ADVERTISEMENT

വായിച്ചു തുടങ്ങും മുമ്പ് നിങ്ങള്‍ ഒരു നിമിഷം കണ്ണടച്ചു സങ്കല്‍പിച്ചു നോക്കുക 'നിങ്ങളുടെ ജോലി നഷ്ടപ്പെട്ടു. ഇനി വരുന്ന മാസങ്ങളില്‍ നിങ്ങള്‍ക്ക് ശമ്പളമില്ല. ആരും പണം തന്നു സഹായിക്കാനുമില്ല. കാരണം നിങ്ങള്‍ക്ക് അത് തിരിച്ചു കൊടുക്കാനുള്ള കഴിവില്ല'. ഇനി കണ്ണു തുറക്കാം. ഏതാണ്ട് ഇതു പോലൊരു അവസ്ഥയാണ് വിരമിക്കല്‍ എന്ന പ്രക്രിയ. ബാങ്ക് അക്കൗണ്ടില്‍ പിന്‍വലിക്കാന്‍ പണമില്ലാത്ത അവസ്ഥയെക്കുറിച്ച് ജോലി ഉള്ളപ്പോള്‍ തന്നെ ചിന്തിക്കാന്‍ സാധ്യമല്ല. അപ്പോള്‍ പ്രായമായാലുള്ള അവസ്ഥ  പറയേണ്ടതുണ്ടോ?

പക്ഷെ ഈ ഒരു കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ മിക്ക ചെറുപ്പക്കാര്‍ക്കും കഴിയുന്നില്ല എന്നതാണ് വേദനാജനകമായ സത്യം. ഏകദേശം 50 വയസ്സിനോട് അടുക്കുമ്പോഴാണ് പലരും വിരമിക്കുമ്പോള്‍ വേണ്ട പണത്തിനെക്കുറിച്ച് ചിന്തിക്കുന്നത്. പക്ഷേ അപ്പോഴേക്കും വളരെ വൈകും.
ഇപ്പോള്‍ നമുക്ക് ചില കണക്കുകള്‍ പരിശോധിക്കാം. ദേശീയ ആരോഗ്യ സര്‍വേയുടെ കണക്കുകളനുസരിച്ച് ഇന്ത്യക്കാരുടെ ആയുര്‍ ദൈര്‍ഘ്യം അതിശയകരമാം വണ്ണം വര്‍ധിച്ചു വരികയാണ്. 1975 ല്‍ 49.7 വയസായിരുന്ന ശരാശരി ആയുസ് 2019 ഓടെ 68.7 വയസായി ഉയര്‍ന്നിരിക്കുന്നു.

0.75 ശതമാനം വളര്‍ച്ച. അതായത് ഓരേ വര്‍ഷവും ഇന്ത്യക്കാരന്റെ ആയുസ് 4 മാസം വീതം വര്‍ധിച്ചു. ഈ വിധത്തില്‍ ആയുസ് വര്‍ധിച്ചാല്‍ അടുത്ത 10 വര്‍ഷത്തിനകം ഇന്ത്യക്കാരന്റെ ശരാശരി ആയുസ് 75 വയസായിരിക്കും. വൈദ്യശാസ്ത്ര ഗവേഷണ രംഗത്തെ പുരോഗതി പരിഗണിച്ചാലും  ഇന്ത്യയില്‍ ഇതില്‍ കൂടിയ ആയുര്‍ദൈര്‍ഘ്യം പ്രതീക്ഷിക്കാന്‍ വയ്യ. കാലാവസ്ഥാ ഘടകങ്ങളിലുണ്ടായിക്കൊണ്ടിരിക്കുന്ന ദോഷകരമായ മാറ്റം, ആരും ശ്രദ്ധിക്കാതെ പോകുന്ന, വഷളായിക്കൊണ്ടിരിക്കുന്ന പോഷണക്കുറവ്, ആളോഹരി വരുമാന വളര്‍ച്ചയിലെ തളര്‍ച്ച എന്നീ  ഘടകങ്ങളെല്ലാം പരിഗണിക്കുമ്പോള്‍ 75 വലിയ സംഖ്യ തന്നെ.

