പ്രവാസജീവിതം; 'പുലർച്ചെ രണ്ടു മണിക്കു ജോലിസ്ഥലത്ത് എത്താൻ താമസയിടത്തു നിന്ന് ഒന്നര കിലോമീറ്ററോളം നടക്കണം'

Mail This Article
പലപ്പോഴും പാതിരാത്രിയിലുള്ള അത്തരം യാത്രകൾ ചെന്നെത്തിയിരുന്നത് ജോർദാൻ, സൗദി അതിർത്തി ചെക് പോയിന്റ് സ്ഥാപിച്ചിട്ടുള്ള ഹദീസ്സ വരെയാവും. ആയുധ ധാരികളായ പട്ടാളക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും അവരുടെ ഏതാനും ഓഫീസുകളും മാത്രമാണ് ആ മരുഭൂമിക്ക് നടുവിലുള്ളത്. അവിടെ എത്തി ഒന്ന് പുറത്തിറങ്ങി ഇരുണ്ട സമുദ്രം പോലെ അറ്റമില്ലാത്ത മരുഭൂമി നോക്കി, ഇരുട്ടിന്റെ തടവറയിൽ ബന്ധിക്കപ്പെട്ടപോലെ അൽപനേരം കാറിൽ ചാരി നിൽക്കും ഞാൻ. അതൊരു ഭ്രമജനകമായ കാഴ്ചയാണ്. മരുഭൂമിയെ ഇരുട്ട് മൂടിയ ഒരു മഹാ വൃത്തത്തിൽ പൊതിയുന്ന ആകാശം. അപ്പോൾ ഞാൻ നിൽക്കുന്നത് ഭൂമിയിലല്ലെന്നും ഏതോ വിദൂര ഗ്രഹത്തിലാണെന്നും മനസ്സ് പറയും. ചെക് പോയിന്റിൽ മാത്രമാണ് ഏതാനും തെരുവു വിളക്കുകൾ ഉള്ളത്. അവിടെ നിന്ന് തുടങ്ങി മരുഭൂമിക്ക് നടുവിലൂടെ ആകാശത്തിലെ ഇരുട്ട് ഒലിച്ചിറങ്ങിയത് പോലെ നീണ്ട് മറയുന്ന തെരുവു വിളക്കുകളില്ലാത്ത രണ്ട് വരി പാത. വർഷം 1994. സൗദി, ജോർദാൻ അതിർത്തിയോട് ചേർന്ന ചെറു പട്ടണമായ ഗുറയാത്ത് ആണ് സ്ഥലം. മൂന്നോ നാലോ കൊടിയ ശൈത്യവും തീച്ചൂട് കാലവും കടന്ന് പോയിരിക്കണം ഇവിടം താവളമാക്കിയിട്ട്. കണ്ട് മറന്നൊരു സ്വപ്നം കണക്കേ നാടും നാട്ടാരും ഓർമ്മകളിൽ പൊടിമൂടി തുടങ്ങിയിരിക്കുന്നു. പകൽ നേരങ്ങളിൽ പല തിരക്കുകളിൽ വ്യാപൃതമാകുന്നത് കൊണ്ട് പൊതുവേ മനസ്സ് ശാന്തമായിരിക്കും. ഒരു ചൂട് നീരുറവ കണക്കേയാണ് ചില രാത്രി നേരങ്ങളിൽ നാടിനെ കുറിച്ചുള്ള ഓർമ്മകൾ പുകഞ്ഞ് തുടങ്ങുന്നത്. അത്തരം പുകച്ചിലുകൾ അസഹ്യമാകുമ്പോഴാണ് മരുഭൂവിന് നടുവിലൂടെ നീളുന്ന പാതയിലെ ഇരുട്ടിലൂടെ ഞാൻ മുങ്ങാങ്കുഴി ഇട്ടിരുന്നത്. മണിക്കൂറുകൾ ഏറെ നീളും പലപ്പോഴും അത്തരം തനിച്ചുള്ള കാർ യാത്രകൾ.
