് 64,600 രൂപയായി.
ഡോളറിന് മുന്നിൽ കരുത്ത് നിലനിർത്താൻ യെൻ ശ്രമിക്കുന്നതിനിടെ വിദേശ നിക്ഷേപകർ റബറിലേക്ക് ശ്രദ്ധ തിരിച്ചെങ്കിലും ഒസാക്കയിൽ റബർ കിലോ 369 - 374 റേഞ്ചിൽ നീങ്ങി. ബാങ്കോക്കിൽ റബർ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചത് ഉൽപാദകരാജ്യങ്ങളിൽ പ്രതീക്ഷ പകർന്നു. സംസ്ഥാനത്ത് ചെറിയ മഴ ലഭ്യമായത് റബർ ഉൽപാദകർക്ക് ആശ്വാസം പകർന്നു, കനത്ത പകൽച്ചൂടിനെ തുടർന്ന് യീൽഡ് ചുരുങ്ങിയ കർഷകരിൽ ആശങ്കജനിപ്പിച്ചിരുന്നു. നാലാം ഗ്രേഡ് റബർ കിലോ 192 രൂപയിലും ലാറ്റക്‌സ് 126 രൂപയിലും വ്യാപാരം നടന്നു.
ജാതിക്ക ലഭ്യത ചുരുങ്ങിയതിനിടയിൽ വാങ്ങൽ താൽപര്യം വർധിച്ചു. ഉത്തരേന്ത്യൻ കറിമസാല വ്യവസായികൾ രംഗത്തുണ്ട്. ഉൽപാദന മേഖലയിൽനിന്നും മധ്യകേരളത്തിലെ വിപണികളിലേക്കുള്ള ജാതിക്ക, ജാതിപത്രി വരവ് ശക്തമല്ല. ഉത്തരേന്ത്യൻ ഔഷധ വ്യവസായികളും ചരക്ക് സംഭരണത്തിന് ഉത്സാഹിച്ചു. ഹൈറേഞ്ചിൽ മുരിക്കാശേരി വിപണിയിൽ ജാതിക്ക കിലോ 350 രൂപയിലും നെടുങ്കണ്ടത്ത് 370 രൂപയിലും തോപ്രാംകുടിയിൽ 425 രൂപയിലും കൈമാറി. കാലടിയിൽ ജാതിക്ക 280 - 320 രൂപയിലാണ്. മികച്ചയിനം ജാതിക്ക, ജാതിപത്രി എന്നിവ കയറ്റുമതിക്കാർ സംഭരിക്കുന്നുണ്ട്.
നാളികേരോൽപ്പന്നങ്ങളുടെ വില ഉയർന്നു. മകരസംക്രാന്തി പ്രമാണിച്ച് തമിഴ്‌നാട് വിപണി ഇന്ന് അവധിയാണ്. കേരളത്തിൽ കൊപ്ര 100 രൂപയുടെ മികവിൽ 15,100 രൂപയായി ഉയർന്നപ്പോൾ വെളിച്ചെണ്ണ വില 22,500 രൂപയായി. മില്ലുകാർ ഉയർന്ന വിലയ്‌ക്ക് സ്റ്റോക്ക് വിറ്റുമാറാൻ ഉത്സാഹിച്ചു. കേരളത്തിന്റെ പല ഭാഗങ്ങളിലും നാളികേര വിളവെടുപ്പിന് തുടക്കം കുറിച്ച സാഹചര്യത്തിൽ പച്ചത്തേങ്ങ വരവ് ഉയരുമെന്ന നിഗമത്തിലാണ് വ്യവസായികൾ.