വിദേശമലയാളികള്‍ക്ക് നാട്ടില്‍ കൃഷിഭൂമി വാങ്ങാമോ; വാങ്ങിയവര്‍ വില്‍ക്കേണ്ടിവരുമോ?
Mail This Article
കൊച്ചി∙ ഗൾഫിൽ ഉൾപ്പെടെയുള്ള വിദേശ മലയാളികൾക്ക് വീടും വസ്തുവും വാങ്ങുന്നതിനും വിൽക്കുന്നതിനും റിസർവ് ബാങ്ക് വിലക്കുണ്ടോ? നാട്ടിലാകെ പ്രചരിക്കുന്ന സംശയമാണിത്. വീടോ, ഫ്ലാറ്റോ, കെട്ടിടമോ മറ്റു സ്ഥാവര വസ്തുക്കളോ വാങ്ങാനും വിൽക്കാനും തടസ്സം ഇല്ലെന്നും, എന്നാൽ കൃഷി ഭൂമി വാങ്ങാൻ കഴിയില്ലെന്നും റിസർവ് ബാങ്ക് വിശദീകരിക്കുന്നു.
കൃഷി ഭൂമി വിലക്ക് ഓവർസീസ് ഇന്ത്യൻ പൗരൻമാർക്ക് (ഒസിഐ) മാത്രമല്ല, ഇന്ത്യയിൽ താമസിക്കാത്ത ഇന്ത്യൻ പൗരൻമാർക്കും (എൻആർഐ) ഉണ്ടെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കുന്നു. ഗൾഫ് മലയാളികൾ എൻആർഐ വിഭാഗത്തിൽ വരുമെന്നതിനാൽ അവർക്ക് കൃഷി ഭൂമി, ഫാം ഹൗസ്, തോട്ടം (പ്ലാന്റേഷൻ) എന്നിവ വാങ്ങാൻ കഴിയില്ല. വിദേശ രാജ്യത്തു പോയി അവിടത്തെ പൗരത്വം നേടിയവരാണ് ഒസിഐ വിഭാഗത്തിലുള്ളത്. ഇരട്ട പൗരത്വമുള്ളവരും അതിലുൾപ്പെടും. എന്നാൽ ചട്ടം ഇങ്ങനെയാണെങ്കിലും ആയിരക്കണക്കിനു ഗൾഫ് മലയാളികളും എൻആർഐകളും കൃഷി ഭൂമി വാങ്ങിയിട്ടുമുണ്ട്. ഇവർക്ക് കൃഷി ഭൂമിയോ തോട്ടമോ ഫാം ഹൗസോ മറ്റ് ഇന്ത്യാക്കാർക്കു വിൽക്കാൻ തടസ്സമില്ല.
2021 ഫെബ്രുവരിയിലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് സംശയങ്ങൾ രൂപം കൊണ്ടത്. പക്ഷേ ആ വിധി പഴയ ഫെറ നിയമവുമായി ബന്ധപ്പെട്ടാണ്. 1973–ലെ ഫെറ നിയമം റദ്ദാക്കി ഫെമ (ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്) 1999ൽ നിലവിൽ വന്നിട്ടുണ്ടെന്നും റിസർവ് ബാങ്ക് വിശദീകരണക്കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഫെമയും 2019ൽ രൂപം നൽകിയ ചട്ടങ്ങളു മാണ് പ്രാബല്യത്തിൽ. ഫെമ 9–ാം അധ്യായത്തിലാണ് ഒസിഐകൾക്കൊപ്പം എൻആർഐകൾക്കും കൃഷിഭൂമിയും തോട്ടവും ഫാം ഹൗസും വാങ്ങുന്നതിനുള്ള വിലക്ക് സംബന്ധിച്ച ചട്ടം (24 ഡി) ഉള്ളത്.
നിയമവിരുദ്ധമായി കൃഷി ഭൂമി വാങ്ങിയ എൻആർഐകൾ അതു നിശ്ചിത സമയ പരിധിക്കുള്ളിൽ വിൽക്കേണ്ടി വരുമെന്ന് കൊച്ചിയിലെ റിസർവ് ബാങ്ക് വിദേശനാണ്യ വിഭാഗം വിശദീകരിച്ചു.
Content Highlights: RBI, NRI, Farms