കാണാനും കേൾക്കാനും അറിയാനും ആരും ഇല്ലാതാകുമ്പോഴാണ് മനുഷ്യൻ യഥാർഥത്തിൽ സ്വതന്ത്രനാകുന്നത്. അപ്പോഴവൻ വിചിത്രമായ രീതികളിൽ പെരുമാറുവാൻ തുടങ്ങും. മൺമറഞ്ഞ് പോയവരോടും ഇനി പിറക്കാനിരിക്കുന്നവരോടും സംസാരിക്കും. പാടുവാനറിയാത്തവർ പാടും. ചുവടുകളറിയാത്തവർ നൃത്തമാടും. പൊട്ടിച്ചിരിക്കും. സ്വാതന്ത്ര്യത്തിൽ മതിമറന്ന് കൂകി വിളിക്കും. അത്തരം യാത്രകളിലാണ് ഉൽക്കകൾ പറന്ന് വീഴുന്നത് ആദ്യമായ് കാണുന്നത്. തെളിഞ്ഞ പാതിരാ മാനത്ത് പല കോണുകളിലും അവയെ കാണാം. അത്തരം ഒരു രാത്രി യാത്ര കഴിഞ്ഞ് മടങ്ങുമ്പോഴേക്കും, ഏറെ സ്നേഹിക്കുന്ന ഒരാളുടെ ഊഷ്മളമായൊരു ആലിംഗനം ലഭിച്ചാലെന്നവണ്ണം മനസ്സ് ശാന്തമായിട്ടുണ്ടാകും. അതൊരു ഔഷധമാണ്. പുഴുങ്ങിയ ഒട്ടകത്തിന്റെ മാംസവും അറബി ചോറും സുലൈമാനിയും ലഭിക്കുന്ന ഒരു ചെറു ഭക്ഷണ ശാല ഹദീസയിലുണ്ട്. അറവ് ശാലയുടെ ഗന്ധം നിറഞ്ഞ് നിൽക്കുന്ന ഒരിടം. ചിലപ്പോഴെല്ലാം ശിക്ഷ ഏറ്റ് വാങ്ങുന്ന ഒരു നിസ്സഹായനായ കുറ്റവാളിയെ പോലെ പുഴുങ്ങിയ മാംസവും കട്ടൻ ചായയും കഴിച്ച്, മനുഷ്യ നിർമ്മിതമായ സാങ്കൽപിക അതിർത്തിക്കപ്പുറമുള്ള ജോർദാൻ ദേശത്തെ ഇരുട്ടിലേക്ക് നോക്കി ഏറെ നേരം ഇരിക്കും. ശീലിച്ച് പഴകിയ രുചി സങ്കൽപങ്ങളൊക്കെ നാവിൽ നിന്ന് എന്നോ പടിയിറങ്ങി പോയ് കഴിഞ്ഞിരിക്കുന്നു. വിശപ്പ് തോന്നുമ്പോൾ കഴിക്കുന്നത് ഏത് വിചിത്ര ഭക്ഷണമാണെങ്കിലും അതിൽ രുചി കണ്ടെത്തുവാൻ നാവ് ഇടയ്ക്കെപ്പോഴോ പരിശീലിച്ച് കഴിഞ്ഞിരുന്നു. മനുഷ്യൻ രാജ്യങ്ങൾക്ക് അതിരുകൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും മരുഭൂമിക്ക് അതിരുകളില്ല. ചക്രവാളം മുതൽ ചക്രവാളം വരെയാണ് മരുഭൂമിയുടെ അതിരുകൾ. ഭൂമിയിൽ അദൃശ്യ രേഖകൾ വരച്ച് മനുഷ്യർ ആവാസ മേഖലയെ തന്റേതായും അപരന്റേതായും സങ്കൽപ്പിച്ച് വീതം വെക്കുന്നു. അതിരുകളെ ചൊല്ലി ഒരു മനുഷ്യായുസ്സിനേക്കാൾ ദൈർഘ്യമേറിയ ഒരിക്കലും അവസാനിക്കാത്ത തർക്കങ്ങളിൽ ഏർപ്പെടുന്നു. യഥാർഥത്തിൽ ഉരുണ്ട ഭൂമിക്ക് എങ്ങനെയാണ് അതിരുകൾ കണ്ടെത്താനാവുക? ഗോളരൂപത്തിൽ അതിർത്തികൾ സൃഷ്ടിക്കുന്ന മൂഢന്മാരാണ് മനുഷ്യർ.
