ADVERTISEMENT

ഐറിഷ് എഴുത്തുകാരൻ പോൾ ലിഞ്ചിന്റെ ‘പ്രോഫറ്റ് സോങ്’ ’എന്ന നോവലിന് 2023 ലെ ബുക്കർ പുരസ്കാരം. ഡിസ്റ്റോപ്പിയൻ അയർലൻഡിനെ പശ്ചാത്തലമാക്കിയുള്ള ത്രില്ലറായ 'പ്രോഫറ്റ് സോങ്' സംസാരസ്വാതന്ത്ര്യവും പൗരസ്വാതന്ത്ര്യവുമില്ലാത്ത ഒരു ഏകാധിപത്യ സമൂഹത്തിൽ അതിജീവനത്തിനായി പോരാടുന്ന ഒരു കുടുംബത്തിന്റെ കഥയാണ് പറയുന്നത്. സ്നേഹം, പോരാട്ടം, പ്രതിരോധം എന്നീ പ്രമേയങ്ങൾക്ക് പ്രാധാന്യം നല്‍കുന്ന നോവൽ, ജനാധിപത്യത്തിന്റെ ദുർബലതയെയും അനിയന്ത്രിതമായ അധികാരത്തിന്റെ അപകടങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്നു. വൺവേൾഡ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

prophet-song-paul-lynch-booker

ഞായറാഴ്ച ലണ്ടനിലെ ഓൾഡ് ബില്ലിംഗേറ്റിൽ നടന്ന ചടങ്ങിലായിരുന്നു പുരസ്കാര പ്രഖ്യാപനം. ‘ദ് സെവൻ മൂൺസ് ഓഫ് മാലി അൽമേഡ’യിലൂടെ കഴിഞ്ഞ വർഷത്തെ ബുക്കർ സമ്മാന ജേതാവായ ശ്രീലങ്കൻ എഴുത്തുകാരൻ ഷെഹാൻ കരുണാതിലകയിൽ നിന്നാണ് പോൾ ലിഞ്ച് പുരസ്കാരം സ്വീകരിച്ചത്. 46 കാരനായ ലിഞ്ചിന്റെ ‘ധീരമായ പ്രകടനത്തിനെയും ഭയങ്കരവും വിചിത്രവും മനോഹരമായ ഒരു ലോകം സൃഷ്ടിക്കാനും നിലവിലെ സാമൂഹികവും രാഷ്ട്രീയവുമായ ആകുലതകൾ ഗ്രഹിക്കുവാനുമുള്ള കഴിവിനെയും’ ബുക്കർ പ്രൈസ് വിധികർത്താക്കൾ പ്രശംസിച്ചു. സ്വാതന്ത്ര്യം, അടിച്ചമർത്തൽ എന്നീ വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന ശക്തവും കാലോചിതവുമായ നോവലാണ് 'പ്രോഫറ്റ് സോങ്' എന്ന് ബുക്കർ പ്രൈസ് ചെയർ നീൽ മാക്ഗ്രെഗർ അഭിപ്രായപ്പെട്ടു. 

‘‘ബുക്കർ സമ്മാനം ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു, ഇത് എനിക്ക് അവിശ്വസനീയമായ നിമിഷമാണ്. എന്റെ സൃഷ്ടിയെ അംഗീകരിച്ചതിന് വിധികർത്താക്കളോട് ഞാൻ വളരെ നന്ദിയുള്ളവനാണ്. ചുറ്റുമുള്ള ലോകത്തെ കുറിച്ച് വിമർശനാത്മകമായി ചിന്തിക്കാനും സ്വാതന്ത്ര്യത്തിനായി പോരാടാനും 'പ്രോഫറ്റ് സോങ്' വായനക്കാരെ പ്രചോദിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.’’ ലിഞ്ച് പുരസ്കാര സ്വീകരണ പ്രസംഗത്തിൽ പറഞ്ഞു. 

