സ്ഫോടനത്തിൽ തകർന്ന ലഹരിസാമ്രാജ്യം; അദൃശ്യ ‘ഓപ്പറേഷനു’കൾക്കിടെ ‘മരണ’അഭ്യൂഹങ്ങൾ: ദാവൂദ് എന്ന ദുരൂഹത!
Mail This Article
മൂന്നരപ്പതിറ്റാണ്ടു മുൻപ് ഇന്ത്യയിൽനിന്നു കടന്നുകളഞ്ഞ ഒരു കൊടുംകുറ്റവാളി ഇപ്പോഴും ഇവിടെ സജീവ ചർച്ചയാകുന്നതിനു പിന്നിലെന്ത്? അയൽരാജ്യത്ത് ഇരുന്നുകൊണ്ട് ഇപ്പോഴും തന്റെ അധോലോക സാമ്രാജ്യത്തെ നിയന്ത്രിക്കുന്നുണ്ടോ? അടുത്ത ചൊവ്വാഴ്ച 68 വയസ്സ് പൂർത്തിയാകുന്ന ദാവൂദ് ഇബ്രാഹിം തന്റെ ‘മരണവാർത്ത’യിലൂടെ കഴിഞ്ഞ ദിവസങ്ങളിലും മാധ്യമങ്ങളിൽ ഇടംനേടി, സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. പിന്നാലെ, ഊഹാപോഹങ്ങളും സംശയങ്ങളും ദുരൂഹതകളും...
ദക്ഷിണ മുംബൈയിലെ തെരുവുകളിൽ എതിരാളികളെ തല്ലിത്തോൽപിച്ചിരുന്ന ഗുണ്ടയിൽനിന്ന് ലോകമെങ്ങും ശൃംഖലകളുള്ള ‘സമാന്തര കോർപറേറ്റ്’ പ്രസ്ഥാനത്തെ നിയന്ത്രിക്കുന്ന അധോലോക നായകനിലേക്കുള്ള ദാവൂദ് ഇബ്രാഹിമിന്റെ ജീവിതകഥയ്ക്ക് ബോളിവുഡ് സിനിമകളിലുള്ളതിനെക്കാൾ മസാലയുണ്ട്.
സ്വർണവും വെള്ളിയും വിദേശ ഇലക്ട്രോണിക് വസ്തുക്കളും കള്ളക്കടത്തു നടത്തുകയും ഗുണ്ടായിസവും പിടിച്ചുപറിയും തർക്കങ്ങൾ തീർത്തു പണംപറ്റലും സമാന്തര വരുമാനമാർഗമാക്കുകയും ചെയ്തിരുന്ന ഹാജി മസ്താൻ, കരീം ലാല, വരദരാജ മുതലിയാർ എന്നിവർക്കു പിന്നാലെയാണ് ദാവൂദ് അധോലോകക്കളത്തിലിറങ്ങിയത്. വളർച്ച പെട്ടെന്നായിരുന്നു. ലഹരിമരുന്നു കടത്തിലെ അസാധാരണ ലാഭസാധ്യത പരമാവധി മുതലെടുത്തു. മുംബൈയിലെ വ്യവസായികളെയും ബോളിവുഡിനെയും റിയൽ എസ്റ്റേറ്റ് മേഖലയെയും ഒരുപോലെ വരുമാനസാധ്യതയാക്കി.
പക്ഷേ, 1993ൽ എല്ലാം തകിടംമറിഞ്ഞു. രാജ്യത്തെ നടുക്കിയ മുംബൈ സ്‌ഫോടന പരമ്പരകൾക്കു പിന്നിൽ ദാവൂദിന്റെ സംഘമാണെന്ന് അന്വേഷണ ഏജൻസികൾ തിരിച്ചറിഞ്ഞതോടെ കള്ളക്കടത്തുകാരനു ഭീകരപ്രവർത്തകന്റെ മുഖമായി. ഇന്ത്യയിൽ പലവിധത്തിൽ സമ്പാദിച്ചുകൂട്ടിയ കോടികളുടെ സ്വത്തിന്റെ നേരിട്ടുള്ള നിയന്ത്രണം കൈവിട്ട് ദുബായിലേക്കും അവിടെനിന്നു പാക്കിസ്ഥാനിലേക്കും പലായനം. മുംബൈ സ്ഫോടനം നടത്താൻ പാക്ക് ചാരസംഘടന ഐഎസ്‌ഐയുമായി സഹകരിച്ചത് രാജ്യാന്തര അധോലോക ശൃംഖലയിൽ ദാവൂദിനെ ഏറെ ഉയരങ്ങളിലെത്തിച്ചു.