മരുഭൂമിക്ക് ചില അസുഖകരമായ സ്വഭാവ വൈകല്യങ്ങളുണ്ട്. അവിശ്വസനീയമായ രീതിയിൽ നുണ പറഞ്ഞ് സത്യമാണെന്ന് നമ്മെ വിശ്വസിപ്പിക്കും. എത്ര തവണ കബളിപ്പിക്കപ്പെട്ടാലും വീണ്ടും സത്യമാണെന്ന് ആണയിട്ടുകൊണ്ട് നമ്മെ വിഡ്ഢികളാക്കുവാൻ അതീവ വൈദഗ്ധ്യമാണതിന്. ഊതിയൂതി പഴുപ്പിച്ച ഒരു ഉല പോലെ ആകാശവും മരുഭൂമിയും ഉഷ്ണം നിറഞ്ഞ് തുടങ്ങുമ്പോൾ അത് ജാലവിദ്യകൾ ഒന്നൊന്നായ് പുറത്തെടുക്കുവാൻ തുടങ്ങും. ഇല്ലാത്ത പാതകൾ മരുഭൂമിയിലേക്ക് നീളുന്നതും ഉള്ള പാതകൾ മാഞ്ഞ് പോകുന്നതും കാട്ടി നമ്മെ ഭയപ്പെടുത്തും. ചില വിദൂര കോണുകളിൽ മരുഭൂമി ഒന്നാകെ തിളച്ച് മറിയുന്നത് കാട്ടിത്തരും. വലിയ ജലാശയങ്ങളും പച്ചത്തുരുത്തുകളും കാട്ടി മോഹിപ്പിച്ച് മരുഭൂമിയുടെ നിഗൂഢ ഉള്ളറകളിലേക്ക് നമ്മെ വശീകരിക്കും. അത് കൊടും ചതിയാണ്. തിരിച്ച് കയറാനാവാത്ത വമ്പൻ മണൽചുഴികളുടെ കെണിയൊരുക്കി അതങ്ങിനെ ആർത്തിയോടെ നമ്മെ നോക്കും. വശ്യമായ പുഞ്ചിരിയോടെ ചുണ്ണാമ്പ് ചോദിച്ച് വരുന്ന പാലമരത്തിലെ യക്ഷിയെ പോലെയാണ് ചില നേരങ്ങളിൽ മരുഭൂമി. പാതിരാ നേരങ്ങളിൽ ഇരുള് പുതച്ച മരുഭൂമി ഒരു ഹിംസ്ര മൃഗത്തെപ്പോലെ മയങ്ങിക്കിടക്കും. തളർന്ന് മയങ്ങുന്ന മണൽ പരപ്പിനെ ചില നേരങ്ങളിൽ ഒന്നാകെ എടുത്ത് ആകാശത്തിലേക്കുയർത്തി മണൽക്കാറ്റിനെ സൃഷ്ടിക്കും. അപ്പോൾ പ്രക്ഷുബ്ധമായ സമുദ്രം കണക്കേ മരുഭൂമി തിളച്ച് മറിയും. ഒരു ഭാഗത്ത് അപ്രത്യക്ഷമാകുന്ന മണൽ കുന്നുകൾ ഒന്നാകെ മറ്റൊരിടത്ത് പ്രത്യക്ഷപ്പെടും. ആകാശവും ഭൂമിയും പൊടിമണൽ നിറഞ്ഞ് കൊടുങ്കാറ്റ് വീശുന്ന ഒരു വിചിത്ര കാഴ്ചയാണ് മണൽകാറ്റ്. കടൽക്ഷോഭം കണക്കെ അത്യന്തം അപകടകരവും അപ്രതീക്ഷിതവുമാണത്.