1977-ൽ ഡബ്ലിനിൽ ജനിച്ച ലിഞ്ചിന്റെ അഞ്ചാമത്തെ നോവലാണ് 'പ്രോഫറ്റ് സോങ്'. ഡബ്ലിനിലെ ട്രിനിറ്റി കോളജിൽ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദവും അയോവ സർവകലാശാലയിൽ നിന്ന് ഫൈൻ ആർട്‌സിൽ ബിരുദാനന്തര ബിരുദവും നേടിയ ലിഞ്ച്, ഐറിസ് മർഡോക്ക്, ജോൺ ബാൻവിൽ, റോഡി ഡോയൽ, ആൻ എൻറൈറ്റ് എന്നിവർക്ക് ശേഷം ബുക്കർ പ്രൈസ് നേടുന്ന അഞ്ചാമത്തെ ഐറിഷ് സാഹിത്യപ്രതിഭയാണ്. ലിഞ്ചിന്റെ 'ദ ബ്ലാക്ക് സ്നോ', 'ഗ്രേസ്, 'ബിയോണ്ട് ദ സീ', 'റെഡ് സ്കൈ ഇൻ മോണിങ്' എന്നീ കൃതികൾ പ്രിക്സ് ലിബ്ര നോസ് സമ്മാനമുൾപ്പെടെ നിരവധി സാഹിത്യ പുരസ്കാരങ്ങൾ നേടിട്ടുണ്ട്. 2007 മുതൽ 2011 വരെ അയർലൻഡിലെ സൺഡേ ട്രിബ്യൂൺ ദിനപത്രത്തിന്റെ മുഖ്യ ചലച്ചിത്ര നിരൂപകനായിരുന്ന ലിഞ്ച്, സിനിമയെക്കുറിച്ച് ലേഖനങ്ങളും എഴുതിരുന്നു.

Booker-Prize-Foundation
Photo Credit: The Booker Prize Foundation

കോമൺ‌വെൽത്ത്, അയർലൻഡ്, സിംബാബ്‌വെ എന്നിവിടങ്ങളിൽ നിന്നുള്ള എഴുത്തുകാരുടെ നോവലിനാണ് ലോകത്തിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരങ്ങളിലൊന്നായ ബുക്കർ പ്രൈസ് നൽകുന്നത്. 50,000 പൗണ്ടാണ് സമ്മാനത്തുക. ഈ വർഷം ലണ്ടനില്‍ താമസിക്കുന്ന ഇന്ത്യൻ വംശജയായ എഴുത്തുകാരി ചേതന മാരുവിന്റെ ആദ്യ നോവൽ 'വെസ്റ്റേൺ ലെയ്നും' മത്സരത്തിനുണ്ടായിരുന്നു. സാറാ ബേൺസ്റ്റൈന്റെ 'സ്റ്റഡി ഫോർ ഒബീഡിയൻസ്', ജോനാഥൻ എസ്‌കോഫെറിയുടെ 'ഇഫ് ഐ സർവൈവ് യു', പോൾ ഹാർഡിങ്ങിന്റെ 'ദി അദർ ഈഡൻ', പോൾ മുറെയുടെ 'ദ് ബീ സ്റ്റിങ്' എന്നിവയാണ് 2023-ലെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട മറ്റ് പുസ്തകങ്ങൾ. ഷോർട്ട്‌ലിസ്റ്റ് ചെയ്‌ത ഓരോ രചയിതാവിനും 2,500 പൗണ്ടും ഡിസൈനർ ബുക്ക്‌ബൈൻഡേഴ്‌സ് സൊസൈറ്റിയിലെ അംഗങ്ങൾ രൂപകൽപന ചെയ്‌ത പുസ്തകത്തിന്റെ പതിപ്പും നൽകും.

English Summary:

Irish Novelist Paul Lynch Clinches the Booker Prize 2023 with His Dystopian Masterpiece 'Prophet Song'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com