ADVERTISEMENT

പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങൾക്കു ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്ത ത്രില്ലറാണ് കാക്കിപ്പട. സമകാലിക സംഭവങ്ങളെ കോർത്തിണക്കി ഒരുക്കിയിരിക്കുന്ന സിനിമ ഒരുകൂട്ടം പൊലീസുകാരുടെ കഥ കൂടി പറയുന്നു. സിനിമയുടെ വിശേഷങ്ങളുമായി ഷെബി മനോരമ ഓൺലൈനിൽ...

 

എന്‍റെ സിനിമ...

 

മലയാളത്തില്‍ എന്‍റെ നാലാമത്തെ സിനിമയാണ്‌ കാക്കിപ്പട.പ്ലസ്ടൂ, ടൂറിസ്റ്റ് ഹോം, ബോബി എന്നി സിനിമകള്‍ക്ക് ശേഷം നാല്‌ വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ്‌ കാക്കിപ്പട ചെയ്യുന്നത്.ഇതിനു ഇടയില്‍ രണ്ട് തമിഴ് സിനിമ ചെയ്തിട്ടുണ്ടായിരുന്നു, അതില്‍ ഒരു സിനിമ രാജ്യാന്തര തലത്തില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടതാണ്.വീണ്ടും മലയാളത്തിലേക്ക് വന്നപ്പോ ആദ്യം കാക്കിപ്പട തന്നെ ചെയ്യാന്‍ ഒരു കാരണമുണ്ട്.

 

കാക്കിപ്പടയിലേക്ക് ഉള്ള വഴി...

 

തൊണ്ണൂറു കാലഘട്ടത്തില്‍ ഞാന്‍ സ്ക്കൂളില്‍ പഠിക്കുന്ന സമയത്ത് എനിക്ക് ഒരു സുഹൃത്ത് ഉണ്ടായിരുന്നു.അവന്‍ ഫ്രണ്ട് ബഞ്ചിലാണ്‌ ഇരിക്കുന്നത്, ഞാന്‍ ബായ്ക്ക് ബഞ്ചിലും.ഇന്‍റര്‍വെല്‍ ടൈമില്‍ ഞങ്ങള്‍ ഒന്നിച്ച് കൂടും.അവിടെ വച്ച് ഞാന്‍ പല കഥകളും പറയും, അന്നേ ഞാന്‍ ഒരു കഥാകൃത്ത് ആവുമെന്ന് അവന്‍ എപ്പോഴും പറയാറുണ്ട്.പ്രീഡിഗ്രിക്ക് പഠിച്ചപ്പോ അവന്‍ എനിക്ക് ഒരു വാക്ക് തന്നതാ, എന്നെങ്കിലും കാശ് ഉണ്ടാക്കിയാല്‍ ഒരു സിനിമ നിര്‍മ്മിക്കാമെന്ന്.ആ കൂട്ടുകാരനാണ്‌ കാക്കിപ്പടയുടെ നിര്‍മ്മാതാവായ ഷെജി വലിയകത്ത്.ആദ്യം അവന്‍ സിനിമ ചെയ്യാന്‍ തയ്യാറായി വന്നപ്പോ ഞാന്‍ നിരുത്സാഹപ്പെടുത്തുകയാണ്‌ ഉണ്ടായത്.കാരണം കാക്കിപ്പടയില്‍ കഥയാണ്‌ പ്രധാനം. തീയറ്ററില്‍ ഇന്‍ഷ്യല്‍ പൂള്ള്‌ തരുന്ന സ്റ്റാര്‍ വാല്യൂ ഉള്ള നടന്‍മാര്‍ ഇല്ലെങ്കില്‍ സിനിമ ഓടാന്‍ ഭയങ്കര പാടാണ്.എനിക്ക് മാത്രമല്ല, പലര്‍ക്കും ഈ അനുഭവം നേരിട്ട് അറിയാവുന്നത് ആയിരിക്കും.ഒന്നോ രണ്ടോ പേരായിട്ട് സിനിമ കാണാന്‍ വരുന്നവരെ, പത്ത് ആള്‌ ഇല്ലാതെ സിനിമ കളിക്കില്ല എന്ന് പറഞ്ഞ് തീയറ്ററുകാര്‍ തന്നെ പിന്തിരിപ്പിക്കാറുണ്ട്.അങ്ങനെ പതിനഞ്ചും ഇരുപതും പേരെ പിന്തിരിപ്പിച്ച് വിടാറുണ്ട്.ശരിക്കും ഒരു രണ്ട് ദിവസത്തേക്ക് എങ്കിലും തീയറ്ററുകാര്‍ റിസ്ക്ക് എടുത്ത് ഷോ നടത്തിയാല്‍ മാത്രമേ നല്ല സിനിമകള്‍ ഓടുകയുള്ളു.അതിനു ഒരു  വ്യവസ്ഥ ഉണ്ടാകണം.അത് ഇല്ലാത്തിടത്തോളം ​കാലം മുന്‍ നിര നായകന്‍മാരെ കിട്ടിയില്ലെങ്കില്‍ സിനിമ എടുക്കേണ്ട എന്ന ഒരു നിലപാട് ആയിരുന്നു എനിക്ക്.എന്നാല്‍ കഥ കേട്ട ഷെജി തിരക്കഥ രചനയില്‍ പങ്കാളി ആകുകയും, പ്രമേയം പുതുമ ഉള്ളത് ആയതിനാല്‍ പ്രേക്ഷകരെ വിശ്വസിച്ച് സിനിമ നിര്‍മ്മിക്കാന്‍ തയ്യാറാകുകയും ആയിരുന്നു.അങ്ങനെ ആണ്‌ കാക്കിപ്പട ആരംഭിച്ചത്.

