‘തെങ്ങിൽ കയറി’ കേരളത്തിന് സമ്പന്നമാകാം
Mail This Article
കോവിഡ് 19 എന്ന മഹാമാരിയുടെ വ്യാപന കാലഘട്ടം ഓരോ മലയാളിക്കും ഒരു പുനർചിന്തന കാലംകൂടിയാണ്. അരിക്കും പച്ചക്കറിക്കും തൊഴിലിനും പോലും അന്യനാടുകളെ ആശ്രയിച്ചിരുന്ന നമ്മൾ ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു പ്രതിസന്ധിയെ നേരിടുകയാണ്. തൊഴിലിനായി ഗൾഫ് നാടുകളിലേക്ക് ചേക്കേറിയ മലയാളികളിൽ പലരും മടങ്ങുകയാണ്. ഇനി തിരികെപ്പോകാനാകുമോ, അങ്ങനെയെങ്കിൽ എന്ന്? തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും ഉത്തരം എളുപ്പമല്ല. കോവിഡ് അതിജീവനത്തിന്റെ അടുത്ത ഘട്ടം ആശങ്ക വർധിപ്പിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇനി എന്ത്? എന്ന ചോദ്യത്തിന് മുൻപിൽ ഭരണകൂടങ്ങൾ പോലും നിസ്സഹായരായി നോക്കിനിൽക്കേണ്ടിവരുന്ന സമീപഭാവി. അവിടെയാണ് മലയാളികൾ തനതു കാർഷിക സംസ്കാരത്തിലേക്ക് തിരിഞ്ഞു നോക്കേണ്ടത്, ‘തെങ്ങ് ചതിക്കില്ല’ എന്ന പഴമൊഴി ഓർത്തെടുക്കേണ്ടത്.
ഇനി എന്ത്?
കൃഷിക്കു പ്രാധാന്യം നൽകുന്ന സമ്പദ് വ്യവസ്ഥ ആകണം ലക്ഷ്യം. കൃഷിയിലൂടെ തൊഴിലില്ലായ്മ ഒരു പരിധിവരെ പരിഹരിക്കാൻ സാധിക്കും. ഭക്ഷ്യ വസ്തുക്കളുടെ പ്രാധാന്യം പണം ഉള്ളവനും ഇല്ലാത്തവനും ഒരുപോലെ മനസ്സിലാക്കിയ ഒരു സാഹചര്യം വേറെയില്ല. മണ്ണിൽ പണി ചെയ്യുന്നവൻ ഹീറോ ആകുന്ന കാലം വിദൂരമല്ല. അങ്ങനെ നോക്കുമ്പോൾ കേരളത്തിന് ഏറ്റവും അനിയോജ്യമായത് തെങ്ങ് കൃഷി തന്നെ. ഹൈറേഞ്ചും തീരപ്രദേശങ്ങളും അടക്കം സംസ്ഥാനത്തെ എല്ലാ മേഖലകളും തെങ്ങ് കൃഷിക്ക് യോജിച്ചതാണ്. മാത്രമല്ല മലയാളിയെ വൈകാരികമായി സ്വാധീനിച്ചിട്ടുള്ള മറ്റൊരു കൃഷിയില്ല.
എന്തുകൊണ്ട് തെങ്ങ് കൃഷി?
കേരളത്തിന്റെ സംസ്കാരവുമായി ഇത്രയേറെ ബന്ധപ്പെട്ടുകിടക്കുന്ന മറഅറൊന്നില്ല. കേരളം എന്ന പേരുപോലും കേരകൃഷിയിൽ നിന്ന് ഉത്ഭവിച്ചതാണല്ലോ. ഒരുകാലത്ത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പ്രധാനഘടകങ്ങളിലൊന്ന് തെങ്ങിൽനിന്നുള്ള വരുമാനമായിരുന്നു. കാലത്തിനനുസരിച്ച് തെങ്ങ് കൃഷിയിൽ കൃത്യമായ ഇടപെടലുകളും പഠനങ്ങളും നടത്താതെ പോയതാണ് ഇന്നത്തെ തകർച്ചയിലേക്ക് നാളികേര കർഷകരെ എത്തിച്ചത്. മറ്റ് വികസനങ്ങളിൽ നമ്മൾ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ തനതു വിളകളിൽ നിന്ന് നമ്മൾ പിറകോട്ടു നടന്നു. എന്നിട്ടും നാളികേരത്തിന്റെ മൊത്തം ദേശീയ ഉൽപാദനത്തിൽ 60ശതമാനം കയ്യാളുന്നത് കേരളമാണെന്നത് ഒരു വലിയ സാധ്യതയാണ്.