മായക്കാഴ്ച എന്ന് തോന്നുമെങ്കിലും, ആ മരുദേശത്ത് പ്രകൃതി ഒരുക്കി വെച്ചിരിക്കുന്ന ഒരു അത്ഭുത യാഥാർഥ്യമാണ് കാഫ് മല. പല അലസ സായാഹ്നങ്ങളിലും ചെന്നെത്തുന്നത് കാഫ് മലയുടെ പരിസരത്തായിരിക്കും. നൂറ്റാണ്ടുകൾക്ക് മുൻപ് മൺമറഞ്ഞ് പോയൊരു മനുഷ്യ സംസ്കൃതിയുടെ ശേഷിപ്പുകളാണ് അവിടമാകെ പരന്ന് കിടക്കുന്നത്. മൺ കട്ടകൾ കൊണ്ടുള്ള വൻ കോട്ടകളും കളിമൺ വീടുകളും ഒരു പുരാതന നഗരാവശിഷ്ടങ്ങളായ് അവിടമാകെ വ്യാപിച്ച് കിടക്കുകയാണ്. ക്രിസ്തുമതവും ഇസ്ലാംമതവും ഉണ്ടാവുന്നതിന് നൂറ്റാണ്ടുകൾ മുൻപ് തന്നെ കാഫ് മലയോട് ചേർന്ന് ഒരു നാഗരികത നിലനിന്നിരുന്നവത്രേ. പല ഗോത്രങ്ങളും കൈവശപ്പെടുത്തി ആധിപത്യം ഉറപ്പിച്ചിരുന്ന ഒരു പ്രദേശമാണത്. പല നീരുറവകളും മൺ കിണറുകളും മരുഭൂമിയിലെ മണൽ പരപ്പിന് യോജിക്കാത്ത വിധത്തിൽ നിരവധി സസ്യജാലങ്ങളും ഈന്തപ്പനകളും ചെറുമരങ്ങളും ചേർന്ന് കുളിർമ്മയും ഗൃഹാതുരത്വവും തോന്നുന്ന ഒരു പ്രദേശം. സുലഭമായ ജലസാന്നിധ്യം തന്നെയാവണം ഇവിടേക്ക് ആദിമ ഗോത്രങ്ങളെയെല്ലാം ആകർഷിച്ചത്. തികച്ചും അന്യമായൊരു ദേശത്തേക്ക് സ്വയം പറിച്ച് നടുന്നതിനെ പ്രവാസമെന്ന് പറയാമെങ്കിലും, മനുഷ്യ ജന്മം തന്നെ ഒരു പ്രവാസ അനുഭവമാണെന്ന് പലപ്പോഴും തോന്നിട്ടുണ്ട്. പ്രകൃതിയിൽ നിന്ന് വന്ന് പ്രകൃതിയിലേക്ക് മടങ്ങുന്നതിനിടയിലുള്ളൊരു പ്രവാസമാണ് ജീവിതം. മനുഷ്യരെല്ലാവരും പ്രവാസികളാണ്. ഒരിക്കൽ ഈ പ്രവാസം മതിയാക്കി മടങ്ങേണ്ടവർ. അറബിനാട്ടിൽ എത്തിയ ആദ്യ രണ്ട് വർഷങ്ങൾ ഞാൻ ഒരു അറബി റൊട്ടി ഉണ്ടാക്കുന്ന ബേക്കറിയിൽ ജോലി ചെയ്തിരുന്നു. ശമ്പളം അഞ്ഞൂറ് റിയാൽ . അക്കാലത്തെ വിനിമയ മൂല്യം നോക്കിയാൽ ഏകദേശം രണ്ടായിരം രൂപക്കടുത്ത് വരും. ഞാൻ അവിടെ ഒരു സഹായി ആയാണ് ജോലി ചെയ്തിരുന്നത്. മുപ്പതിലേറെ പല നാട്ടുകാരായ ജോലിക്കാർ. കാലം കരുതി വെച്ചിരിക്കുന്ന നിറയെ യാദൃശ്ചികതകളാണല്ലോ. അതിനാലാവാം ആ സ്ഥാപനം ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ എന്റെ ഉടമസ്ഥതയിലായ് മാറട്ടെ എന്ന് കാലം തന്റെ മാന്ത്രികദണ്ഡ് വീശി കൽപിച്ചത്. ആ കഥ പിന്നീട് പറയാം.