 

കാക്കിപ്പടയിലെ നായകന്‍മാര്‍...

 

നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്‌, ആരാധ്യാ ആൻ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി എന്ന് തുടങ്ങി ഒരു കൂട്ടം താരങ്ങളുടെ വേറിട്ട പ്രകടനം ഈ സിനിമയില്‍ കാണാം.ഇവരെല്ലാം സിനിമയിലെ നായകന്‍മാരാണ്, എന്നിരുന്നാലും കാക്കിപ്പട എന്ന സിനിമയിലെ പ്രധാന നായകന്‍ ഇതിന്‍റെ കഥ ആണ്.ഒരു പെണ്‍കുട്ടിയെ കൊന്ന പ്രതിക്ക് തെളിവെടുപ്പ് സമയത്ത് സംരക്ഷണം ഒരുക്കേണ്ടി വരുന്ന സായുധ സേനയിലെ പോലീസ്സുകാരുടെയും, അവരിലൂടെ ഒരു നാടിന്‍റെയും കഥയാണ്‌ കാക്കിപ്പട പറയുന്നത്.അതില്‍ തന്നെ, കുടുംബ ബന്ധങ്ങളുടെ ഊഷ്മളതയും, സ്നേഹത്തിന്‍റെയും വേര്‍പാടിന്‍റെയും സന്തോഷവും ദുഃഖവും എല്ലാം ഒരു ത്രില്ലര്‍ മൂഡില്‍ ചടുലതയോടെ പറയുന്ന ഈ കഥയില്‍ അടങ്ങിയട്ടുണ്ട്.

 

കാക്കിപ്പടയുടെ റിലീസ്സ്...

 

