ADVERTISEMENT

തിരുവനന്തപുരം കോർപറേഷനിൽ‌ കഴിഞ്ഞ ഭരണസമിതിയുടെ കാലയളവിൽ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷനായിരുന്ന നേതാവിന്റെ ഭാര്യ ആറ്റിപ്ര സോണൽ ഓഫിസിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ. മുൻ ഡപ്യൂട്ടി മേയറുടെ സഹോദരിയുടെ മകളും ഇതേ തസ്തികയിൽ. ബിൽ കലക്ടറായി ജോലിചെയ്യുന്ന ഇടതു യൂണിയൻ ജില്ലാ നേതാവിന്റെ ഭാര്യയെ തിരുകിക്കയറ്റിയത് ജീവനക്കാരുടെ സഹകരണ സംഘത്തിൽ. ആദ്യനിയമനം ക്ലാർക്കായിട്ടായിരുന്നു. ഇപ്പോൾ സ്റ്റോർ നടത്തിപ്പിന്റെ ചുമതലയാണ്. തിരുവനന്തപുരം കോർപറേഷനിൽ കാലങ്ങളായി നടക്കുന്ന ബന്ധുനിയമനങ്ങളുടെ പട്ടിക ഇതിലൊന്നും ഒതുങ്ങില്ല.

ഇതുകൂടി കേൾക്കൂ: കോർപറേഷൻ ആസ്ഥാന ഓഫിസിലെ ഒരു എൽഡി ക്ലാർക്കിന്റെ ഭാര്യയെ കോവിഡ്കാലത്ത് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിൽ നിയമിച്ചു. സോണൽ ഓഫിസ് സൂപ്രണ്ടിന്റെ ഭാര്യയുടെ മാതാവും കോർപറേഷനിൽ താൽക്കാലിക ജോലി തരപ്പെടുത്തിയിട്ടുണ്ട്. പട്ടികജാതി വികസന ഓഫിസിൽ പ്യൂൺ തസ്തികയിലാണ് ഇവരുടെ നിയമനം.

ഏറെ കോളിളക്കം സൃഷ്ടിച്ച കെട്ടിടനമ്പർ തട്ടിപ്പുകേസിൽ അറസ്റ്റിലായ 4 പേരിൽ രണ്ടുപേർ ഡേറ്റാ എൻട്രി ഓപ്പറേറ്റർമാരായിരുന്നു. ഫോർട്ട് സോണലിൽ ജോലി നോക്കിയിരുന്ന വനിതാ ഡേറ്റാ എൻട്രി ഓപ്പറേറ്ററാകട്ടെ നേമം സോണൽ ഓഫിസിലെ ഡ്രൈവറുടെ ഭാര്യയാണ്. കടകംപള്ളി സോണലിൽ ജോലി നോക്കവേ അറസ്റ്റിലായ മറ്റൊരു താൽക്കാലിക ജീവനക്കാരി കുടപ്പനക്കുന്ന് സോണലിലെ കണ്ടിൻജന്റ് ജീവനക്കാരന്റെ ഭാര്യയും. സിപിഎം മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജില്ലയിലെ ഒരു നഗരസഭയുടെ മുൻ ചെയർമാനുമായ നേതാവിന്റെ സഹോദരന്റെ മകനാണിയാൾ. നേതാക്കളുടെ ഭാര്യമാർ അറസ്റ്റിലായതോടെ കേസ് അന്വേഷണം വഴിമുട്ടി. ആസ്ഥാന ഓഫിസിൽ ജോലി നോക്കവേയാണ് രണ്ടുപേരും തട്ടിപ്പു നടത്തിയതെന്നാണു കണ്ടെത്തൽ.

cartoon

179 ദിവസമാണ് ഒരു ഡേറ്റാ എൻട്രി ഓപ്പറേറ്ററുടെ സേവന കാലാവധി. ഇതു കഴിയുമ്പോൾ, സേവനം തുടർന്നും അത്യാവശ്യമാണെന്ന് വകുപ്പ് മേധാവി ശുപാർശ ചെയ്യുകയും കൗൺസിൽ പാസാക്കി കാലയളവ് നീട്ടിനൽകുകയുമാണു പതിവ്. അവർ സർക്കാർ ജീവനക്കാരെപ്പോലെ അനന്തമായി സർവീസിൽ‌ തുടരും. ഇത്തരത്തിൽ 15 വർഷമായി ഒരേ തസ്തികയിൽ ജോലി നോക്കുന്നവർ പോലും തിരുവനന്തപുരം കോർപറേഷനിലുണ്ട്. അതും ഒരേ സീറ്റിൽ.

