ഇരു വൃക്കകളും തകരാറിൽ; ചികിത്സയ്ക്ക് സുമനസ്സുകളുടെ സഹായം തേടി യുവാവ്
Mail This Article
തൊടുപുഴ ∙ നിതിന് 31 വയസ്സേ ഉള്ളൂ, ഇരുവൃക്കകളും തകരാറിലാണ്. വൃക്ക മാറ്റിവയ്ക്കുക മാത്രമാണ് പ്രതിവിധി. അതിനു സുമനസ്സുകളുടെ സഹായം തേടുകയാണ് കുടുംബം. വെങ്ങല്ലൂർ അളകനാൽ നിതിൻ ജോസഫാണ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സഹായം തേടുന്നത്. അച്ഛനും അമ്മയും അടങ്ങുന്ന നിർധന കുടുംബത്തിന്റെ ഏക ആശ്രയമാണ് നിതിൻ. ഒരു വർഷം മുൻപ് രക്തസമ്മർദത്തിൽ ഉണ്ടായ ഏറ്റക്കുറച്ചിലുകളെത്തുടർന്ന് നടത്തിയ രക്ത പരിശോധനയിലാണ് ഇരുവൃക്കകളും തകരാറിലാണെന്ന് അറിയുന്നത്. അടിയന്തരമായി വൃക്ക മാറ്റിവയ്ക്കണം എന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
എന്നാൽ, അതിനായി 30 ലക്ഷത്തോളം രൂപ ചെലവ് വരും. ഈ തുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണു നിതിനും കുടുംബവും. സുമനസ്സുകളുടെ സഹായം മാത്രമാണ് ആകെയുള്ള പ്രതീക്ഷ. ചെറുപ്പകാലം മുതൽ ടെപ്പ്-2 പ്രമേഹത്തിന് ചികിത്സ തേടുന്നയാളായിരുന്നു നിതിൻ. അച്ഛൻ എ.എം.ജോസഫ് ബോർമ ജീവനക്കാരനും അമ്മ വത്സ വീട്ടമ്മയുമാണ്. സഹോദരിയുടെ വിവാഹം നടത്തി. നിതിൻ ഡിഗ്രി പഠനം കഴിഞ്ഞ് ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക് കോഴ്സ് പഠിക്കുമ്പോഴാണ് രോഗം കണ്ടെത്തുന്നത്. വൃക്ക നൽകാൻ കുടുംബാംഗങ്ങൾ തയാറാണെങ്കിലും ആരുടെയും വൃക്ക നിതിന് യോജിക്കുന്നതല്ല. അതിനാൽ പുറത്തുനിന്നു ഒരു ഡോണറെ കൂടി കണ്ടെത്തേണ്ട അവസ്ഥയാണ്.
വീട്ടിലെ സാമ്പത്തിക പരാധീനതകൾ മൂലം ഒരു സ്വകാര്യ ഫിനാൻസ് കമ്പനിയുടെ ജോലി വീട്ടിലിരുന്ന് നിതിൻ ചെയ്യുന്നുണ്ട്. ഇതിനിടെ എല്ലാ ആഴ്ചയും ചികിത്സയ്ക്കായി ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പോവുകയും വേണം. രോഗം കണ്ടെത്തി ഒരു വർഷം പിന്നിട്ടിട്ടും സർക്കാരിന്റെയോ മറ്റ് സംഘടനകളുടെയോ സഹായങ്ങളൊന്നും നിതിന് ലഭിച്ചിട്ടില്ല. ഒരു വർഷത്തെ ചികിത്സയ്ക്കായി മാത്രം മൂന്ന് ലക്ഷത്തോളം രൂപ മുടക്കുകയും ചെയ്തു. തൊടുപുഴ നഗരസഭ മൂന്നാം വാർഡിലെ താമസക്കാരനായ നിതിന്റെ ചികിത്സയ്ക്കായി വാർഡ് കൗൺസിലർ കെ.ദീപക്കിന്റെയും നിതിൻ ജോസഫിന്റെയും പേരിൽ തൊടുപുഴ കനറാ ബാങ്ക് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 110166186739, ഐഎഫ്എസ്‌സി കോഡ്: CNRB0014650. ഫോൺ: 8075253050.