ADVERTISEMENT

തൃശൂർ ∙ കേരളത്തിൽ പ്രഫഷനൽ നാടകങ്ങളുടെ എണ്ണത്തിൽ വർ‌ധന. പ്രളയത്തിനു മുൻപ്, 2017 വരെ ശരാശരി 60 നാടകങ്ങളാണ് ഒരു വർഷം പുറത്തിറങ്ങിയിരുന്നതെങ്കിൽ, 2022ൽ അത് 75 ആയി. സംഗീത നാടക അക്കാദമിയുടെ 4 ലക്ഷം രൂപ സബ്സിഡി കൂടി ഉപയോഗിച്ചു നാടകം ചെയ്യാൻ പുതിയ സമിതികൾ രംഗത്തു വന്നതാണ് നാടകങ്ങൾ  വർധിക്കാൻ കാരണം. എന്നാൽ‌, 2022ൽ സാമ്പത്തികമായി വിജയിച്ചത് 10 മുതൽ 15 വരെ നാടകങ്ങൾ മാത്രം. 

11 ലക്ഷം രൂപയാണ് ശരാശരി ഒരു പ്രഫഷനൽ നാടകത്തിന്റെ പ്രാരംഭ ചെലവ്. സംവിധായകനും തിരക്കഥാകൃത്തിനും ശരാശരി 1.25 ലക്ഷം വീതം നൽകണം. പ്രധാന അഭിനേതാക്കൾക്ക് ഒരു ലക്ഷം രൂപയോ അതിലധികമോ തുക അ‍ഡ്വാൻസ് നൽകി വേണം കരാറെഴുതാൻ. സംഗീതത്തിന് ഒരു ലക്ഷം രൂപ ചെലവും വരും. രംഗപടത്തിന് നാടകത്തിന്റെ സ്വഭാവത്തിനനുസരിച്ച് 1.50 ലക്ഷം രൂപ വരെ. ചമയത്തിനും വരും ഒരു ലക്ഷം രൂപയ്ക്കടുത്ത്. 

100 വേദികൾ വരെ കിട്ടിയാലേ ഒരു നാടകത്തിന് മുതൽമുടക്ക് തിരിച്ചു പിടിക്കാനാവൂ.150 വേദികൾ കിട്ടിയാൽ മോശമല്ലാത്ത ലാഭമായി. ഏറ്റവും മികച്ച നാടകങ്ങൾക്ക് 200 വേദി വരെ കിട്ടും. എന്നാൽ, 200 വേദി വരെ കിട്ടുന്നത് 5 നാടകങ്ങൾക്കായിരിക്കും. 150 വേദി കിട്ടുന്നതും 5 എണ്ണത്തിനാണ്. ഇവയ്ക്കു പുറമേ 5 എണ്ണം 100 വേദികൾ തികയ്ക്കും എന്നതാണ് കേരളത്തിലെ രീതി. 

പൊതുവിൽ നല്ല അഭിപ്രായം നേടിയ നാടകങ്ങളുടെ തിരക്കനുസരിച്ച് തൊട്ടു താഴെയുള്ള നാടകങ്ങളിലേക്ക് മാറിച്ചിന്തിക്കുക എന്നതാണ് ഉത്സവ കമ്മിറ്റിക്കാരുടെ നിലപാട്. അതുകൊണ്ട് 15ൽ കൂടുതൽ നാടകങ്ങൾക്ക് കേരളത്തിൽ മൂന്നക്ക വേദി കിട്ടാറില്ല. 35,000 മുതൽ 40,000 രൂപ വരെയാണ് ഒരു വേദിക്ക് പ്രതിഫലം. മധ്യകേരളത്തിൽ നിന്നാണ് ഇപ്പോൾ പല ട്രൂപ്പുകൾക്കും കൂടുതൽ വിളി വരുന്നത്. 

നെയ്യാറ്റിൻകര പത്മകുമാർ, സംസ്ഥാന ചെയർമാൻ, പ്രഫഷനൽ ഡ്രാമ ചേംബർ- പുതിയ നാടകങ്ങൾ‌ വരുന്നത് നല്ലതാണ്. പക്ഷേ, തട്ടിക്കൂട്ടിയ നാടകങ്ങൾ വ്യക്തിബന്ധത്തിന്റെ പുറത്ത് എവിടെയെങ്കിലും വേദിയിൽ അവതരിപ്പിക്കപ്പെടുകയും ആളുകൾക്ക് ഇഷ്ടപ്പെടാതെ വരികയും ചെയ്താൽ പിന്നെ, അവിടെ നാടകമേ വേണ്ട എന്ന നിലപാടായിരിക്കും എടുക്കുക. അത് നാടക മേഖലയ്ക്കാകെ ക്ഷീണം ചെയ്യും.‌’’

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com