തിരുവനന്തപുരം കോർപറേഷൻ ഓഫിസ് കുറെക്കാലമായി കുത്തഴിഞ്ഞ നിലയിലാണ്. താൽക്കാലിക തസ്തികയിലേക്കുള്ള നിയമനങ്ങളിൽ നടപടിക്രമങ്ങൾ പാലിക്കാതെ പാർട്ടിക്കാരെയും ഇഷ്ടക്കാരെയും കുത്തിനിറയ്ക്കുന്ന ഏർപ്പാട് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. താൽക്കാലിക തസ്തികയിൽ കയറിപ്പറ്റുന്ന സ്വന്തക്കാർക്ക് അതിന്റെ കാലാവധി കഴിയുമ്പോൾ നീട്ടിക്കൊടുക്കും. വീണ്ടും കാലാവധി കഴിയുമ്പോൾ മറ്റൊരു താൽക്കാലിക ഒഴിവിലേക്കു കടന്നുകൂടും. കോർപറേഷനിൽ ജോലി ചെയ്യുന്ന പലരുടെയും ഭാര്യമാരും ഇങ്ങനെ ‘താൽക്കാലികക്കാരായി’ സ്ഥിരമായി ജോലി ചെയ്യുന്നു.

ജനത്തിന്റെ പണം; പാർട്ടിയുടെ പരിപാടി

ഔദ്യോഗിക പരിപാടികൾക്കു സ്റ്റേജും മൈക്ക് സെറ്റും സജ്ജീകരിക്കുന്നതിന്റെ പേരിൽ കരാറുകാരൻ വർഷങ്ങളായി കോർപറേഷനിൽനിന്നു കൈപ്പറ്റുന്നതു കോടികളാണ്. 100 വാർഡുകളുള്ള തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ വേറെ പന്തലുകെട്ടുകാർ ഇല്ലാത്തതല്ല; പാർട്ടി പരിപാടികൾക്കു സൗജന്യമായി സ്റ്റേജും മറ്റു ക്രമീകരണങ്ങളും ഒരുക്കുന്നതിനു പ്രതിഫലമായാണു സർക്കാർ പണമെടുത്തുള്ള കോടികളുടെ ഇടപാട്. കഴിഞ്ഞ 31നു കൂടിയ കൗൺസിൽ യോഗത്തിൽ മാത്രം 3,34,220 രൂപയാണു കരാറുകാരനു ഭരണസമിതി പാസാക്കി നൽകിയത്. നഗരത്തിലെ ചെറുതും വലുതുമായ ഒട്ടുമിക്ക പാർട്ടി പരിപാടികൾക്കും സ്റ്റേജും മൈക്ക് സെറ്റും കൊടിതോരണങ്ങളുമെല്ലാം നൽകുന്നത് ഇദ്ദേഹമാണ്.

image-03

പരിപാടികളുടെ വിവരങ്ങളും സ്ഥലവും മേയർ സെക്‌ഷനിൽനിന്നു കരാറുകാരനെ വിളിച്ചറിയിക്കും. സ്വന്തം പേരിൽ ഉൾപ്പെടെ 3 ക്വട്ടേഷനുകൾ ഇദ്ദേഹം തന്നെ സമർപ്പിക്കും. കുറഞ്ഞ തുക ക്വോട്ട് ചെയ്യുന്നതും ഇദ്ദേഹമായിരിക്കും. സ്വാഭാവികമായി കരാറും ലഭിക്കും. മേയറുടെ മുൻകൂർ അനുമതിയോടെയാണ് ഫയൽ നീക്കമെന്നതിനാൽ ആർക്കും പരാതിയില്ല.

