ADVERTISEMENT

കാണുമ്പോൾ പരുക്കനെന്നു തോന്നുമെങ്കിലും സാധുവായിരുന്നു അന്തരിച്ച നടൻ കസാൻ ഖാൻ എന്ന് നടനും സംവിധായകനുമായ ജോണി ആന്റണി. ജോണി ആന്റണി സംവിധാനം ചെയ്ത ‘സിഐഡി മൂസ’ എന്ന സിനിമയിൽ വില്ലൻ കഥാപാത്രമായി കസാൻ ഖാൻ അഭിനയിച്ചിട്ടുണ്ട്. ഗാന്ധർവം, ഇവൻ മര്യാദരാമൻ, വർണപ്പകിട്ട് തുടങ്ങി നിരവധി മലയാളം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് മലയാളികള്‍ക്കു സുപരിചിതനായിരുന്നു താരം. ബോംബെയിൽനിന്നു വരുന്ന വില്ലൻ കഥാപാത്രങ്ങളല്ലാതെ സാധാരണ വേഷങ്ങളിലും തന്നെ പരിഗണിക്കണമെന്ന് അദ്ദേഹം ഇടയ്ക്കിടെ പറയാറുണ്ടായിരുന്നുവെന്ന് ജോണി ആന്റണി പറയുന്നു. ഒരുമിച്ച് വർക്ക് ചെയ്യുമ്പോൾ വളരെ നല്ല സുഹൃദ് ബന്ധം അദ്ദേഹവുമായി ഉണ്ടായിരുന്നെന്നും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും ജോണി ആന്റണി മനോരമ ഓൺലൈനിനോട് പറഞ്ഞു.

‘‘അച്ചടക്കമുള്ള താരമായിരുന്നു കസാൻ ഖാൻ. പുറത്തുനിന്നു വരുന്ന താരമായതുകൊണ്ട് അദ്ദേഹത്തിന്റെ ലുക്ക് കണ്ടാൽ വളരെ പരുക്കനാണെന്നു തോന്നും. പക്ഷേ സാധുവാണെന്ന് അടുത്തറിഞ്ഞാൽ മാത്രമേ മനസ്സിലാകൂ. ബോംബെയിൽ നിന്ന് വരുന്ന വില്ലൻ, ബോംബ് വയ്ക്കുന്ന വില്ലൻ എന്ന തരത്തിലുള്ള വേഷങ്ങളിൽ അല്ലാതെ സാധാരണ വേഷങ്ങളിലും തന്നെ കാസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം എന്നോട് എപ്പോഴും പറയുമായിരുന്നു. പക്ഷേ ഞാൻ പറയും, ‘‘നിങ്ങളുടെ ലുക്ക് ഇതല്ലേ. നിങ്ങളെ പിടിച്ച് നമ്മുടെ നാട്ടിലെ ഒരു റബർ വെട്ടുകാരനോ തെങ്ങുകയറ്റക്കാരനോ ചായക്കടക്കാരനോ ആക്കാൻ പറ്റില്ലല്ലോ’’ എന്ന്. പിന്നീട് എന്നെ കാണുമ്പോൾ അദ്ദേഹം പറയും ‘റബർ വെട്ടുകാരൻ’. ഭാഷ അറിയില്ലെങ്കിലും അദ്ദേഹത്തിന് കാര്യം മനസ്സിലായി.

സുന്ദരനും ക്യൂട്ടുമായിരുന്നു കസാൻ. ‘കിങ്’ എന്ന സിനിമയിലെ വിക്രം ഘോർപ്പടെ എന്ന കഥാപാത്രമായാണ് അദ്ദേഹത്തെ എല്ലാവരും ഓർക്കുന്നത്. ‘സിഐഡി മൂസ’ ഞാൻ ചെയ്തിട്ട് ഇരുപത് വർഷമായി. അത് കഴിഞ്ഞ് 2013 ൽ എന്റെ മാസ്റ്റേഴ്സ് എന്ന സിനിമയിൽ വന്നപ്പോഴും കുറച്ചു തടിച്ചു എന്നല്ലാതെ രൂപത്തിന് ഒരു മാറ്റവുമില്ല. ജീവിതത്തിൽ നല്ല അച്ചടക്കം പാലിച്ചിരുന്നു. ഇന്ന് ദിലീപിനെ വിളിച്ച് അദ്ദേഹത്തിന്റെ കാര്യം ഞാൻ പറഞ്ഞപ്പോൾ ദിലീപ് പറഞ്ഞത് ‘‘അയ്യോ ചേട്ടാ അദ്ദേഹം മരിച്ചുപോയല്ലോ, കഷ്ടമായിപ്പോയി’’ എന്നാണ്. ക്യാമറാമാൻ സാലുവേട്ടൻ എന്നെ വിളിച്ചിട്ട്, നമ്മുടെ കസാൻ ഖാൻ പോയല്ലോ എന്ന് പറഞ്ഞു. അടുത്തറിയാവുന്ന എല്ലാവർക്കും നല്ലൊരു ഓർമയാണ് അദ്ദേഹം. നോർത്ത് ഇന്ത്യൻ ലുക്ക് ഉള്ള വില്ലൻ എന്നു പറയുമ്പോഴേ എല്ലാവരുടെയും മനസ്സിൽ വരുന്ന ആളായിരുന്നു അദ്ദേഹം.

