പാടത്തുനിന്നു വന്ന് പാഠം പഠിപ്പിക്കുമ്പോൾ; കര്ഷകബുദ്ധി കുറച്ചുകണ്ട മോദിക്കു തെറ്റി
Mail This Article
1990കളിൽ പ്രധാനമന്ത്രി നരസിംഹറാവുവും അദ്ദേഹത്തിന്റെ ധനമന്ത്രി മൻമോഹൻ സിങ്ങും ചേർന്ന് സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കാൻ തുടങ്ങിയപ്പോൾ രാജ്യം അവയ്ക്കായി ദാഹിച്ചിരിക്കുകയായിരുന്നു. ഇന്ത്യയുടെ സാമ്പത്തിക ഭാഗധേയത്തെ മാറ്റിമറിച്ച ആ നടപടികൾ, ലൈസൻസ് രാജും ഇൻസ്പെക്ടർ രാജും മൂലം വട്ടംകറങ്ങിയിരുന്ന വ്യാപാരികൾക്കും വ്യവസായികൾക്കും രക്ഷപ്പെടാൻ തുറന്നുകിട്ടിയ മാർഗങ്ങളായിരുന്നു. വിക്ടർ ഹ്യൂഗോയെ ഉദ്ധരിച്ചുകൊണ്ട് 1991-92ലെ ബജറ്റ് പ്രസംഗത്തിൽ മൻമോഹൻ പറഞ്ഞത് - കാലം ആവശ്യപ്പെടുന്ന ഒരു ആശയമാണെങ്കിൽ അതിനെ തടയാൻ ലോകത്തൊരു ശക്തിക്കും കഴിയില്ല - ഈ പരിഷ്കാരങ്ങളെ സംബന്ധിച്ചിടത്തോളം ശരിയായിരുന്നു. ഇതാണു പരിഷ്കാരങ്ങൾ നടപ്പാക്കാനുള്ള ഏറ്റവും നല്ല മാർഗം.
മറ്റൊരു മാതൃക യുകെ പ്രധാനമന്ത്രി മാർഗരറ്റ് താച്ചറുടേതാണ്. യുകെ സമ്പദ്‌വ്യവസ്ഥ മുരടിച്ചുപോയപ്പോൾ റെയിൽവേ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളും താച്ചർ സ്വകാര്യവൽക്കരിച്ചു; പലർക്കും ജോലി നഷ്ടപ്പെട്ടു. യുകെയെ രക്ഷിച്ച ‘ഉരുക്കുവനിത’യായി താച്ചറിനെ കാണുന്നവരുണ്ട്; അവരുടെ ഭരണകാലത്തെ മോശം അധ്യായമായി വിശേഷിപ്പിക്കുന്നവരുമുണ്ട്.
ഇപ്പോൾ ഇന്ത്യയിൽ നടക്കുന്ന കർഷക പ്രക്ഷോഭങ്ങൾക്കു കാരണമായ 3 കാർഷിക നിയമങ്ങളും മേൽപറഞ്ഞ രണ്ടു വിഭാഗങ്ങളിലുമുള്ള പരിഷ്കാരങ്ങളിൽപെടില്ല. കാരണം കൃഷിയിൽ പ്രത്യേകിച്ചു പ്രതിസന്ധിയൊന്നും ഇല്ല; ഈ പരിഷ്കാരങ്ങൾക്കായി കൃഷിക്കാരുടെ മുറവിളിയുമില്ല. ഈ നിയമങ്ങളുടെ ഗുണദോഷങ്ങളെക്കുറിച്ചു ചർച്ച ചെയ്തിട്ടും കാര്യമില്ല. ഭരണഘടനയനുസരിച്ച് സംസ്ഥാനങ്ങൾ കൃഷിനയം കൈകാര്യം ചെയ്യുന്നതുകൊണ്ട് വിവിധ സംസ്ഥാനങ്ങളിലെ കൃഷിവികസനം പല തലങ്ങളിലാണ്. ഈ നിയമങ്ങളുടെ ആഘാതവും എല്ലാ സംസ്ഥാനങ്ങളിലും ഒരുപോലെ ആയിരിക്കില്ല.
