ആടിത്തിമിർത്ത് ഹരം പിടിപ്പിച്ച് അക്ഷയ് കുമാറും കത്രീന കൈഫും; റെക്കോർഡുകൾ തൂത്തെറിയാൻ ‘ടിപ്പ് ടിപ്പ് ബർസാ പാനി’ വീണ്ടും

Mail This Article
മൊഹറയിലെ ‘ടിപ്പ് ടിപ്പ് ബർസാ പാനി’ ലോകം മുഴുവൻ ചലനമുണ്ടാക്കിയ പാട്ടാണ്. റിലീസ് ചെയ്ത് 20 വർഷങ്ങൾ പിന്നിട്ട പാട്ടിന്, വ്യത്യസ്തമായ കവർ പതിപ്പുകളും പുറത്തിയിട്ടുണ്ട്. ഇപ്പോള്‍ ‘സൂര്യവന്‍ഷി’ എന്ന പുതിയ ചിത്രത്തിനായി ഈ പാട്ടിനെ പുനരാവിഷ്കരിച്ചിരിക്കുകയാണ് നടൻ അക്ഷയ് കുമാർ. ബോളിവുഡ് ഗായകരായ ആൽക്ക യാഗ്നിക്കും ഉദിത്ത് നാരായണനും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ആനന്ദ് ഭക്‌ഷിയും തനിഷ്‌ക് ബഗ്ചിയും ചേർന്നു വരികൾ കുറിച്ച പാട്ടിന് വിജു ഷായുടേതാണു സംഗീതം. തനിഷ്‌ക് ബഗ്ചിയാണ് സൂര്യവംശിക്കു വേണ്ടി പാട്ട് പുനരാവിഷ്‌ക്കരിച്ചത്.
രവീണ ടണ്ടന്റെയും അക്ഷയ് കുമാറിന്റെയും കരിയറിൽ വഴിത്തിരിവായ ഗാനമാണ് ‘ടിപ്പ് ടിപ്പ് ബർസാ പാനി’. ഇതിലെ രവീണയുടെ മഞ്ഞ സാരിയും ചലനങ്ങളും അക്ഷയ് കുമാറിന്റെ പ്രണയം കലർന്ന നോട്ടവുമൊക്കെ അക്കാലത്തെ യുവത്വം കയ്യടിയോടെ സ്വീകരിച്ചിരുന്നു. ‘സൂര്യവന്‍ഷി’യിൽ ഈ ഗാനം പുനരാവിഷ്കരിച്ചപ്പോൾ അക്ഷയ് കുമാറിനൊപ്പം പ്രത്യക്ഷപ്പെടുന്നത് കത്രീന കൈഫ് ആണ്. യഥാർഥ പാട്ടിലെ ചില രംഗങ്ങളും ‘സൂര്യവന്‍ഷി’യിൽ കാണാം.
തിയേറ്ററുകളിൽ ചിത്രത്തിലെ ആക്‌ഷൻ രംഗങ്ങളെക്കാൾ വലിയ കയ്യടി ഈ പാട്ട് നേടി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകൾക്കകം വൈറലായ ഗാനം ഇപ്പോഴും ട്രെൻഡിങ്ങിൽ തുടരുകയാണ്. മറ്റൊരാൾ ഈ പാട്ട് പുനരാവിഷ്‌ക്കരിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാൻ പോലുമാകാത്തതു കൊണ്ടാണ് ഇങ്ങനെയൊരു ശ്രമം നടത്താൻ ‘സൂര്യവന്‍ഷി’ സംഘത്തോട് ആവശ്യപ്പെട്ടതെന്ന് നടൻ അക്ഷയ് കുമാർ സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. തന്റെ കരിയറിനെ എല്ലാ രീതിയിലും നിർവചിച്ച പാട്ടിനുള്ള ആദരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രോഹിത് ഷെട്ടിയാണ് ‘സൂര്യവന്‍ഷി’യുടെ സംവിധായകൻ. അദ്ദേഹത്തിന്റെ, ‘കോപ്പ് യൂണിവേഴ്സ്’ എന്നു സിനിമാ പ്രേമികൾ വിളിക്കുന്ന സീരീസിലെ നാലാമത്തെ ചിത്രമാണ് ‘സൂര്യവന്‍ഷി’. ചിത്രത്തിൽ അക്ഷയ് കുമാറിനും കത്രീന കൈഫിനുമൊപ്പം ജാക്കി ഷ്രഫ്, ഗുൽഷൻ ഗ്രോവർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. അജയ് ദേവ്ഗണും രൺവീർ സിങ്ങും അതിഥി താരങ്ങൾ ആയി പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ മാസം 5നാണ് ചിത്രം പ്രദർശനത്തിനെത്തിയത്.