ADVERTISEMENT

മൈക്രോഫിനാൻസ് സംബന്ധിച്ച് റിസർവ് ബാങ്ക് ഈയിടെ പുറത്തിറക്കിയ പുതുക്കിയ നിർദേശങ്ങൾ കുടുംബശ്രീ, സ്വകാര്യ ചെറുകിട വായ്പ ദാതാക്കൾ വ്യാപകമായുള്ള കേരളത്തിൽ ചെറിയ വായ്പകൾ ഉദാരവൽകരിക്കാൻ ഉപകരിക്കും.കോവിഡിന് ശേഷം ജീവിതം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന കുടുംബങ്ങൾക്ക് മിതമായ നിരക്കിൽ, ലഘു വ്യവസ്ഥകളിൽ ചെറിയ വായ്പ കിട്ടിയാൽ ഉപജീവന ബിസിനസുകൾ നടത്തുവാൻ സാധിക്കും. റിസർവ് ബാങ്കിന്റെ പുതിയ നിർദേശം അനുസരിച്ചു 3 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് ഈടോ, ജാമ്യമോ ഇല്ലാതെ കൊടുക്കുന്ന എല്ലാ വായ്പകളും ‘മൈക്രോ’ ഗണത്തിൽ പെടുത്തി മുൻഗണന വായ്പയായി (പ്രയോരിറ്റി സെക്ടർ) കണക്കാക്കപ്പെടും. വിദ്യാഭ്യാസം,വൈദ്യസഹായം തുടങ്ങി ഏതാവശ്യത്തിനും ഈ വായ്പ കൊടുക്കാം. തിരിച്ചടവ് കുടുംബ വരുമാനത്തിന്റെ 50%ൽ കൂടാൻ പാടില്ല എന്ന ഒറ്റ നിബന്ധന മാത്രം.

സ്വയം സഹായ സംഘങ്ങൾ വഴി വായ്പയെടുത്ത് കൃത്യമായി ഉപയോഗിച്ച 2.5 കോടി വനിതകൾക്ക് വ്യക്തിഗത വായ്പ ലഭ്യമാക്കാൻ കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം ഒരു ബൃഹദ് സംരംഭം നടപ്പാക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി കേരളത്തിലെ ഏകദേശം 70 ലക്ഷം വനിതാ ഉപയോക്താക്കൾക്ക് സഹായം ലഭ്യമാവും എന്ന് കണക്കാക്കുന്നു. വാണിജ്യ ബാങ്കുകൾ പൊതുവേ ‘കുടുംബശ്രീ’ പോലുള്ള സ്വയം സഹായ സംഘങ്ങൾ വഴിയാണ് ഇതുവരെ ഇത്തരം വായ്പകൾ നൽകി പോന്നത്. അവരുടെ പ്രശ്നം തിരിച്ചടവ് പിരിച്ചെടുക്കാനുള്ള ജീവനക്കാരുടെ കുറവാണ്.

ഇവിടെയാണ് റിസർവ് ബാങ്ക് പ്രഖ്യാപിച്ച മറ്റൊരു നയത്തിന്റെ പ്രസക്തി. ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും കൈകോർത്ത് മുൻഗണനാ വായ്പകൾ കൊടുക്കാനുള്ള സംവിധാനം കഴിഞ്ഞ വർഷം തന്നെ ഒരുക്കിയിട്ടുണ്ട്. കൊടുക്കുന്ന വായ്പയുടെ 20% പങ്ക് എങ്കിലും ഈ ധനകാര്യ സ്ഥാപനങ്ങൾ എടുക്കണം എന്ന് മാത്രം. ബാങ്കുകൾ 80% വായ്പാ തോത് എടുക്കും. അങ്ങനെ ആവുമ്പോൾ കുമിഞ്ഞു കിടക്കുന്ന നിക്ഷേപം സാധാരണ വായ്പകൾക്കായി വിനിയോഗിക്കപ്പെടുകയും, തിരിച്ചടവിന് വേണ്ടിയുള്ള ‘ഫോളോ അപ്പ്’ കാര്യക്ഷമമാവുകയും ചെയ്യും എന്നാണ് പ്രതീക്ഷ.

വൻകിട വായ്പകളെ അപേക്ഷിച്ച് ഇത്തരം ചെറിയ വായ്പയിലെ കിട്ടാക്കടം വളരെ കുറവാണ്. കേന്ദ്രത്തിന്റെ ദീനദയാൽ അന്ത്യോദയ യോജന പദ്ധതിയിലൂടെ ബാങ്കുകൾ കൊടുത്ത വായ്പകളുടെ കിട്ടാക്കടം 3 ശതമാനത്തിലും താഴെ മാത്രം.

(ഉന്നത ബാങ്കിങ് ഉദ്യോഗസ്ഥനാണു ലേഖകൻ. അഭിപ്രായം വ്യക്തിപരം) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com