ജലസേചനം, വിപണി, കൃഷിയിറക്കാനുള്ള ചെലവ് തുടങ്ങി തങ്ങളുടെ ജീവനോപായമായ കൃഷിയുടെ സമസ്തമേഖലയിലും ദിനംപ്രതി വെല്ലുവിളികൾ അതിജീവിക്കുന്ന ഇന്ത്യൻ കർഷകനു ധാരാളമായുള്ളതു ബുദ്ധിയാണ്. സമർഥനായ ഇന്ത്യൻ കർഷകന് ഏറ്റവും ഉത്കണ്ഠ ഈ നിയമങ്ങൾ നടപ്പാക്കുന്ന രീതിയിലാണ്. ‘കാർഷിക ഉൽപന്ന വ്യാപാര വാണിജ്യ നിയമം 2020’ അനുസരിച്ച് തർക്കപരിഹാരത്തിനു കർഷകൻ സമീപിക്കേണ്ടതു സബ് ഡിവിഷനൽ മജിസ്ട്രേട്ടിനെയാണ്. എന്നുവച്ചാൽ സബ് കലക്ടർ അല്ലെങ്കിൽ ആർഡിഒ. ഈ എക്സിക്യൂട്ടീവ് കോടതിയുടെ മേൽ ഒരു അപ്‌ലറ്റ് അതോറിറ്റിയുമുണ്ട്.
അതേ നിയമത്തിന്റെ 15–ാം വകുപ്പനുസരിച്ച് സബ് ഡിവിഷനൽ മജിസ്ട്രേട്ടിന്റെയോ അപ്‌ലറ്റ് അതോറിറ്റിയുടെയോ തീരുമാനങ്ങളിൽ ഇടപെടാനോ സ്റ്റേ ചെയ്യാനോ ഉള്ള അധികാരം സിവിൽ കോടതിക്കില്ല; ജുഡീഷ്യറിയെ ഈ നിയമത്തിൽനിന്നു മാറ്റിനിർത്തിയിരിക്കുന്നു. ഭരണഘടനയുടെ 32–ാം വകുപ്പനുസരിച്ച് ഇന്ത്യൻ പൗരന്മാർക്കു സിദ്ധമായിരിക്കുന്ന ‘നിയമപരമായ പരിഹാരത്തിനുള്ള അവകാശം’ കർഷകർക്കില്ല!
അതേ നിയമത്തിന്റെ 13–ാം വകുപ്പനുസരിച്ച്, ‘ഉത്തമ വിശ്വാസത്തിൽ’ കേന്ദ്രസർക്കാർ, സംസ്ഥാന സർക്കാർ, കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ഉദ്യോഗസ്ഥന്മാർ, അല്ലെങ്കിൽ മറ്റു വ്യക്തികൾ സ്വീകരിച്ച നടപടികൾക്കെതിരെയും സിവിൽ കോടതികൾക്ക് ഇടപെടാൻ കഴിയില്ല. ആരാണ് ഈ ‘മറ്റു വ്യക്തികൾ’? തങ്ങളുടെ ഭൂമി പാട്ടത്തിനെടുക്കുന്നതോ തങ്ങളുടെ ഉൽപന്നങ്ങൾ വാങ്ങുന്നതോ ആയ മുതലാളിമാർ തന്നെയാണത് എന്നു ബുദ്ധിമാന്മാരായ ഇന്ത്യൻ കർഷകർ ഊഹിച്ചെടുത്തിരിക്കും. തുടർന്ന്, മണ്ഡികളും അവിടത്തെ കരം പിരിവു നിർത്തലാക്കുന്നതും താങ്ങുവിലയെക്കുറിച്ചു നിയമങ്ങളിൽ പാലിച്ച മൗനവും സ്റ്റോക്ക് നിബന്ധനയിൽ കൊണ്ടുവന്ന ഇളവുകളുമെല്ലാം പരസ്പരപൂരകമാണെന്നു കർഷകർക്കു തോന്നി. അതുകൊണ്ടാണ് കർഷകർ കേന്ദ്ര സർക്കാരിനൊപ്പം കോർപറേറ്റുകളെയും രൂക്ഷമായി എതിർക്കുന്നത്.
