കാരറ്റാണോ അതോ ബീറ്റ്റൂട്ടാണോ നല്ലത്? കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Mail This Article
പോഷകഗുണങ്ങളുടെ കാര്യത്തില്‍ വളരെ മുന്നിലുള്ള രണ്ടു പച്ചക്കറികളാണ് കാരറ്റും ബീറ്റ്റൂട്ടും. ഇവ മിതമായ അളവില്‍ പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഒട്ടേറെ ആരോഗ്യഗുണങ്ങള്‍ നല്‍കും. ശരീരത്തിന് വളരെയേറെ ആവശ്യമായ വിറ്റാമിനുകളും മറ്റു പോഷകങ്ങളും മികച്ച അളവില്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്.

വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ, വിറ്റാമിൻ ബി6 തുടങ്ങിയ വിറ്റാമിനുകളും, കൂടാതെ നാരുകൾ, ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ, ആന്തോസയാനിൻ എന്നിവയെല്ലാം കാരറ്റില്‍ ധാരാളം അടങ്ങിയിരിക്കുന്നു. ബീറ്റാ കരോട്ടിനും വിറ്റാമിൻ എയും തിമിരം, മാക്യുലർ ഡീജനറേഷൻ തുടങ്ങിയ നേത്ര സംബന്ധമായ പ്രശ്നങ്ങള്‍ തടയാൻ സഹായിക്കുന്നു.

കാരറ്റിൽ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്‍റുകളായ ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി എന്നിവ ചര്‍മ്മം മനോഹരമാക്കും. വിറ്റാമിൻ സി വെളുത്ത രക്താണുക്കളുടെ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും അണുബാധകൾക്കും രോഗങ്ങൾക്കുമെതിരെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സിലിക്കണും കാരറ്റിൽ അടങ്ങിയിട്ടുണ്ട്. ചർമത്തിന്‍റെയും നഖങ്ങളുടെയും ആരോഗ്യത്തിന് ഇത് സഹായിക്കും.

കുറഞ്ഞ കാലറിയും കൂടുതല്‍ നാരുകളും ഉള്ളതിനാല്‍ തടി കുറയ്ക്കാന്‍ നോക്കുന്നവര്‍ക്ക് മികച്ച ഭക്ഷണമാണ് കാരറ്റ്. നാരുകള്‍ അമിതവിശപ്പ് കുറയ്ക്കുന്നതിനും മലബന്ധം തടയുന്നതിനും സഹായിക്കും.