ബേക്കറിയിൽ ജോലി ചെയ്യുമ്പോൾ പുലർച്ചെ രണ്ട് മണിക്ക് അവിടെ എത്തേണ്ടതുണ്ട്. താമസയിടത്ത് നിന്ന് ഒന്നര കിലോമീറ്ററോളം ദൂരെയുള്ള ബേക്കറിയിലേക്ക് മൺപാതയിലൂടെ നടന്നാണ് അവിടേക്ക് എത്തുക. തെരുവ് വിളക്കുകളില്ലാത്ത രാത്രിവെട്ടം മാത്രമുള്ള ആ മൺതെരുവിൽ വെച്ചാണ് ഹംദാനെ ഞാൻ ആദ്യം കാണുന്നത്. കാണാനും കേൾക്കാനും അറിയാനും ആരുംതന്നെ ഇല്ലെന്ന് തീർച്ചയുള്ളത് കൊണ്ട് കേട്ടുകേട്ട് മനസ്സിൽ ഇടം പിടിച്ചിട്ടുള്ള എല്ലാ പഴയ മലയാള സിനിമാഗാനങ്ങളും ആ നടപ്പിനിടയിൽ ഞാൻ ഉച്ചത്തിൽ പാടും. അവയിലെല്ലാം ആദ്യത്തെ രണ്ട് വരികൾ മാത്രമേ ഗാനരചയിതാവിന്റേതായി ഉണ്ടാവാറുള്ളു. ഞാനൊരു നിമിഷ കവി കൂടിയാണെന്നുള്ള തിരിച്ചറിവ് എനിക്ക് ഉണ്ടായത് ബാക്കി വരികളെല്ലാം എന്റേതായ വാക്കുകളിലൂടെ നാവിൻ തുമ്പിൽ വരുവാൻ തുടങ്ങിയതോടെയാണ്. മരുഭൂമിയിലെ ആ മങ്ങിയ മരുവെട്ടത്തിലൂടെ ഞാൻ പ്രേംനസീറാണെന്നും സത്യനാണെന്നും സങ്കൽപിച്ച് ഉറക്കെ പാടി ജോലി സ്ഥലത്തേക്ക് നടക്കും. മങ്ങിയ ഇരുളിൽ പിന്നാലെ ആരോ പിന്തുടരുന്നുണ്ടോ എന്ന് ഒരു സംശയം തോന്നി ഞാൻ തിരിഞ്ഞ് നോക്കിയത്, ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം പാടി തുടങ്ങിയപ്പോഴായിരുന്നു. വലിയ ഒരു പൂച്ചയാണ്. വെളുത്ത്, നിറയെ രോമത്തോട് കൂടിയ ഒരു സുന്ദരൻ. കൃത്യമായ അകലം പാലിച്ച് എന്റെ പിന്നാലെ നടക്കുകയാണ്. ഞാനൊന്ന് നിന്നപ്പോൾ അവനും നിന്ന് എന്റെ മുഖത്തേക്ക് നോക്കി. ഒരുപക്ഷേ എന്റെ അപശ്രുതി കേട്ട് പിന്നാലെ കൂടിയതാകുമോ? എന്റെ പാട്ടിന് ഒരു കേൾവിക്കാരൻ കൂടി ഉണ്ടെന്നുള്ള ബോധ്യം ചെറുതല്ലാത്തൊരു ജാള്യത എന്നിലുണ്ടാക്കി. ഞാൻ നടന്നപ്പോൾ അവൻ കൂടെ നടന്നു. ബേക്കറിയുടെ മുന്നിൽ എത്തുന്നത് വരെ അവൻ എന്നെ പിൻതുടർന്നു. അകത്തേക്ക് കയറുന്നതിന് മുമ്പ് ഒന്ന് തിരിഞ്ഞ് നോക്കി ഞാനവനെ ഹംദാൻ എന്ന് വിളിച്ചു. ആ പേര് അവന് അത്യധികം ഇഷ്ടപ്പെട്ടെന്ന് എനിക്ക് മനസ്സിലായി.