കർഷകന്റെ ബുദ്ധിയെ കുറച്ചുകണ്ടതാണ് മോദിസർക്കാരിന്റെ ആദ്യ തെറ്റെങ്കിൽ, രണ്ടാമത്തേത് സമരത്തെ നേരിട്ട രീതിയാണ്. ഈ സർക്കാരിനു സമരങ്ങൾ നേരിടാൻ ഒരു വഴിയേ അറിയൂ – മൃഗീയമായ ബലപ്രയോഗം, രാജ്യദ്രോഹികൾ എന്നു വിളിക്കുക... ബാക്കി കാര്യം ഏറ്റെടുത്തു നടത്താൻ ചില ചാനലുകളും സമൂഹമാധ്യമങ്ങളിൽ വ്യാപൃതരായ ഐടി സെല്ലുകാരുമുണ്ട്. പൗരത്വ നിയമത്തിനെതിരായ സമരത്തെയും ഷഹീൻബാഗിനെയുമെല്ലാം ഇങ്ങനെയാണു നേരിട്ടത്. ഷഹീൻബാഗിൽ മുസ്‌ലിംകൾ ഭൂരിപക്ഷമായതിനാൽ, ‘പാക്കിസ്ഥാൻ വിളിയും’ ബിജെപിയുടെ രാഷ്ട്രീയായുധമായ ധ്രുവീകരണവും പ്രവർത്തിച്ചു.
എന്നാൽ, റോഡുകളിൽ കിടങ്ങു പണിയുക, ജലപീരങ്കി പ്രയോഗിക്കുക തുടങ്ങി പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും സംഘട്ടനങ്ങൾ വേണ്ടുവോളം കണ്ടിട്ടുള്ള പഞ്ചാബികൾക്കു മേൽ ഏശിയില്ല. രാജ്യദ്രോഹിയെന്നോ ഖലിസ്ഥാനിയെന്നോ ഈ കർഷകരെ വിളിക്കാനുള്ള അനൗചിത്യം മോദിസർക്കാരോ ബിജെപിയോ കാണിച്ചില്ല. പകരം ആ പണി ചില ചാനലുകൾ ഏറ്റെടുത്തു. സർക്കാരിന്റെ ഗോദി (മടിയിലിരുത്തി ലാളിക്കുന്ന) മീഡിയ എന്നു പറഞ്ഞ് ഇത്തരം ചാനൽ പ്രവർത്തകരെ സമരരംഗത്തുനിന്നു കർഷകർ തുരത്തി.
മോദിയുടെ മറ്റൊരു തന്ത്രം, ശത്രുപക്ഷത്ത് രാഹുൽ ഗാന്ധി അല്ലെങ്കിൽ മമത ബാനർജിയെപ്പോലൊരു നേതാവിനെ പ്രതിഷ്ഠിച്ച് ആ വ്യക്തിയെ ആക്രമിക്കുക എന്നതാണ്. എന്നാൽ, കർഷകസമരത്തിന്റെ നേതൃത്വത്തിനു മുഖമില്ല. ചുരുക്കത്തിൽ കഴിഞ്ഞ ആറര വർഷത്തിനുള്ളിൽ നരേന്ദ്ര മോദി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഈ സമരം.
