ആശുപത്രിയിൽ പണം അടയ്ക്കാനാവാതെ നിമ്മി; സുമനസ്സുകളുടെ സഹായം തേടുന്നു
Mail This Article
കൊച്ചി∙ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു കുടുംബം പോറ്റിയ കൊച്ചി സ്വദേശിനി നിമ്മിക്ക് 4 വർഷം മുൻപ് ഹൃദയ സംബന്ധമായി അസുഖം വന്നതോടെയാണു പ്രതീക്ഷകൾ താളംതെറ്റിത്തുടങ്ങിയത്. കഴിഞ്ഞ മേയ് 10ന് സ്ട്രോക്ക് കൂടി വന്നതോടെ നിമ്മിയും കുടുംബവും മറികടക്കാനാവാത്ത പ്രതിസന്ധിയിലായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ നിമ്മി.
12 ലക്ഷത്തോളം ഇതിനകം ചികിത്സയ്ക്കു ചെലവായതോടെ ഒപ്പമുണ്ടായിരുന്ന ബന്ധുക്കൾ പലരും പിൻവാങ്ങി. തുടർ ചികിത്സ വഴിമുട്ടി. മകനൊപ്പം അമ്മയ്ക്കരികിലെത്തിയ നിമ്മിയുടെ കാർഡിയാക് ചികിത്സയ്ക്കിടെയാണ് സ്ട്രോക്ക് സംഭവിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മൂന്നു ലക്ഷം രൂപയ്ക്ക് മീതെയായി ഇപ്പോൾ ബിൽ. ബിൽ അടയ്ക്കാൻ ഒരു വഴിയും കാണാത്ത നിസ്സഹായതയിലാണു നിമ്മിയുടെ അമ്മ.
സ്വകാര്യ ആശുപത്രിയിൽ കിടക്കുന്ന ഓരോ ദിവസവും ബിൽ തുക വർധിക്കുകയാണെന്ന ആശങ്കയുമുണ്ട്. നിമ്മിയെ തുടർ ചികിത്സയ്ക്കു സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയേ നിവൃത്തിയുള്ളൂ. പക്ഷേ, അതിനു സ്വകാര്യ ആശുപത്രിയിൽ ബിൽ അടച്ചു ഡിസ്ചാർജ് വാങ്ങണം. ബിൽ അടയ്ക്കാൻ നിർവാഹമില്ലാതെ ഇനിയെന്തു ചെയ്യുമെന്ന ആശങ്ക കുടുംബത്തെയാകെ വ്യാകുലപ്പെടുത്തുന്നു.
ജോലി ചെയ്തുണ്ടാക്കിയ പണവും സ്വർണവുമെല്ലാം ചികിത്സയ്ക്കായി ചെലവാക്കിയതോടെ കൈയിലൊന്നുമില്ലാത്ത അവസ്ഥയിലാണിവർ. പലിശയ്ക്കു പണമെടുത്താണു തുടർ ചികിത്സ നടത്തിയത്. സ്വന്തമായി വീടില്ലാത്ത നിമ്മിയുടെ മകന്റെ വിദ്യാഭ്യാസത്തിനും വഴിയെന്തെന്നറിയില്ല. നിലവിൽ സ്വകാര്യ ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് വാങ്ങാനെങ്കിലുമുള്ള പണം അടിയന്തരമായി നിമ്മിക്ക് ലഭിച്ചെങ്കിലേ ആ കുടുംബം വലിയ സാമ്പത്തിക പരാധീനതയിൽ നിന്നു രക്ഷപ്പെടൂ. സുമനസ്സുകളുടെ സഹായത്തിലാണു നിമ്മിയുടെ ജീവനും ജീവിതവും പ്രതീക്ഷയർപ്പിക്കുന്നത്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
ഇന്ത്യൻ ബാങ്ക്, കൊച്ചി ശാഖ
അക്കൗണ്ട് നമ്പർ : 50223757851
ഐഎഫ്എസ്‌സി : IDIB000K726
ഫോൺ : 9847817681