വിദേശനാണ്യ ശേഖരത്തിൽ ഇടിവ്
Mail This Article
മുംബൈ∙ ഇന്ത്യയുടെ വിദേശനാണ്യ കരുതൽശേഖരത്തിൽ ഇടിവ്. മാർച്ച് 31ന് അവസാനിച്ച ആഴ്ചയിൽ കരുതൽ ശേഖരം 32.9 കോടി ഡോളർ കുറഞ്ഞ് 57844.9 കോടി ഡോളറിലേക്കെത്തി. സ്വർണ ശേഖരത്തിലും ഇടിവുണ്ടായി. കരുതൽ ശേഖരത്തിലെ പ്രധാനപ്പെട്ട കറൻസി ശേഖരം 3.6 കോടി ഡോളർ കുറഞ്ഞ് 50969.1 കോടി ഡോളറായി. സ്വർണശേഖരം 27.9 കോടി ഡോളർ കുറഞ്ഞ് 4520 കോടി ഡോളറിലുമെത്തി. തൊട്ടുമുൻപത്തെ രണ്ട് ആഴ്ചകളിലായി കരുതൽ ശേഖരത്തിൽ 597.7 കോടി ഡോളറിന്റെ വർധനയുണ്ടായിരുന്നു.
2022–23 സാമ്പത്തിക വർഷം വിദേശ നാണ്യ കരുതൽ ശേഖരത്തിൽ 2886 കോടി ഡോളറിന്റെ കുറവുണ്ടായി. 2021 ഒക്ടോബറിൽ കരുതൽ ശേഖരം റെക്കോർഡ് നിലയായ 64500 കോടിഡോളറിൽ എത്തിയിരുന്നു. ഡോളറുമായുള്ള വിനിമയത്തിൽ രൂപ നേരിടുന്ന വെല്ലുവിളികളെ പ്രതിരോധിക്കാൻ റിസർവ് ബാങ്ക് കരുതൽ ശേഖരം ഉപയോഗിച്ചതാണ് ഇടിവുണ്ടാകാൻ കാരണം.