ശരീരം തളർന്ന മകളുടെ ചികിത്സയ്ക്കായി കനിവു തേടി മലയാളി കുടുംബം
Mail This Article
ന്യൂഡൽഹി ∙ ശരീരത്തിന്റെ ഇടതുവശം തളർന്ന 9 വയസ്സുകാരി മകളെയും വാരിയെടുത്ത് ഭാഷയും വഴികളുമറിയാത്ത ഡൽഹിയിൽ നിസ്സഹായരായി നിൽക്കുകയാണ് മായയും സാബുവും. തലച്ചോറിന് അപൂർവരോഗം ബാധിച്ച മകൾ അതുല്യയുടെ ചികിത്സയ്ക്കായി 2023 മാർച്ചിലാണ് ഇവർ ഡൽഹിയിൽ താമസമാക്കിയത്.
27നാണ് ഡോക്ടർമാർ ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നു. 96,600 രൂപ ചെലവാകും. അതിന് ശേഷം മാസം 2,266 രൂപ ചെലവുള്ള മരുന്ന് 3 വർഷത്തേക്കു തുടർച്ചയായി വേണം. ഈ വിവരങ്ങൾ സ്ഥിരീകരിച്ച് എയിംസിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ.മഞ്ജരി ത്രിപാഠി കത്തു നൽകിയിട്ടുണ്ട്. ഓപ്പറേഷൻ കഴിഞ്ഞാലും ഏതാനും മാസം ഡൽഹിയിൽ തുടരേണ്ടി വരുമെന്നതിനാൽ ചികിത്സയ്ക്കും താമസത്തിനും സുമനസ്സുകളുടെ സഹായം തേടുകയാണ് അതുല്യയുടെ അമ്മയും അച്ഛനും.
തൊടുപുഴ കരിമണ്ണൂർ സ്വദേശിയായ സാബു കെട്ടിട നിർമാണ തൊഴിലാളിയായിരുന്നു. എന്നാലിപ്പോൾ പണിക്കു പോയിട്ടു മാസങ്ങളായി. കഴിഞ്ഞ പത്തു മാസമായി കേരള ഹൗസിലും ട്രാവൻകൂർ ഹൗസിലെ ഡോർമിറ്ററിയിലുമായാണു കഴിയുന്നത്. താമസവും ഭക്ഷണച്ചെലവും ഉൾപ്പെടെ 35,000ലേറെ രൂപ കുടിശികയായതോടെ അവിടെനിന്ന് ഒഴിഞ്ഞു കൊടുക്കേണ്ട അവസ്ഥയായി. ഭക്ഷണത്തിന്റെ ബിൽ ഇന്നലെ അടച്ചതോടെ ഒരു ദിവസം കൂടി താമസിക്കാൻ അനുവദിച്ചു.
ജനിച്ച് 9–ാം മാസത്തിലാണ് അതുല്യയ്ക്ക് ഹൃദയപേശികൾ വികസിക്കുന്ന രോഗം സ്ഥിരീകരിച്ചത്. അതിനിടെ തലച്ചോറിനും അപൂർവരോഗം ബാധിച്ചതായി കണ്ടെത്തി. ശരീരത്തിന്റെ ഇടതുവശം തളർന്നു. കോട്ടയം മെഡിക്കൽ കോളജിലായിരുന്നു ആദ്യം ചികിത്സിച്ചിരുന്നത്. അവിടെ നിന്ന് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചു. പിന്നീട്, 2015ലാണ് ഡൽഹി എയിംസിലേക്ക് മാറ്റിയത്. അതിനിടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ചെലവ് താങ്ങാനാവുന്നതായിരുന്നില്ല. വലിയൊരു തുക ഇതിനകം ചെലവായി. ആകെയുണ്ടായിരുന്ന 3 സെന്റ് കിടപ്പാടം പണയപ്പെടുത്തി കിട്ടിയ ഒന്നര ലക്ഷം രൂപ ഡൽഹിയിലെ ആവശ്യങ്ങൾക്കും മരുന്നിനും ചെലവായി. കഴിഞ്ഞ മാസം മാത്രം മരുന്നിന് 83,000 രൂപയായി.
9 വർഷത്തിനിടെ ചികിത്സയ്ക്കായി അതുല്യയും മാതാപിതാക്കളും പലതവണ ഡൽഹിയിൽ വന്നു പോയി. ഇടയ്ക്കിടെ നാട്ടിലേക്കു പോയിവരിക സാധ്യമാകാഞ്ഞതോടെ കഴിഞ്ഞ വർഷം മുതൽ ഇവിടെ താമസിക്കാൻ തുടങ്ങി. 8–ാം ക്ലാസ് വിദ്യാർഥിയായ മൂത്ത മകൻ ആകാശും ഇവർക്കൊപ്പമുണ്ട്. ഏതു ചെറിയ സഹായവും അതുല്യയ്ക്കും കുടുംബത്തിനും കൈത്താങ്ങാണ്.
∙ അതുല്യ സാബുവിന്റെ പേരിൽ തൊടുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമുള്ള യൂണിയൻ ബാങ്കിലെ സേവിങ്സ് അക്കൗണ്ട് നമ്പർ: 520191062882112
∙ ഐഎഫ്എസ്‌സി കോഡ്: UBIN0914304
∙ അമ്മ മായയുടെ ഫോൺ നമ്പറും ഗൂഗിൾ പേ അക്കൗണ്ട് നമ്പറും: 9562382781