കശ്മീരിലടക്കം പ്രവർത്തിക്കുന്ന ഭീകര സംഘടനകൾക്ക് ആയുധം എത്തിച്ചു കൊടുക്കുന്നതിനും പിന്നീടു താലിബാൻ, അൽ ഖായിദ തുടങ്ങിയവയെ സഹായിക്കുന്നതിനും ദാവൂദിന്റെ സംഘം ഐഎസ്‌ഐയ്ക്കുവേണ്ടി നിർണായക പങ്കു വഹിച്ചെന്നാണു വിലയിരുത്തൽ. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും വിളയുന്ന ലഹരി വിവിധ രാജ്യങ്ങളിൽ വിതരണം ചെയ്യുന്നതിനു പാക്കിസ്ഥാന്റെയും ഐഎസ്ഐയുടെയും സംരക്ഷണമായിരുന്നു പ്രതിഫലം.
പതിയെ സാമ്രാജ്യം ഏഷ്യയിൽ പലയിടങ്ങളിലേക്കും പിന്നീട് ആഫ്രിക്കയിലേക്കും അമേരിക്കയിലേക്കും യൂറോപ്പിലേക്കുമൊക്കെ വ്യാപിപ്പിച്ചു. അനന്തരവൻ സുഹൈൽ ഷെയ്ഖ് ബാർസിലോനയിൽ അറസ്‌റ്റിലായതോടെ കൊളംബിയൻ ഗറിലകൾക്ക് ആയുധമെത്തിക്കുന്നതിലുള്ള ദാവൂദ്സംഘത്തിന്റെ പങ്കും പുറത്തുവന്നു.
ഇപ്പോഴുമുണ്ട് സ്വാധീനം
മുംബൈ അധോലോകം ഇപ്പോൾ പൊതുവേ ശാന്തം. ഹാജി മസ്താൻ, കരീം ലാല, വരദരാജ മുതലിയാർ തുടങ്ങിയവർ കഥകളായി. ഛോട്ടാ രാജൻ തിഹാർ ജയിലിലും അരുൺ ഗാവ്‌ലി നാഗ്പുർ ജയിലിലും. അന്വേഷണ ഏജൻസികളുടെ മുഖം മാറിയതും സാങ്കേതിക സംവിധാനങ്ങൾ മെച്ചപ്പെട്ടതും പണമിടപാടുകളിൽ കറൻസിയുടെ ഉപയോഗം നിയന്ത്രിച്ചതുമെല്ലാം അധോലോകസംഘങ്ങളെ ബാധിച്ചു. ഒന്നര പതിറ്റാണ്ടിനിടെ ദാവൂദ് സംഘത്തിന്റെ പരസ്യആക്രമണങ്ങൾ കാര്യമായി ഉണ്ടായിട്ടില്ല.
പാക്കിസ്ഥാനിലുള്ള ദാവൂദ് അദൃശ്യനായാണ് ‘ഓപ്പറേഷൻ’ നടത്തുന്നത്. 1993 സ്‌ഫോടനത്തെത്തുടർന്നു തെറ്റിപ്പിരിഞ്ഞ ഛോട്ടാ രാജനു നേരെ പലവട്ടം ആക്രമണശ്രമമുണ്ടായി. ദാവൂദിന്റെ ഹിറ്റ്ലിസ്റ്റിലുള്ള രാജനും അരുൺ ഗാവ്‌ലിയും പുറത്തിറങ്ങുന്നതിലും സുരക്ഷിതം ജയിലിൽ കഴിയുന്നതാണെന്നു കരുതുന്നതിനു കാരണം ഇപ്പോഴും ദാവൂദിനുള്ള സ്വാധീനത്തിനു തെളിവ്.
എൺപതുകളുടെ അവസാനമാണ് ദാവൂദ് ഇന്ത്യ വിട്ടത്. സംഘത്തിലെ പലരും പിന്നീടു കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർ ജയിലിലായി. പിണിയാളുകളിൽ ശേഷിച്ചിരുന്നവരാണ് ദാവൂദ് സംഘാംഗങ്ങളെന്ന പേരിൽ ഇപ്പോൾ മുംബൈയിൽ പിടിയിലാകുന്നത്. കെട്ടിടനിർമാണം, പഴങ്ങളുടെ മൊത്തവ്യാപാരം, ലഹരി ഇടപാട്, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ചെറുമീനുകളാണവർ. ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നവരും ഇതിലുണ്ട്.
ദാവൂദിനെതിരെ മുംബൈയിലുള്ളത് 30 കേസുകൾ. ഒരു കേസിൽ മാത്രമാണു ശിക്ഷിക്കപ്പെട്ടത്. രാജ്യം വിട്ടതോടെ മറ്റു കേസുകളിലെ നടപടികളും നീളുന്നു. മഹാരാഷ്ട്രയിലെ രാഷ്ട്രീയ നേതാക്കൾക്കും ബിസിനസുകാർക്കുമെതിരെ ദാവൂദ് ബന്ധം ഉയരുന്നത് അപൂർവമല്ല; ഒന്നും തെളിയിക്കപ്പെടുന്നില്ലെങ്കിലും.