ഇതിനു മറ്റൊരു മുഖമുണ്ട്. കേന്ദ്രസര്‍ക്കാര്‍ നയമനുസരിച്ച് വിരമിക്കല്‍ പ്രായം 60 ആയി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും പല സംസ്ഥാനങ്ങള്‍ക്കും അത് 56 ആണ്.  സ്വകാര്യ സ്ഥാപനങ്ങളിലും അസംഘടിത മേഖലകളിലും ജോലി ചെയ്യുന്ന ബഹുഭൂരിപക്ഷവും 55 വയസിനപ്പുറം പണിയെടുക്കാന്‍ താല്‍പര്യപ്പെടുന്നില്ല. നിരവധി കാരണങ്ങളുണ്ടിതിന്. സാങ്കേതിക വളര്‍ച്ചമൂലമുണ്ടാകുന്ന തൊഴില്‍ നഷ്ടങ്ങള്‍ മധ്യവയസിലെ പ്രതിസന്ധി വര്‍ധിപ്പിക്കുന്നു. വര്‍ധിച്ചുവരുന്ന കടുത്ത ജോലിഭാരം കാരണമുള്ള ക്ഷീണവും തളര്‍ച്ചയും തുടരാന്‍ ആളുകള്‍ ഇഷ്ടപ്പെടുന്നില്ല. കഴിയുന്നത്ര വേഗം പരമാവധി പണം സ്വരൂപിച്ച് നേരത്തേ റിട്ടയര്‍ ചെയ്യുക എന്നതാണ് പലരുടേയും ഇഷ്ട അജണ്ട.

ഇപ്പോള്‍ നമ്മുടെ കൈവശം രണ്ട്് എണ്ണങ്ങളുണ്ട്. വിരമിക്കല്‍ കലാവധിയായ 55 ഉം ആയുര്‍ ദൈര്‍ഘ്യമായ 75 ഉം.
20 വര്‍ഷമെന്നത് വലിയൊരു കാലയളവാണ്. ജീവിതം വീണ്ടും കണ്ടെത്താന്‍ സമയം യഥേഷ്ടം. എന്നാല്‍ ഈ സുവര്‍ണകാലത്ത് മനസ്സമാധാനം വേണമെങ്കില്‍ ദീര്‍ഘമായ ഈ അവധിക്കാലം ആസ്വദിക്കുന്നതിന് ആവശ്യമായ പണം നിങ്ങള്‍ സ്വരൂപിച്ചിരിക്കണം. ഇതിനായി കൃത്യമായി എത്ര രൂപ നിങ്ങള്‍ സ്വരൂപിക്കണമെന്നും  ലക്ഷ്യം കൈവരിക്കുന്നതിന് എത്ര രൂപ വീതം നിക്ഷേപിക്കണമെന്നും ലളിതമായി പറയാം. 55 വയസില്‍ റിട്ടയര്‍ ചെയ്യാനാഗ്രഹിക്കുന്ന ഒരു 30 കാരനെ അടിസ്ഥാനമാക്കിയുള്ളതാണ് പട്ടിക 1. 75വയസുവരെ ജീവിക്കുമെന്നാണ് അയാള്‍ പ്രതീക്ഷിക്കുന്നത്. നാണയപ്പെരുപ്പം 4 ശതമാനമായും റിട്ടയര്‍മെന്റിനു മുമ്പുള്ള നിക്ഷേപ ലാഭം 7 ശതമാനമായും വിരമിച്ചതിനു ശേഷമുള്ള നിക്ഷേപ വരുമാനം 5 ശതമാനമായുമാണ് കണക്കാക്കിയിരിക്കുന്നത്്. (ഓരോ വര്‍ഷവും പലിശ നിരക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്)

chart1


ആദ്യ കോളത്തിലുള്ളത്  ഇപ്പോഴത്തെ പ്രതിമാസ ചെലവാണ്. 4 ശതമാനം പെരുകുന്ന വിധത്തില്‍ റിട്ടയര്‍മെന്റ് കാലം വരെയുള്ള വിവിധ പ്രതിമാസ ചിലവുകളാണ് രണ്ടാം കോളത്തില്‍. പിന്നീടുള്ള 20 വര്‍ഷത്തേക്ക് ഈ ജീവിത നിലവാരം നില നിര്‍ത്തുന്നതിന് റിട്ടയര്‍മന്റ് തിയതിക്കനുസരിച്ച് ഒരു സംഖ്യ കണക്കാക്കിയിരിക്കുന്നു. റിട്ടയര്‍മെന്റിനു ശേഷം ഈ തുക 5 ശതമാനം ലാഭം കിട്ടത്തക്കവിധം സുരക്ഷിതമായ ഒരു ഫണ്ടില്‍ നിക്ഷേപിച്ച്  യഥാര്‍ഥ തുക, (ലാഭത്തില്‍ നിന്ന് പണപ്പെരുപ്പ നിരക്ക് കുറച്ചുള്ളത്) പണപ്പെരുപ്പ നിരക്ക് ഒരു ശതമാനം കുറച്ച് ലഭ്യമാവും.