ചെറുപ്പക്കാർക്ക് അവസരം നൽകുമെന്നു ഘോരഘോരം നേതാക്കൾ പ്രസംഗിക്കാറുണ്ടെങ്കിലും വിരമിച്ച ശേഷവും ദിവസ വേതനത്തിനു ജോലി നോക്കുകയാണ് കോർപറേഷനിലെ 8 ഡ്രൈവർമാർ. എല്ലാവരും 60 വയസ്സു പിന്നിട്ടവർ. പാർട്ടി, യൂണിയൻ നേതാക്കളുടെ അടുപ്പക്കാരായതിനാൽ ഇവരെ പിരിച്ചുവിടാൻ ഭരണസമിതിയുടെ മുട്ടിടിക്കും. സൈന്യത്തിൽനിന്നു വിരമിച്ചവരാണ് ഇവരിൽ മിക്കവരും. പിന്നീട് സംസ്ഥാന സർക്കാർ സർവീസിൽ പ്രവേശിച്ചു. വിരമിച്ച ശേഷവും ദിവസവേതനത്തിനു ജോലി ചെയ്യുന്നു.

അഴിമതി തടഞ്ഞാൽ നാടുകടത്തും

നിയമനങ്ങളിൽ മാത്രമല്ല അഴിമതി. നിയമാനുസൃതം ജോലി ചെയ്യുന്നവരെ പാർട്ടിയുടെ ആവശ്യങ്ങൾ ചെയ്തുകൊടുക്കാത്തതിന്റെ പേരിൽ സ്ഥലം മാറ്റിയും അഴിമതിക്ക് അരങ്ങൊരുക്കുകയാണ് തിരുവനന്തപുരം കോർപറേഷനിൽ‌. ഇടതു ഭരണസമിതി ഭരിക്കുന്ന ബാങ്ക് കെട്ടിടത്തിനു ചട്ടങ്ങൾ പാലിക്കാതെ നിർമിച്ചതിനാൽ നമ്പർ അനുവദിക്കാൻ കഴിയില്ലെന്നു ഫയലിൽ കുറിപ്പെഴുതിയ സൂപ്രണ്ടിങ് എൻജിനീയറെ രായ്ക്കുരാമാനം തെറിപ്പിച്ചു. ആവശ്യത്തിനു പാർക്കിങ് സ്ഥലമില്ലെന്നു എൻജിനീയറിങ് വിഭാഗം കണ്ടെത്തിയ പാപ്പനംകോട് സർവീസ് സഹകരണ ബാങ്കിന്റെ കെട്ടിടത്തിനാണു ചട്ടവിരുദ്ധമായി നമ്പർ നൽകാൻ സമ്മർദമുണ്ടായത്.

image-05

25,000 ചതുരശ്ര അടിയോളം വിസ്തീർണമുള്ളതാണ് 2 നിലയുള്ള ബാങ്ക് കെട്ടിടം. തൊട്ടടുത്ത് ബാങ്കിന്റെ ഉടമസ്ഥതയിൽ പതിനായിരങ്ങൾ വാടക ഈടാക്കുന്ന, 15,000 ചതുരശ്ര അടി വിസ്തീർണമുള്ള ഓഡിറ്റോറിയവുമുണ്ട്. രണ്ടു കെട്ടിടങ്ങളുടെയും തറ വിസ്തീർണം കണക്കാക്കുമ്പോൾ ആവശ്യത്തിനു പാർക്കിങ് സ്ഥലമില്ലെന്നാണ് എൻജിനീയറിങ് വിഭാഗം കണ്ടെത്തിയത്. അതിനാൽ കൈവശാവകാശ രേഖ നൽകാൻ കഴിയില്ലെന്ന് എൻജിനീയറിങ് വിഭാഗം അറിയിച്ചു. സ്വാധീനത്തിനു ശ്രമിച്ചിട്ടും വഴങ്ങാതെ വന്നതോടെ സൂപ്രണ്ടിങ് എൻജിനീയറുടെ കസേര തെറിപ്പിക്കുകയായിരുന്നു.

പിന്നാലെ, പാവപ്പെട്ടവരെ സഹായിക്കാനെന്ന പേരിൽ കഴിഞ്ഞ ഏപ്രിൽ 27നു നടത്തിയ അദാലത്തിൽ കെട്ടിടത്തിനു നമ്പർ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് ഭരണസമിതി അപേക്ഷ സമർപ്പിച്ചു. സഹകരണ സംഘം ആയതിനാൽ സർട്ടിഫിക്കറ്റ് നൽകുന്നതിനു തടസ്സമില്ലെന്ന് മിനിറ്റ്സിൽ രേഖപ്പെടുത്തി. മിനിറ്റ്സിൽ രേഖപ്പെടുത്തിയാലും പലവിധ പരിശോധനകൾക്കു ശേഷമേ  നമ്പർ അനുവദിക്കൂവെന്ന വിശദീകരണമാണ് സംഭവം വിവാദമായപ്പോൾ കോർപറേഷൻ നൽകിയത്.