മോദിക്കു മുൻപ് ബിജെപി
മോദിക്കു മുൻപുള്ള ബിജെപിയുടെ ചരിത്രത്തിലേക്കു വെളിച്ചം വീശുന്ന പ്രധാനപ്പെട്ട ഒരു പുസ്തകമാണ് ഈയിടെ പുറത്തിറങ്ങിയ, വിനയ് സീതാപതിയുടെ ‘ജുഗൽബന്ദി: ദ് ബിജെപി ബിഫോർ മോദി’. ഹിന്ദുത്വത്തിന്റെ നീണ്ട ചരിത്രത്തിൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളിൽ മാത്രമേ അവർക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായക സ്ഥാനം നേടാൻ സാധിച്ചിട്ടുള്ളൂ. അതിലേക്കു വഴിതെളിച്ച രണ്ടു വ്യക്തിത്വങ്ങളുടെ കഥയാണ് ചരിത്രകാരന്റെ നിഷ്പക്ഷതയോടെ സീതാപതി വിവരിക്കുന്നത്.
കറാച്ചിയിലെ ഒരു ധനിക സിന്ധികുടുംബത്തിൽ ജനിച്ച്, വിഭജനസമയത്ത് എല്ലാം നഷ്ടപ്പെട്ട് ഇന്ത്യയിലെത്തിയ എൽ.കെ.അഡ്വാനിയും ഹിന്ദി ഹൃദയഭൂമിയിൽ ജനിച്ച ബ്രാഹ്മണനായ അടൽ ബിഹാരി വാജ്പേയിയും എങ്ങനെ ബിജെപിയെ മുൻനിരയിലെത്തിച്ചു എന്നതിന്റെ കഥയാണ് ഈ പുസ്തകം.
സീതാപതി തന്റെ പുസ്തകത്തെ ‘തിരുത്തിയ’ ചരിത്രം എന്നാണു വിളിക്കുന്നത്. വാജ്പേയി ഹിന്ദുത്വത്തിന്റെ സൗമ്യമുഖവും മിതവാദിയുമായി ചിത്രീകരിക്കപ്പെട്ടപ്പോൾ അഡ്വാനി അതിന്റെ തീവ്രശബ്ദമായാണു കാണപ്പെട്ടത്. സീതാപതി അതു തിരുത്തിക്കൊണ്ടു ചൂണ്ടിക്കാണിക്കുന്നു, എല്ലാ സമയത്തും വാജ്പേയി ആർഎസ്എസിനു വിധേയനായാണു പ്രവർത്തിച്ചത്. പക്ഷേ, അദ്ദേഹം ആർഎസ്എസിനു പൂർണ സമ്മതനായിരുന്നില്ല. എന്നിരുന്നാലും വാഗ്മിത്വവും വ്യക്തിപ്രഭാവവും കാരണം വാജ്പേയി തന്നെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി.
ഹിന്ദു ആശയശാസ്ത്രത്തിന്റെ ഒരുകാലത്തെ രണ്ടു മുഖങ്ങളായിരുന്നു വാജ്പേയിയും അഡ്വാനിയും. ഇപ്പോഴത്തെ മുഖങ്ങളാണ് അമിത് ഷായും മോദിയും. ഈ ദ്വന്ദത്തെക്കുറിച്ചും പുസ്തകം എഴുതുന്നുണ്ടെന്ന് സീതാപതി സൂചിപ്പിക്കുന്നു.
സ്കോർപ്പിയോൺ കിക്ക്: ഡൽഹി ഉപരോധിച്ചുകൊണ്ടുള്ള കർഷകസമരം തുടരും.
തിരുവനന്തപുരത്തു പണ്ട് സെക്രട്ടേറിയറ്റ് ഉപരോധിച്ച സമരം പോലെ ഇതു പെട്ടെന്ന് അവസാനിക്കാതിരിക്കാൻ എന്തു തയാറെടുപ്പാണു നടത്തിയിരിക്കുന്നതെന്ന് അന്വേഷിക്കുന്നതു ഭാവിയിലേക്കു നന്നായിരിക്കും!
Content Highlight: Farmers Protest