ആദ്യ നിരയില്‍ പറയുന്നതു പ്രകാരം പ്രതിമാസ അടവും മറ്റു കുടംബ ചലവുകളും ഒഴിവാക്കിയുള്ള  അയാളുടെ നടപ്പ് പ്രതിമാസ ചിലവ് 20000 രൂപയാണെങ്കില്‍ ഇതേ ജീവിത നിലവാരം നില നിര്‍ത്തുന്നതിന് റിട്ടയര്‍മെന്റ് കാലത്ത് അയാള്‍ക്ക് 53,316 രൂപ വേണ്ടി വരും. 53,316 രൂപയും ഭാവിയില്‍ അതോടൊപ്പം വര്‍ധിക്കുന്ന മറ്റു ചിലവുകളും നേരിടുന്നതിന് റിട്ടയര്‍മെന്റ് ജീവിതത്തില്‍ അയാളുടെ പക്കല്‍ 1.16 കോടി രൂപ വേണ്ടി വരും. റിട്ടര്‍മെന്റിനു ശേഷം ലഭിക്കുന്ന തുക നാണയപ്പെരുപ്പത്തേക്കാള്‍ 1 ശതമാനം കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കെല്‍പ്പുള്ള ഒരു സുരക്ഷിത ഫണ്ടില്‍ നിക്ഷേപിക്കും.

അല്ലാത്തപക്ഷം അയാളുടെ പക്കല്‍ കൂടിയ തുക വേണ്ടി വരും. അല്ലെങ്കില്‍ ജീവിതച്ചെലവു വര്‍ധിക്കുമ്പോള്‍ വരുമാനത്തേക്കാള്‍ കൂടുതല്‍ പണം ചിലവാകുകയും അടിസ്ഥാന തുക അതിവേഗം കുറയുകയും ചെയ്യും. സ്വരൂപിച്ച തുകയില്‍ നിന്ന് എത്രയും കൂടുതല്‍ ലാഭമുണ്ടാക്കാന്‍ സാധിക്കുന്നോ അയാള്‍ക്ക് ജീവിക്കാന്‍ അതിനനുസരിച്ച് കുറഞ്ഞ പണം മതിയാകും അഥവാ ദീര്‍ഘകാലം ഈ പണം കൊണ്ടു ജീവിക്കാന്‍ സാധിക്കുകയോ  ചെയ്യും. 7 ശതമാനം പലിശയോടെ ഈ ധനസ്ഥിതിയിലേക്ക് എത്തിച്ചേരുന്നതിന് ഇപ്പോള്‍ മുതല്‍ പ്രതിമാസം അയാള്‍ എത്ര നിക്ഷേപിക്കേണ്ടി വരുമോ എന്നതാണ് അവസാന കോളത്തില്‍ കാണിച്ചിട്ടുള്ളത്.  55 വയസില്‍ പിരിയാന്‍ ആഗ്രഹിക്കുന്ന, 75 വയസുവരെ ആയുസ് പ്രതീക്ഷിക്കുന്ന  ഒരു 45 കാരന്റെ മറ്റൊരുദാഹരണം എടുത്താല്‍ കണക്കുകള്‍ താഴെ പറയും പ്രകാരമായിരിക്കും

chart2

റിട്ടയര്‍മെന്റ് കാലത്തെ ജീവിതച്ചെലവ് 20000 എന്നു സങ്കല്‍പിച്ചാല്‍ 7 ശതമാനം ലാഭ പ്രതീക്ഷയുമായി പ്രതിമാസം അയാള്‍ നിക്ഷേപിക്കേണ്ടത് 37000 രൂപ വീതമാണ്. കണക്കുകൂട്ടലുകള്‍ ദഹിക്കുന്നില്ലെങ്കില്‍ അവസാന കോളത്തില്‍ ഉറച്ചു നിന്ന്  ഇന്നു മുതല്‍് തന്നെ നിക്ഷേപിച്ചു തുടങ്ങുക.  പണം കൂടുതല്‍ നന്നായി കൈകകാര്യം ചെയ്യാനും റിട്ടയര്‍മെന്റ് ഉള്‍പ്പടെ എല്ലാ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കുമായി ഒരു മാര്‍രേഖ ഉണ്ടാക്കാനും ഒരു സാമ്പത്തിക ആസൂത്രകന് നിങ്ങളെ സഹായിക്കാന്‍ കഴിയും. പക്ഷേ അടിസ്ഥാന സൂത്രവാക്യം നിക്ഷേപം എത്രയും പെട്ടെന്നു തുടങ്ങുക എന്നതു തന്നെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com