വലതുകാൽ മുറിച്ചു, ഒടുവിൽ മരണത്തിനു കീഴടങ്ങി; കുടുംബം ദുരിതത്തിൽ
Mail This Article
കടുത്തുരുത്തി∙ ടാപ്പിങ് തൊഴിലാളിയായി ജോലി ചെയ്തിരുന്ന യുവാവിന്റെ കാൽ മുട്ടിനു മുകളിൽ മുറിച്ച് ചികിത്സയിൽ കഴിയവേ അണുബാധ കയറി യുവാവ് മരിച്ചതോടെ ദുരിതത്തിലായത് കുടുംബം. കടുത്തുരുത്തി തെക്കേപന്തലാട്ട് ബിജുവിന്റെ (47) വലതു കാലാണ് പ്രമേഹരോഗം മൂർഛിച്ചതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ജനുവരി 3ന് മുറിച്ചത്. 15 ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം വീട്ടിലെത്തിയെങ്കിലും കഴിഞ്ഞ ദിവസം പെട്ടെന്നു തളർന്നു വീഴുകയായിരുന്നു.
വീണ്ടും സർജറി നടത്തിയെങ്കിലും യുവാവ് മരണത്തിനു കീഴടങ്ങി. മൂന്നു മാസമായി നടത്തുന്ന ചികിത്സയിലൂടെ കുടുംബം പട്ടിണിയിലേക്കു നീങ്ങുമ്പോഴാണ് യുവാവിന്റെ മരണം. അവിവാഹിതനായിരുന്നു ബിജു. 82 വയസ്സുള്ള രോഗിയായ മാതാവിന്റെ സംരക്ഷണം നടത്തിയിരുന്നത് ബിജുവാണ്. അമ്മ പെണ്ണമ്മയ്ക്ക് സ്ട്രോക്ക് വന്നതിനെത്തുടർന്നു പാതി തളർന്ന അവസ്ഥയിലാണ്.
പിതാവ് 22 വർഷങ്ങൾക്കു മുൻപ് അസുഖത്തെത്തുടർന്നു മരിച്ചതാണ്. ഇതിനിടെയാണ് ബിജുവിന്റെ കാലിൽ പഴുപ്പ് കയറുന്നതും മുറിച്ചു മാറ്റേണ്ടി വന്നതും. വീട്ടിലേക്ക് വാഹനം എത്താത്ത വഴിയിലൂടെ കസേരയിൽ ചുമന്നാണ് ബിജുവിനെ ആശുപത്രിയിൽ എത്തിച്ചിരുന്നത്. ബിജുവിന്റെ ചികിത്സയ്ക്കു ലക്ഷങ്ങളാണു ചെലവഴിച്ചത്.
മരണത്തോടെ ബിജു അനുഭവിച്ച വേദനയ്ക്ക് അവസാനമായെങ്കിലും കടങ്ങൾക്കു മുൻപിൽ നട്ടംതിരിഞ്ഞു കഴിയുകയാണ് കുടുംബം. സഹോദരി ബിന്ദു കൂലിപ്പണി ചെയ്താണ് കുടുംബം പുലർത്തുന്നതും ചികിത്സയ്ക്കു പണമുണ്ടാക്കിയതും.
നഴ്സിങ്ങിനു പഠിക്കുന്ന മകളുടെയും മകന്റെയും കാര്യങ്ങളും ബിന്ദുവിന്റെ ചുമലിലാണ്. സംസ്കാരത്തിനു പോലും പണമില്ലാതെ വിഷമിക്കുകയായിരുന്നു ബന്ധുക്കൾ. കുടുംബത്തിന്റെ സുരക്ഷയ്ക്കായി ബിന്ദു അജയകുമാറിന്റെ പേരിൽ അക്കൗണ്ട് തുറന്നു.
അക്കൗണ്ട് നമ്പർ: 43532200071344
ഐഎഫ്എസ്‌സി: CNRB0004671
ഗൂഗിൾ പേ: 8281051225