70 കളിൽ എണ്ണപ്പനകളുടെ വൈവിദ്ധ്യവൽക്കരണത്തിലും, സാധ്യതകളുടെ നൂതന പഠനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച മലേഷ്യ, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങൾ ഇന്ന് ലോകത്ത് പാം ഓയിൽ ഉത്പാദനത്തിലും കയറ്റുമതിയിലും ഒന്നാമതായി മുന്നേറുന്നത് നമുക്ക് ഒരു പാഠമാണ്. തെങ്ങിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗ യോഗ്യമാണെന്നതാണ് ഈ കൃഷിയുടെ ഏറ്റവും വലിയ സാധ്യത. തൊണ്ടും ചിരട്ടയും ഉൾക്കാമ്പും തേങ്ങവെള്ളവും കൊപ്ര ആട്ടിയ വെളിച്ചെണ്ണയും അതിനു ശേഷം ലഭിക്കുന്ന കൊപ്ര പിണ്ണാക്കും വരെ വൻ വിപണന സാധ്യതയുള്ളതാണ്. തെങ്ങിൻതടി ഫർണിച്ചർ വിദേശികൾക്ക് പ്രിയമാണ്. വെളിച്ചെണ്ണയിൽ അടങ്ങിയ ലോറിക്ക് ആസിഡിന്റെ സാന്നിധ്യം പ്രതിരോധ ശക്തി വർധിപ്പിക്കുന്നതായി ആരോഗ്യപഠനങ്ങൾ തെളിയിക്കുന്നു.
സാദ്ധ്യതകൾ എങ്ങനെ പ്രയോജനപ്പെടുത്താം
നിലവിലെ നാളികേര വിപണനവും സംസ്കരണരീതിയും തുടർന്ന് നമുക്ക് മുന്നോട്ടുപോകാൻ ആകില്ല. വ്യവസായ അടിസ്ഥാനത്തിലുള്ള കൃഷിക്ക് ദീർഘ വീക്ഷണമുള്ള സർക്കാർ ഇടപെടൽ അനിവാര്യമാണ്. ആദ്യം കേരളത്തിലെ തേങ്ങയുടെ മൂല്യം നമ്മൾ തിരിച്ചറിയണം. ഏറ്റവും ഗുണമേൻമയുള്ള നാളികേരം കേരളത്തിൽ നിന്നുള്ളതുതന്നെ. വിപണികളിൽ കേരളത്തിൽ നിന്നുള്ള നാളികേരത്തിനാണ് മൂല്യം കൂടുതൽ. ഈ സാധ്യത കൃത്യമായി ഉപയോഗിക്കാനായാൽ കേരളത്തിന് തിരിഞ്ഞു നോക്കേണ്ടി വരില്ല. നിലവിൽ നാളികേര വ്യവസായത്തിന്റെ 80 ശതമാനവും വെളിച്ചെണ്ണ നിർമ്മാണവുമായി ബന്ധപ്പെട്ടാണ്. അതിൽ മാറ്റം വരണം.
ലോക വിപണി ലക്ഷ്യമിട്ട് തേങ്ങയിൽ നിന്നോ തെങ്ങിൽ നിന്നോ മൂല്യവർദ്ധിത ഉൽപന്നങ്ങൾ ഉണ്ടാകണം. അതിനു മുന്നോടിയായി ‘കേരള കോക്കനട്ട്’ എന്ന രീതിയിൽ ജിയോഗ്രഫിക്കൽ ടാഗോടുകൂടി ബൗദ്ധിക സ്വത്തവകാശം സ്വന്തമാക്കി കേരളത്തിൽ നിന്നുള്ള തേങ്ങയും തേങ്ങ ഉൽപന്നങ്ങളും ബ്രാൻഡ് ചെയ്യപ്പെടണം. മനുഷ്യന്റെ പ്രതിരോധശേഷി ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ കൃത്യമായ ബ്രാൻഡിങ്ങോടെ, പ്രതിരോധശേഷി വർധിപ്പിക്കുന്ന നാളികേര ഭക്ഷ്യ ഉൽപന്നങ്ങൾ ലോക വിപണിയിൽ സുലഭമായി വിറ്റഴിയും.