മിഡിൽ ഈസ്റ്റിൽ നിന്നാണ് ബീറ്റ്റൂട്ട് വന്നത്. ഇന്ന് ലോകമെമ്പാടും പ്രിയപ്പെട്ട പച്ചക്കറികളില്‍ ഒന്നാണ് ഇത്. ഹൃദയാരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഫോളേറ്റ്, മാംഗനീസ്, നൈട്രേറ്റ് എന്നിവയാൽ സമ്പുഷ്ടമാണ് ബീറ്റ്റൂട്ട്. നൈട്രേറ്റുകൾ രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും സ്റ്റാമിന കൂട്ടുകയും ചെയ്യും. ഹൃദയാരോഗ്യത്തിനും ഇത് സഹായിക്കും.
ബീറ്റ്റൂട്ടിലുള്ള ബീറ്റൈൻ, നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് ഉള്ളവരിൽ കരളിനെ സംരക്ഷിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ബീറ്റ്റൂട്ടിലെ ആന്‍റി ഓക്‌സിഡൻ്റായ ആൽഫ ലിപോയിക് ആസിഡിന് ഗ്ലൂക്കോസിൻ്റെ അളവ് കുറയ്ക്കുന്നതിനും പ്രമേഹരോഗികളിൽ ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ഡയബറ്റിക് ന്യൂറോപ്പതിയുടെ(നാഡി ക്ഷതം) ലക്ഷണങ്ങൾ കുറയ്ക്കാനും കഴിവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ബീറ്റ്‌റൂട്ടിൽ അടങ്ങിയിട്ടുള്ള ബീറ്റലൈനുകൾ എന്ന പിഗ്മെൻ്റുകൾക്ക് ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
കൂടുതല്‍ കഴിച്ചാല്‍
ക്യാരറ്റ് കഴിച്ചാല്‍ കണ്ണിനും ബീറ്റ്റൂട്ട് കഴിച്ചാല്‍ ഹൃദയത്തിനും വളരെയേറെ ഗുണകരമാണ്. എന്നാല്‍ ഇവ അമിതമായി കഴിക്കുന്നത് ദോഷവും ഉണ്ടാക്കും എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.
കാരറ്റ് അമിതമായി കഴിക്കുന്നവര്‍ക്ക് ചര്‍മം ഓറഞ്ചു നിറമാകുന്ന 'കരോട്ടിനീമിയ' എന്ന അവസ്ഥ ഉണ്ടായേക്കാം. കാരറ്റില്‍ പഞ്ചസാരയുടെ അളവ് വളരെ കൂടുതലായതിനാല്‍ പ്രമേഹ രോഗികള്‍ കാരറ്റ് നിയന്ത്രിക്കണം. കാരറ്റിന്‍റെ അമിതോപയോഗം നെഞ്ചെരിച്ചില്‍, മലബന്ധം, ദഹന പ്രശ്‌നങ്ങള്‍, ഗ്യാസ് എന്നിവയ്‌ക്കും കാരണമാകും.
ബീറ്റ്റൂട്ടിൽ ഓക്സലേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് മൂത്രത്തിൽ കാൽസ്യം ഓക്സലേറ്റ് വർധിപ്പിക്കുകയും കിഡ്നി സ്റ്റോണിന് കാരണമാവുകയും ചെയ്യും. കൂടാതെ ബീറ്റ്റൂട്ട് അലർജിക്കും കാരണമായേക്കാം. ബീറ്റ വി 1, പ്രൊഫലിൻ (ബീറ്റ വി 2), ബീറ്റ വി പിആർ -10 തുടങ്ങി അലർജിക്ക് കാരണമാകുന്ന ചില പ്രോട്ടീനുകൾ ബീറ്റ്റൂട്ടിൽ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ബീറ്റ്റൂട്ടിലുള്ള കാർബോഹൈഡ്രേറ്റുകളായ ഫ്രക്ടാനുകൾ വയറിന് പ്രശ്നങ്ങള്‍ ഉള്ളവരില്‍, ഇറിറ്റബിൾ ബവൽ സിൻഡ്രോം(ഐബിഎസ്), ദഹനക്കേട് എന്നിവ ഉണ്ടാക്കാൻ സാധ്യതയുണ്ട്.
ശരീരഭാരം കുറയ്ക്കാൻ എബിസി മിറാക്കിൾ ജൂസ്
നിറം വർധിപ്പിക്കാനും ചർമത്തിലെ ചുളിവുകൾ മാറ്റാനും ശരീരഭാരം കുറയ്ക്കാനുമെല്ലാമുള്ള ഒരു മിറാക്കിൾ ഡ്രിങ്ക്. അതാണ് എബിസി ജ്യൂസ്. ആപ്പിൾ, ബീറ്റ്റൂട്ട്, കാരറ്റ് ഇതാണ് ആ മാന്ത്രികക്കൂട്ട്.
എപ്പോൾ കുടിക്കാം
രാവിലെ വെറുംവയറ്റിൽ കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. അതല്ലെങ്കിൽ, രണ്ടു പ്രധാന ഭക്ഷണത്തിന് ഇടയിലുള്ള സമയം കുടിക്കാം. ഉദാഹരണത്തിന് രാവിലത്തെയും ഉച്ചയ്ക്കത്തെയും ഭക്ഷണത്തിന് ഇടയിലുള്ള സമയമാകാം. എന്നാൽ പ്രധാന ഭക്ഷണത്തോടൊപ്പം കഴിച്ചാൽ ഇതിന്റെ ഗുണം അത്ര ലഭിച്ചേക്കില്ല. ഈ ജൂസിൽ നാരുകൾ അധികം അടങ്ങിയിട്ടുള്ളതിനാൽ ചിലർക്ക് വായുശല്യം ഉണ്ടാകാം.
അങ്ങനെ വായുശല്യമുണ്ടാകുന്നുണ്ടെങ്കിൽ ജ്യൂസ് ഉണ്ടാക്കുമ്പോൾ അൽപം ഇഞ്ചി കൂടി ചേർത്ത് അടിച്ചെടുക്കാം. ജൂസ് അരിച്ചെടുക്കാതെ കുടിക്കുന്നതാണ് ഏറ്റവും നല്ലത്. ബീറ്റ്റൂട്ട് അമിതമായി ഉപയോഗിച്ചാൽ കിഡ്നി സ്റ്റോൺ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ ഒന്നിടവിട്ട ദിവസങ്ങളിൽ കുടിക്കുന്നതാണ് ഉചിതം.
തയാറാക്കുന്ന വിധം
തൊലികളഞ്ഞ ആപ്പിൾ - 1
പകുതി ബീറ്റ്റൂട്ട്
1 കാരറ്റ് (തീരെ ചെറുതല്ലാത്തത്)
ഒരു കപ്പ് വെള്ളം (തണുപ്പ് വേണ്ടവർക്ക് തണുത്ത വെള്ളം ഉപയോഗിക്കാം)
മധുരത്തിന് അനുസരിച്ച് തേൻ. (പഞ്ചസാര ഒഴിവാക്കുക)
ഇവയെല്ലാം ജൂസറിലോ ബ്ലെൻഡറിലോ അടിച്ചെടുക്കുക. അരിക്കാതെ ഉപയോഗിക്കുക.