ADVERTISEMENT

വിട്ടുപോയാലും ‘കോൺഗ്രസ് ’ വിടാതെ ഏറ്റവും ഒടുവിൽ കോൺഗ്രസ് വിട്ട ഗുലാം നബി ആസാദ് രൂപീകരിക്കുന്ന പാർട്ടിയുടെ പേരിലും കോൺഗ്രസ് ഉണ്ടാകുമെന്നാണു സൂചന. പല കാരണങ്ങളാൽ കോൺഗ്രസ് വിടുന്ന നേതാക്കൾ സ്വന്തം പാർട്ടിയുണ്ടാക്കുമ്പോൾ പേരിൽ കോൺഗ്രസ് നിലനിർത്താൻ ശ്രദ്ധിക്കാറുണ്ട്.

കോൺഗ്രസ് നേതാക്കൾ സംഘടനവിട്ടു സ്വന്തം പ്രാദേശിക പാർട്ടിയുണ്ടാക്കുന്നതു പുതിയ പ്രതിഭാസമൊന്നുമല്ല. സ്വാതന്ത്ര്യപൂർവകാലം മുതൽക്കേ അതൊരു പതിവുസംഭവമാണ്. കോൺഗ്രസ് പിളർന്നുണ്ടായ പാർട്ടികളിൽ ഇന്നും നിലനിൽക്കുന്നവയിൽ ഏറ്റവും പഴയത് 1939 മേയിൽ രൂപമെടുത്ത ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്കാണ്. മഹാത്മാഗാന്ധിയുമായുള്ള കടുത്ത ഭിന്നതകളെത്തുടർന്നു കോൺഗ്രസ് വിട്ട നേതാജി സുഭാഷ് ചന്ദ്രബോസ് നാലു ദിവസത്തിനകം പുതിയ പാർട്ടിയുണ്ടാക്കി. 

   തന്റെ സംഘടന രക്തത്തിൽ പിറന്നതാകണമെന്നു നേതാജിക്കു നിർബന്ധമുണ്ടായിരുന്നതിനാൽ അംഗങ്ങളോടു രക്തപ്രതിജ്ഞയെടുക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ബ്രിട്ടിഷ് സാമ്രാജ്യത്തിനെതിരെ സായുധസമരം പ്രഖ്യാപിച്ച നേതാജിക്കൊപ്പം ആയിരങ്ങളാണ് അണിചേർന്നത്. ബ്രിട്ടിഷ് ഭരണകൂടം നിരോധിച്ചെങ്കിലും, 1946ൽ സെൻട്രൽ അസംബ്ലിയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ നേതാജിയുടെ പാർട്ടി സീറ്റുകൾ നേടി. പുതിയ പാർട്ടിയെ പക്ഷേ, കോൺഗ്രസ് അംഗീകരിച്ചില്ല. അതിലേക്കു പോയവരെ 1949ൽ മാത്രമാണു കോൺഗ്രസ് പുറത്താക്കിയത്. നേതാജിയാകട്ടെ ഇതിനും നാലു വർഷം മുൻപു വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. 

ഇത്തരത്തിൽ, കോൺഗ്രസ് വിട്ടു സ്വന്തം പാർട്ടിയുണ്ടാക്കിയ പ്രമുഖ നേതാക്കളിൽ ഒടുവിലത്തെ ആളാണു ഗുലാം നബി ആ സാദ്. മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, എഐസിസി ജനറൽ സെക്രട്ടറി, വർക്കിങ് കമ്മിറ്റി അംഗം തുടങ്ങിയ സുപ്രധാന പദവികളിൽ  50 വർഷത്തിലേറെ തുടർന്ന ശേഷമാണ് ആസാദ് കോ ൺഗ്രസ് വിട്ടത്. ജമ്മു കശ്മീർ ആ സ്ഥാനമായി പുതിയ കക്ഷി രൂപീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു ദശകത്തിനിടെ നേതൃത്വം നഷ്ടപ്പെടുത്തിയ കോൺഗ്രസ് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനാണു താൻ ശ്രമിക്കുകയെന്ന് അദ്ദേഹം സോണിയ ഗാന്ധിക്ക് എഴുതിയ നീണ്ട രാജിക്കത്തിൽ പറഞ്ഞു. അതുകൊണ്ട്, ആസാദ് രൂപീകരിക്കുന്ന പുതിയ കക്ഷിയുടെ പേരിനൊപ്പം കോൺഗ്രസ് എന്നുണ്ടാകുമെന്നു സൂചനയുണ്ട്. 