പാർട്ടിക്കാരനാണെങ്കിൽ തലസ്ഥാനത്ത് പൊതുമരാമത്ത് റോഡും സ്വന്തമാക്കാം. എംജി റോഡിന്റെ ഒരു ഭാഗം മാസവാടകയ്ക്കു നൽകാനും കോർപറേഷനു രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. സിപിഎമ്മിന്റെ വ്യാപാരി വ്യവസായി സംഘടനയുടെ സംസ്ഥാന നേതാവിന്റെ സഹോദരനു വേണ്ടിയായിരുന്നു വഴിവിട്ട ഇടപെടൽ. കോർപറേഷൻ സെക്രട്ടറിയും ഹോട്ടൽ ഉടമയും തമ്മിൽ 100 രൂപ മുദ്രപ്പത്രത്തിലുണ്ടാക്കിയ കരാർ സംഭവം വിവാദമായതിനു പിന്നാലെ റദ്ദാക്കി.

നിയമം നിയമത്തിന്റെ വഴിയേ; കോർപറേഷൻ സ്വന്തം വഴിയേ

സർക്കാർ സ്ഥാപനങ്ങളിൽ എന്നതുപോലെതന്നെ നഗരസഭകൾ പോലുള്ള പൊതുസ്ഥാപനങ്ങളിലും താൽക്കാലിക നിയമനങ്ങൾ നടത്താൻ നടപടിക്രമങ്ങളുണ്ട്. ആദ്യം വിജ്ഞാപനമിറക്കണം. ഉദ്യോഗാർഥികളുടെ കുറഞ്ഞ യോഗ്യത ഉൾപ്പെടെയുള്ളവ പരസ്യപ്പെടുത്തണം. യോഗ്യത വിലയിരുത്തി സുതാര്യമായി വേണം നിയമനം. നഗരസഭകളിലേതു താൽക്കാലിക നിയമനങ്ങളാണെങ്കിൽപോലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്‌വഴി തന്നെ നടത്തണമെന്ന് അടുത്തകാലത്ത് ഓംബുഡ്സ്മാൻ ഉത്തരവിട്ടിരുന്നു.

അതെല്ലാം അട്ടിമറിച്ചുള്ള നിയമനരീതിയാണ് തിരുവനന്തപുരം കോർപറേഷനിൽ. ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന വിശേഷണം നൽകി വിദ്യാർഥിനിയെ ഭരണമേൽപിച്ച് അതിന്റെ മറവിൽ പാർട്ടി തോന്നുംപോലെ ഇഷ്ടക്കാരെ നിയമിക്കുകയാണെന്നാണ് പ്രതിപക്ഷ ആരോപണം. ഇതു ശരിവയ്ക്കുന്നതാണ് മേയർ ആര്യ രാജേന്ദ്രന്റെ പേരിലുള്ള കത്ത്. കത്ത് ആര്യ തയാറാക്കിയതായാലും അവരുടെ പാർട്ടിയിൽപെട്ട കൗൺസിലർ തയാറാക്കിയതായാലും, പ്രചരിപ്പിച്ചതു പാർട്ടി വിഭാഗീയതയുടെ പേരിലായാലും കോർപറേഷനിൽ എന്തൊക്കെയോ ചീഞ്ഞുനാറുന്നു എന്ന സൂചനയാണു പുറത്തുവരുന്നത്.

പഞ്ചായത്തീരാജ് രൂപീകരണത്തിലൂടെ വിപുലമായ അധികാരങ്ങളാണു മുനിസിപ്പാലിറ്റികൾക്കും പഞ്ചായത്തുകൾക്കും കൈവന്നത്. കോർപറേഷൻ കൗൺസിലർമാർ നിയമസഭാംഗങ്ങളെപ്പോലെ സത്യപ്രതിജ്ഞ ചെയ്താണു സ്ഥാനമേൽക്കുന്നത്. എന്നാൽ അതിന്റെ ഗൗരവം മനസ്സിലാക്കാതെയാണു ഭരണം മുന്നേറുന്നത്.

English Summary: Recruitment in Party basis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com