ചിത്രീകരണത്തിന് നന്നായി സഹകരിക്കുമായിരുന്നു. ‘സിഐഡി മൂസ’യിൽ അഭിനയിക്കുമ്പോൾ അദ്ദേഹത്തെ ഓടിച്ച് കെട്ടിടത്തിന്റെ ഏറ്റവും മുകളിൽ കയറ്റുന്ന സീൻ ഉണ്ട്. അവിടെനിന്ന് അടിച്ചു താഴെ ഇട്ടിട്ട് സ്റ്റേഷനിൽ കൊണ്ട് വന്നിട്ടാണ് ഓടി രക്ഷപെടാൻ പറയുകയും വെടിവച്ചു കൊല്ലുകയും ചെയ്യുന്നത്. അതൊക്കെ ഒറ്റ ഷോട്ടിൽ ആണ് എടുത്തത്. നന്നായി സഹകരിക്കുന്ന ആക്ടർ ആയതുകൊണ്ടാണ് അതൊക്കെ സാധിച്ചത്. സംവിധായകന് പറ്റിയ താരമായിരുന്നു അദ്ദേഹം. കിട്ടുന്ന റോൾ വളരെ രസകരമായി ചെയ്യും. ഫൈറ്റ് ഒക്കെ ചെയ്യുമ്പോൾ നല്ല ടൈമിങ് ആയിരുന്നു. അഭിനയിച്ചിട്ട് പോയി കുറച്ചു നാൾ കഴിഞ്ഞ് പിന്നെയും എന്നെ വിളിച്ചിരുന്നു. അൻപത്തിയഞ്ചിൽ താഴേ പ്രായമേ അദ്ദേഹത്തിന് ഉണ്ടാകൂ. ഹൃദയാഘാതം ആണ് മരണകാരണം എന്നാണ് അറിയാൻ കഴിഞ്ഞത്. വളരെ നല്ലൊരു സുഹൃത്തിനെയാണ് നഷ്ടപ്പെട്ടത്. പ്രിയ സുഹൃത്തിന് വിട. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു’’. –ജോണി ആന്റണി പറഞ്ഞു.

നെഗറ്റീവ് വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച സുന്ദരനും അന്യഭാഷാ താരവുമായ കസാൻ ഖാൻ ഹൃദയാഘാതം മൂലം അന്തരിച്ചു എന്നാണ് റിപ്പോർട്ടുകൾ. എട്ടു വർഷമായി സിനിമയിൽനിന്ന് അകന്നു നിന്നിരുന്ന അദ്ദേഹത്തെക്കുറിച്ചു കൂടുതൽ വിവരങ്ങളൊന്നും അറിവായിട്ടില്ല. ഗാന്ധർവ്വം, ഇവൻ മര്യാദരാമൻ, വർണ്ണപ്പകിട്ട്, ജനാധിപത്യം, രാജാധിരാജ, മായാമോഹിനി, സിഐഡി മൂസ, ദ ഗ്യാങ്, പ്രിയമാനവളെ, ഡ്രീംസ്, രത്ന, മുസ്തഫ, ദ് കിങ്, ക്രിസ്ത്യൻ ബ്രദേഴ്സ് തുടങ്ങി നിരവധി മലയാളം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 1992 ല്‍ പുറത്തിറങ്ങിയ സെന്തമിഴ് പാട്ട് എന്ന തമിഴ്ചിത്രത്തിലൂടെയാണ് കസാന്‍ ഖാന്‍ അഭിനയരംഗത്ത് എത്തിയത്. തമിഴ്, മലയാളം, കന്നഡ ഭാഷകളിലായി 50 ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2015 ൽ പുറത്തിറങ്ങിയ ‘ലൈല ഓ ലൈല’ എന്ന മലയാള സിനിമയിലാണ് അദ്ദേഹം ഒടുവിൽ അഭിനയിച്ചത്.

English Summary: Johny Antony remembering Kazan Khan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com