ക്രിസ്തുമസ്സിനു റിലീസ്സ് ചെയ്യേണ്ട സിനിമയായിരുന്നു.എന്നാല്‍ സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് ഒരു കഥാപാത്രത്തിന്‍റെ പേര്‌ മാറ്റണം എന്നൊരു ആവശ്യം ഉയര്‍ന്നു.വളരെ കോമണ്‍ ആയി ഉള്ള ഒരു പേരാണ്, പക്ഷേ അവരില്‍ ആര്‍ക്കോ അങ്ങനെ ഒരു പേരു ഉള്ള ആളെ പേഴ്സണലായി അറിയാം എന്നതായിരുന്നു പേര്‌ മാറ്റാന്‍ പറഞ്ഞ കാരണം.മറ്റ് ഒരു പേര്‌ ഇട്ടാലും ഇത് സംഭവിക്കാമല്ലോ എന്ന് ഞാന്‍ തര്‍ക്കിക്കാന്‍ ശ്രമിച്ചെങ്കിലും, പ്രൊഡ്യൂസര്‍ ഷെജി എന്നെ വിലക്കുകയാണ്‌ ഉണ്ടായത്.സിനിമയില്‍ പല ഇടത്തും പരാമര്‍ശിക്കുന്ന ആ പേര്‌ ഡബ്ബ് ചെയ്യേണ്ടവരൊക്കെ പല സ്ഥലങ്ങളില്‍ ആണ്. എന്നിട്ടും എല്ലാം നന്നായി വരാന്‍ പ്രൊഡ്യൂസര്‍ കൂടെ നിന്നു. അവരെ എല്ലാം വരുത്തി മാറ്റി ഡബ്ബ് ചെയ്യിക്കേണ്ടി വന്നു. ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നത് അത് ഒരു അനാവശ്യമായ കാര്യം ആയിരുന്നു എന്ന് തന്നെയാണ്.സിനിമയെ സ്നേഹിക്കുന്ന, സിനിമയെ മനസിലാക്കുന്ന സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് എന്ത് കൊണ്ട് ഇവിടെ മാത്രം പിഴച്ച് പോയി എന്ന് എനിക്ക് ഒട്ടും മനസിലാകുന്നില്ല.ഞാനായിട്ട് തര്‍ക്കത്തിനില്ല, സിനിമയുടെ റിലീസ്സിനു ആണ്‌ ഞാന്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്.പേര്‍ മാറ്റി ഡബ്ബ് ചെയ്തിട്ട് സെന്‍സറിംഗ് പൂര്‍ത്തിയയാ സിനിമ ഡിസംബര്‍ 30 നു ഇറങ്ങി.ഇനി പേടി റിവ്യൂക്കാരെ കൊണ്ടാണ്. ജനുവിന്‍ റിവ്യൂ ചെയ്യുന്ന നിരവധി ആള്‍ക്കാരുണ്ട്, എന്നാല്‍ തമാശക്ക് വേണ്ടി റിവ്യൂ ചെയ്യുന്നവരും കൂട്ടത്തിലുണ്ട്.ഫസ്റ്റ് ഹാഫ് എന്നും സെക്കന്‍ഡ് ഹാഫ് എന്നും വേര്‍തിരിച്ച്, സ്വാഭാവികമായ സിനിമ ആസ്വാദനത്തെ ബാധിക്കുന്ന രീതിയില്‍ റിവ്യൂ ചെയ്യുന്ന ആ ന്യൂന പക്ഷത്തെ എനിക്ക് ശരിക്കും പേടിയാണ്.പ്രാവര്‍ത്തികം അല്ലെന്ന് അറിയാം, എന്നിരുന്നാലും ഒരു മൂന്ന് ദിവസം പ്രേക്ഷകര്‍ സിനിമ കണ്ട് മനസിലാക്കിയട്ട്, ജനുവിനായി റിവ്യൂ വരുന്ന ഒരു കാലം വന്നാല്‍ അത് മലയാള സിനിമക്ക് പുതു ജീവന്‍ നല്‍കും എന്നാണ്‌ എന്‍റെ പ്രതീക്ഷ.

 

ശേഷം വെള്ളിത്തിരയില്‍...

 

പുതുമയുള്ള കഥയാണ്, നല്ല അഭിനയ മുഹൂര്‍ത്തങ്ങളുണ്ട്, ആസ്വദിക്കാനും ചിന്തിക്കാനും ഉള്ള രംഗങ്ങളും നിരവധി ഉണ്ട്.അതിനാല്‍ തന്നെ എല്ലാവരും തീയറ്ററില്‍ പോയി ഈ സിനിമ കാണണമെന്നും, സത്യസന്ധമായ റിവ്യൂ നല്‍കണമെന്നും അപേക്ഷിക്കുന്നു.അപ്പോള്‍ കാക്കിപ്പട വരികയാണ്, ഒറ്റയ്ക്കല്ല, ഒരു പടയായി തന്നെയാണ്‌ വരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com