തുടർന്നുള്ള രാത്രി യാത്രകളിൽ അതൊരു പതിവായി മാറി. ഹംദാൻ എന്റെ വരവും പ്രതീക്ഷിച്ച് മൺപാതക്കരികിൽ കാത്തുനിൽക്കുവാൻ തുടങ്ങി. പാട്ടുപാടിയും വിശേഷങ്ങൾ പറഞ്ഞും ഹംദാനും ഞാനും ബേക്കറി എത്തുന്നത് പോലും അറിയാറില്ലായിരുന്നു. മറ്റൊരാളുടെ സാമീപ്യത്തിൽ പാടുവാനുള്ള ജാള്യത ഞാൻ മറന്നു. ഓരോ ദിവസങ്ങളിലും പുതിയ പാട്ടുകൾ ഞാൻ ഹംദാന് വേണ്ടി പാടി. നിത്യവും ഒരു ചെറിയ തുണ്ട് മാംസമോ റൊട്ടിയോ ഞാൻ ഹംദാന് സമ്മാനിച്ചു. ഞാൻ പറയുന്ന വിശേഷങ്ങളെല്ലാം കേട്ട് ഹംദാൻ എന്റെ കൂടെ നടന്നു. ഇതുവരെ ആരുമായും പങ്ക് വെച്ചിട്ടില്ലാത്ത രഹസ്യങ്ങൾ പോലും ഞാൻ ഹംദാനോട് പറഞ്ഞു. ഒരു ഉഷ്ണകാലം മുഴുവൻ ഞങ്ങൾ ഒരുമിച്ചാണ് നടന്നത്. മഞ്ഞ്കാലം തുടങ്ങുന്നതിന് മുൻപ് ഒരു രാത്രിയിൽ കയ്യിലൊരു റൊട്ടി കഷണവുമായി ഹംദാൻ പതിവായി കാത്തു നിൽക്കാറുള്ള ഇടത്തെത്തിയിട്ടും അവനെ കണ്ടില്ല. ഉറക്കെ വിളിച്ചു. അന്ന് പാടുവാനായ് കരുതിയിരുന്ന ഇലഞ്ഞി പൂമണമൊഴുകിവരും, ഉറക്കെ ഞാൻ പാടി. ഹംദാൻ വന്നില്ല. ചുറ്റിനും നോക്കി മുന്നോട്ട് നടക്കുന്നതിനിടെ ഒരു പ്രതീക്ഷിക്കാത്ത കാഴ്ചയാണ് കണ്ടത്. ഏതോ അറബിയുടെ വാഹനം കയറിയിറങ്ങി ഹംദാൻ മണ്ണോട് ചേർന്ന് കിടക്കുന്നു. എനിക്ക് ഒന്നും ചെയ്യുവാനുണ്ടായിരുന്നില്ല. അൽപനേരം മൗനമായ് ഹംദാന് അരികിൽ ഞാൻ നിന്നു. അന്ന് പാടുവാനായ് കരുതിയിരുന്ന ഇലഞ്ഞി പൂമണം ഞാൻ ഹംദാന് വേണ്ടി പാടിയപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാനറിഞ്ഞു. പിന്നെ ബേക്കറിയിലേക്ക് തിരികെ നടന്നു.
മരുഭൂമിക്ക് ഒരു പ്രത്യേക സ്വഭാവമുണ്ട്. വേനലാണെങ്കിലും ശൈത്യമാണെങ്കിലും ഒന്നിനെയും ചീയുവാൻ അനുവദിക്കില്ല. കൊടും ചൂടിൽ അത് ഉണങ്ങി പോവുകയേ ഉള്ളു. ശൈത്യകാലത്താണെങ്കിൽ ഒരു ശീതീകരണിയിലെന്ന വണ്ണം ചീയാതങ്ങിനെ കിടക്കും. കൊടും വേനലിന്റെ അവസാന നാളുകളിൽ ഹംദാൻ അങ്ങിനെ മൺപാതയോരത്ത് പാട്ട് കേൾക്കാതെ ചലനമറ്റ് കിടന്നു. അറബികളുടെ വണ്ടികൾ വീണ്ടും പലതവണ ഹംദാന്റെ മുകളിലൂടെ പാഞ്ഞ് പോയ്. പിന്നീട് ഞാൻ ആ മൺപാതയിൽ പാട്ട് പാടിയതേയില്ല. ബേക്കറിയിലേക്ക് മൗനമായ് നടന്ന് നീങ്ങി. നാളുകൾ പോകവേ ഹംദാൻ ഉണങ്ങി പരന്ന് മണ്ണിൽ പതിഞ്ഞ് കിടന്നു. ഏതോ അജ്ഞാത കലാകാരൻ വെട്ടി ഉണ്ടാക്കിയ ഒരു പൂച്ചയുടെ തുകൽച്ചിത്രം കണക്കെ ഹംദാൻ പൊടി മൂടി അടുത്ത ശൈത്യകാലത്തിന്റെ വരവും കാത്ത് കിടന്നു.