ജമ്മു കശ്മീർ കോൺഗ്രസ് എന്ന പേരിൽ തിരഞ്ഞെടുപ്പു കമ്മിഷനിൽ നേരത്തേ ഒരു സംഘടന റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യൻ‌ നാഷനൽ കോൺഗ്രസ് എന്ന കക്ഷിയുള്ളതിനാൽ ആശയക്കുഴപ്പം ഒഴിവാക്കാൻ  കമ്മിഷൻ പുതിയ കക്ഷിയുടെ പേരിനൊപ്പം ആസാദ് എന്നുകൂടി ചേർക്കാൻ ആവശ്യപ്പെട്ടേക്കാം. എന്നാൽ, ജമ്മു കശ്മീരിനു സ്വാതന്ത്ര്യം എന്ന ആവശ്യത്തോടു ശക്തമായി വിയോജിക്കുന്നതിനാൽ ബിജെപിക്ക് ‘ആസാദ്’ എന്ന പദം രസിക്കാനിടയില്ല. ഇത്തരം കാര്യങ്ങളെല്ലാം പരിഗണിച്ചുകൊണ്ടാവും തന്റെ കക്ഷിയുടെ പേര് ഗുലാം നബി ആസാദ് പ്രഖ്യാപിക്കുക. 

രാജ്യത്തെ പല പ്രാദേശിക കക്ഷികളുടെയും പേരിനൊപ്പം കോൺഗ്രസ് എന്നുണ്ട്. ശരദ് പവാറിന്റെ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി, മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്, ആന്ധ്രപ്രദേശിലെ വൈഎസ്ആർ കോൺഗ്രസ്, മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ്ങിന്റെ പഞ്ചാബ് ലോക് കോൺഗ്രസ്, കേരള കോൺഗ്രസ് എന്നിവ ഉദാഹരണം. ഇതിൽ തൃണമൂലും വൈഎസ്ആർ കോൺഗ്രസും രണ്ടുവട്ടം തുടർച്ചയായി നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വൻവിജയം നേടി. എൻസിപിയാകട്ടെ ദീർഘകാലമായി കേന്ദ്രത്തിലും മഹാരാഷ്ട്രയിലും കോൺഗ്രസിന്റെ സഖ്യകക്ഷിയാണ്. ഉണ്ടായതിനുശേഷം പലവട്ടം പിളർന്നുവെങ്കിലും കേരള രാഷ്ട്രീയത്തിലെ പ്രധാന കക്ഷിയായി കേരള കോൺഗ്രസും തുടരുന്നു.   കോൺഗ്രസ് ഉപേക്ഷിച്ചുപോയ ജി.കെ.മൂപ്പനാർ, ഡി. ദേവദാജ് അരസ്, എൻ.ഡി.തിവാരി, കെ.കരുണാകരൻ, മാധവറാവു സിന്ധ്യ തുടങ്ങിയവരടക്കം ചെറുതും വലുതുമായ നേതാക്കളെല്ലാം സ്വന്തം കക്ഷിയുണ്ടാക്കിയെങ്കിലും വിജയമുണ്ടായില്ല. അവരിൽ പലരും പിന്നീടു കോൺഗ്രസിലേക്കുതന്നെ തിരിച്ചെത്തുകയും അനുയായികൾ ബിജെപിയിലേക്കോ  പ്രാദേശിക പാർട്ടികളിലേക്കോ ചേക്കേറുകയും ചെയ്തു. 

ശക്തരായ നേതാക്കൾക്കെല്ലാം പുതിയ കക്ഷി രൂപീകരണത്തിൽ ജയപരാജയങ്ങൾ ഒരുപോലെ നേരിടേണ്ടിവന്നിട്ടുണ്ട്. എഴുപതുകളിലെത്തി നിൽക്കുന്ന ആസാദിനു സ്വന്തം പാർട്ടി കെട്ടിപ്പടുക്കുകയും കശ്മീർപോലെ ഒരിടത്ത് അതിനാവശ്യമായ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യുകയെന്നതു ഭാരിച്ച ഉത്തരവാദിത്തം തന്നെയാണ്. ജമ്മു, കശ്മീർ മേഖലകളിൽ നിന്നും കോൺഗ്രസ് വിട്ടു തനിക്കൊപ്പം ചേർന്ന മുൻ മന്ത്രിമാരും എംഎൽഎമാരും അടക്കമുള്ള നേതാക്കളോടും പ്രവർത്തകരോടും ആസാദ് പറഞ്ഞത് പുതിയ കക്ഷിയുണ്ടാക്കുമ്പോൾ അതിനു ജമ്മുവിലും കശ്മീരിലും ഓരോ ആസ്ഥാനം വേണമെന്നാണ്. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പ്രവർത്തനസജ്ജമായ ഓഫിസുകൾ സ്ഥാപിക്കുന്നതിനു പുറമേയാണിത്. 