ബിസിനസ് സാമ്രാജ്യം
ദാവൂദിന്റെ മൊത്തം ആസ്തി 2015ലെ കണക്കുപ്രകാരം 6.7 ബില്യൻ ഡോളർ (ഏകദേശം 55,600 കോടി രൂപ) വരുമെന്നാണ് ഫോബ്‌സ് മാസികയുടെ കണക്ക്. പല രാജ്യങ്ങളിലായി നടത്തുന്ന ഹവാല ഇടപാടുകൾ, ആയുധക്കടത്ത്, ലഹരിമരുന്നു വ്യാപാരം, ക്രിക്കറ്റ് വാതുവയ്പ്, ഗുഡ്ക ബിസിനസ്, കള്ളനോട്ട് അച്ചടി, പണംതട്ടൽ എന്നിങ്ങനെ നീളുന്നു കുറ്റകൃത്യങ്ങൾ. റിയൽ എസ്റ്റേറ്റ് ബിസിനസ് ഗൾഫിലും യുകെയിലുമടക്കം പലരാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്നു.
മരിച്ചെന്ന അഭ്യൂഹങ്ങൾ
ദാവൂദിനു ഗുരുതരരോഗമാണെന്നും മരിച്ചെന്നുമുള്ള അഭ്യൂഹങ്ങൾ ഇതാദ്യമല്ല. ഹൃദയാഘാതത്തെത്തുടർന്ന് കറാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് 2017ൽ വ്യാപകമായി പ്രചരിച്ചിരുന്നു. മരിച്ചെന്ന് അന്നും പ്രചാരണമുണ്ടായെങ്കിലും അടുത്ത കൂട്ടാളിയായ ഛോട്ടാ ഷക്കീൽ അതെല്ലാം നിഷേധിച്ചതോടെ കിംവദന്തികൾ കെട്ടടങ്ങി. തലച്ചോറിൽ ട്യൂമറാണെന്നും വെന്റിലേറ്ററിലായെന്നും പിന്നീടു കേട്ടു. വിഷാംശം ഉള്ളിൽച്ചെന്നു മരിച്ചെന്നു കഴിഞ്ഞ ദിവസം ഉയർന്ന പ്രചാരണങ്ങളും ഷക്കീൽ തന്നെയാണ് നിഷേധിച്ചത്.
ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള പാക്ക്തന്ത്രങ്ങളിൽ വലിയ പങ്കു വഹിക്കുന്ന ദാവൂദിനെ നിയമത്തിനു മുന്നിലെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഏജൻസികൾ.
പിൻഗാമിയാര് ?
ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ഇപ്പോഴുയരുന്ന കിംവദന്തികൾ പിൻഗാമികളെക്കുറിച്ചുള്ള ചർച്ചയും സജീവമാക്കിയിട്ടുണ്ട്.
രാജ്യാന്തരതലത്തിലേക്ക് ദാവൂദ് ഇടപാടുകൾ വ്യാപിപ്പിച്ചപ്പോൾ ഛോട്ടാ ഷക്കീൽ, ദാവൂദിന്റെ സഹോദരങ്ങളായ അനീസ് ഇബ്രാഹിം കസ്കർ, മുഷ്താഖിം ഇബ്രാഹിം കസ്കർ എന്നിവരാണ് വിദേശങ്ങളിലിരുന്ന് അധോലോക പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നതെന്ന് അന്വേഷണ ഏജൻസികൾ പറയുന്നു. മറ്റു സഹോദരങ്ങളായ ഹസീന പാർക്കറും ഇക്ബാൽ കസ്കറും മുംബൈയിലെ ഇടപാടുകൾ മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിച്ചു. പക്ഷേ, ഹസീന മരിക്കുകയും ഇക്ബാൽ ജയിലിലാവുകയും ചെയ്തതോടെ കുടുംബത്തിൽനിന്നു ശക്തരായ പിൻഗാമികൾ മുംബൈയിൽ ഇല്ലാതായി.
ദാവൂദിന്റെ വലംകൈ ഛോട്ടാ ഷക്കീൽ പിൻഗാമിയാകുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്. അനീസ് ഇബ്രാഹിം കസ്‌കറും മുഷ്താഖിം ഇബ്രാഹിം കസ്‌കറും തങ്ങളാണ് യോഗ്യരെന്നു കരുതുന്നു. മകൻ മോയിൻ നവാസിനു സാധ്യത കൽപിക്കുന്നവരുമേറെ. മരുമകനും പാക്ക് മുൻ ക്രിക്കറ്റ് താരം മിയൻദാദിന്റെ മകനുമായ ജുനൈദ് മികച്ച ബിസിനസുകാരനും നേതൃശേഷിയുള്ളവനുമാണെങ്കിലും കുടുംബത്തിനു പുറത്തുനിന്നുള്ളയാൾ എന്ന പരിമിതിയുണ്ട്. ദാവൂദിനു മറ്റു രണ്ടു പെൺമക്കൾ കൂടിയുണ്ട്. ചൊരിഞ്ഞ ചോരയ്‌ക്കൊക്കെ പകരം കുടുംബത്തിൽ ചോര വീഴുമോ എന്നും കണ്ടറിയണം.