സാധാരണ വെളിച്ചെണ്ണയെ കൂടാതെ മറ്റ് ഉപയോഗങ്ങൾക്കുള്ള എണ്ണ, ഇളനീർ, നീര, ചിരകിയ തേങ്ങ, ഭക്ഷ്യ ആവശ്യങ്ങൾക്കായുള്ള സംസ്കരിച്ച തേങ്ങ, കോക്കനട്ട് പേസ്റ്റ്, കോക്കനട്ട് മിൽക്ക്, കോക്കനട്ട് മിൽക്ക് പൗഡർ, കോക്കനട്ട് ക്രീം, കോക്കനട്ട് എസൻസ്, കോക്കനട്ട് ഫ്ലോർ, സൗന്ദര്യ വർദ്ധക വസ്തുക്കൾ, സോപ്പുകൾക്കും മരുന്നിനും ആവശ്യമായ ബേസുകൾ തുടങ്ങിയ നിരവധി മൂല്യ വർദ്ധക ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കാൻ സാധിക്കണം.
തൊണ്ടിൽനിന്ന് കയർ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാം. തെങ്ങിൻ ചോറുകൊണ്ട് തയാറാക്കപ്പെടുന്ന ഗ്രോ ബാഗുകൾ, ഗാർഡൻ സോയിൽ എന്നിവയ്ക്ക് രാജ്യത്തിന് അകത്തും പുറത്തും ആവശ്യക്കാർ ഏറെയുണ്ട്. മിലിട്ടറി ആവശ്യങ്ങൾക്കും വാട്ടർ പ്യൂരിഫികേഷനും വ്യാപകമായി ഉപയോഗിക്കുന്ന ആക്ടിവേറ്റഡ് കാർബൺ ഉൽപാദന രംഗത്ത് തേങ്ങയുടെ ചിരട്ടയാണ് ഏറ്റവും മുൻപന്തിയിലുള്ള അസംസ്‌കൃത വസ്തു. അങ്ങനെ തേങ്ങയുടെ സാദ്ധ്യതകൾ അനന്തമാണ്. ഇതിന് സർക്കാരിന്റെ കൃത്യമായ ആസൂത്രണവും പദ്ധതികളും വേണം. ചെറുകിട കർഷകർ ഉൽപാദിപ്പിക്കപ്പെടുന്ന നാളികേരം കൃത്യമായി ഏറ്റെടുക്കാൻ സർക്കാർ കേന്ദ്രങ്ങൾക്കാകണം അവിടുന്ന് സംസ്കരണ കമ്പനികൾക്ക് വൻ തോതിൽ വിറ്റഴിക്കാം. കർഷകർക്ക് ലഭിക്കുന്ന ഒരു തേങ്ങയുടെ വില കണക്കാക്കേണ്ടത് ഒരു തേങ്ങയിൽ നിന്നും ഉല്പാദിപ്പിക്കുന്ന മൂല്യ വർദ്ധക ഉൽപന്നങ്ങളുടെ മൂല്യം കൂടി പരിഗണിച്ചാകണം. അപ്പോൾ കേരകൃഷി കേരളത്തിൽ മികച്ച ലാഭം നേടും.
കേര കൃഷിയും - സംരംഭങ്ങളും
നൂതന കൃഷി രീതികൾ ആവിഷ്കരിക്കപ്പെടണം, സർക്കാർ സഹായങ്ങളും പുത്തൻ സാങ്കേതിക വിദ്യകളും ലഭ്യമാക്കണം, മികച്ച വിളവ് ലഭിക്കുന്ന വിത്തിനങ്ങൾ കണ്ടെത്തണം, ഈ രംഗത്ത് കൂടുതൽ പഠനങ്ങൾ നടക്കണം. കൃഷിക്കാർക്കായി ക്ലാസുകൾ വേണം. മൂല്യ വർദ്ധിത വസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്ന സംരംഭങ്ങൾ ആരംഭിക്കണം, ഇതിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. പ്രവാസി ജീവിതം അവസാനിപ്പിച്ചു നാട്ടിൽ തിരികെയെത്തുന്ന മലയാളികൾക്ക് ഇതില്പരം ഒരു തൊഴിൽ സാധ്യത വേറെയില്ല. അങ്ങനെ ‘തെങ്ങിൽ കയറി’ കേരളത്തിന് സമ്പന്നമാകാം.
∙ ഉബൈസ് അലി, ഡയറക്ടർ, മെഴുക്കാട്ടിൽ മിൽസ്