അനുയായികളും അനുഭാവികളുമടങ്ങുന്ന ആൾക്കൂട്ടം തുടക്കത്തിൽ ഒപ്പമുണ്ടാകും. അതിൽനിന്ന് ഒരു പാർട്ടി കെട്ടിപ്പടുക്കുന്ന ജോലി എളുപ്പമല്ല. സംഘടനാപ്രവർത്തനത്തിനും തിരഞ്ഞെടുപ്പു പ്രചാരണത്തിനുമായുള്ള സാമ്പത്തികശേഷിയും മറ്റു സൗകര്യങ്ങളും കൂടി ആർജിക്കേണ്ടതുണ്ട്. കോൺഗ്രസ് അടക്കം എതിരാളികളെ തോൽപിച്ചു സ്വന്തം കക്ഷിയെ അധികാരത്തിലെത്തിക്കാൻ മമതയ്ക്കും വൈ.എസ്. ജഗൻമോഹൻ റെഡ്ഡിക്കും സ്വന്തം വ്യക്തിപ്രഭാവം സഹായിച്ചു. അതിസമ്പന്നനായ റെഡ്ഡിക്ക് പ്രതിപക്ഷത്തിരുന്ന ആദ്യ 5 വർഷം പാർട്ടിക്കാവശ്യമായ മൂലധനം കണ്ടെത്താനും ബുദ്ധിമുട്ടുണ്ടായില്ല. ഇടതുപക്ഷത്തിനുള്ള ഏക ബദൽ എന്ന നിലയിൽ ബംഗാളിൽ തൃണമൂലിനെ സജ്ജമാക്കാൻ മമതയ്ക്കു 14 വർഷം വേണ്ടിവന്നു. 

എന്നാൽ, ജമ്മു കശ്മീർപോലെ കുറച്ചു ജനസംഖ്യയുള്ള ചെറിയ സംസ്ഥാനത്ത് ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളിലേതു പോലെ ഭാരിച്ച സാമ്പത്തിക ബാധ്യത ഒരു പാർട്ടി കെട്ടിപ്പടുക്കാൻ ആവശ്യമില്ലെന്ന് ആസാദിനറിയാം. അവിടെ നാഷനൽ കോൺഫറൻസ്, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി പോലെയുള്ള പ്രാദേശികകക്ഷികളെ ആശ്രയിച്ചോ അവരുമായി സഖ്യത്തിലോ വേണം ആസാദിന് അധികാരത്തിലെത്താൻ. മറ്റൊരു പ്രധാന ചോദ്യം, വിഭജിച്ചുനിൽക്കുന്ന ജമ്മു കശ്മീരിലെ ജനങ്ങൾക്കു മുന്നിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ആസാദ് എന്തു നിലപാടു സ്വീകരിക്കുമെന്നതാണ്. ഭരണഘടനയുടെ 370–ാം വകുപ്പു പ്രകാരമുള്ള പ്രത്യേക പദവികളും അവകാശങ്ങളും റദ്ദാക്കപ്പെട്ടതിൽ കശ്മീർ താഴ്‌വരയിലെ ജനത അതൃപ്തരാണ്. അതേസമയം, ജമ്മുവിലെ ഭൂരിപക്ഷംപേരും ബിജെപിയുടെ ഈ തീരുമാനത്തെ പിന്തുണയ്ക്കുന്നു. ആസാദിന്റെ ശക്തികേന്ദ്രങ്ങൾ ജമ്മു അതിർത്തി ജില്ലകളിലെ മുസ്‌ലിം മേഖലകളും നാഷനൽ കോൺഫറൻസിനെയും കോൺഗ്രസിനെയും പിന്തുണച്ചുവരുന്ന ഹിന്ദുക്കളുമാണ്.  

ദശകങ്ങൾ നീണ്ട കോൺഗ്രസ് പ്രവർത്തനകാലത്തു സഖ്യത്തിലെ പ്രശ്നപരിഹാരങ്ങൾക്കു മുന്നിട്ടിറങ്ങിയിരുന്ന നേതാവ് എന്ന നിലയിൽ തമിഴ്നാട് മുതൽ കശ്മീർ വരെയുള്ള പ്രാദേശിക പാർട്ടികളുമായി ആസാദ് നല്ല അടുപ്പമുണ്ടാക്കിയിട്ടുണ്ട്. എന്നാൽ, ഇപ്പോൾ തന്റെ കക്ഷിക്കുവേണ്ടി കോൺഗ്രസിനെ എതിർത്തുകൊണ്ടു പുതിയ ധാരണകളും തന്ത്രങ്ങളും അദ്ദേഹം രൂപപ്പെടുത്തേണ്ടിയിരിക്കുന്നു.

English Summary: Ghulam Nabi Azad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com