ക്യാംപിന്റെ ‘അടി’സ്ഥാനത്തിൽ
Mail This Article
അമ്മേ ഞങ്ങൾ പോകുന്നു,
കണ്ടില്ലെങ്കിൽ കരയരുതേ’
എന്നായിരുന്നു പണ്ട് കെഎസ്‌യുവിന്റെ തീപ്പൊരി മുദ്രാവാക്യം. ഇഎംഎസ് സർക്കാർ അധികാരത്തിലേറി തൊട്ടുപിന്നാലെ ആലപ്പുഴയിൽ സംഘടനയുടെ പിറവി. വിദ്യാർഥികളുടെ ബോട്ടുയാത്രയുടെ ഒരണ കൂലി പത്തു പൈസയാക്കാമെന്ന് ഇഎംഎസിനു തോന്നി. കെ എസ്‍യു ചാടിവീണു. തല്ലിയൊതുക്കാൻ കുറെ നോക്കിയെങ്കിലും കുട്ടിപ്പട്ടാളം വിട്ടില്ല. ഒടുവിൽ സർക്കാർ മുട്ടുമടക്കി. ‘ഒരണ’ പ്രസ്ഥാനത്തിനു സ്വന്തമായി.
പഴയ മുദ്രാവാക്യം വീണ്ടും ഓർത്തത് തിരുവനന്തപുരത്തു നെയ്യാറിൽ കെഎസ്‌യുവിന്റെ തെക്കൻ മേഖലാ നേതൃപരിശീലന ക്യാംപിലെ തല്ല് കണ്ടപ്പോഴാണ്. പണ്ടു ശത്രുക്കളാണെങ്കിൽ ഇന്നു കൂട്ടുകാരാണ് തല്ലുന്നത് എന്നേയുള്ളൂ മാറ്റം. ‘കണ്ടില്ലെങ്കിൽ കരയരുതേ’ എന്നാവുമോ ക്യാംപിനു കെഎസ്‌യുക്കാർ വീട്ടിൽനിന്ന് ഇറങ്ങുമ്പോഴും പറയുന്നത് എന്നറിയില്ല. ഏഴു പതിറ്റാണ്ടായിട്ടും മുദ്രാവാക്യത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല എന്നതു പ്രസ്ഥാനത്തിന് അഭിമാനകരമാണ്.
സംഘടനയുടെ വാട്‌സാപ് ഗ്രൂപ്പിന്റെ അഡ്മിൻ ആരെന്നതിനെച്ചൊല്ലി തിരുവനന്തപുരം ജില്ലയിലെ ഭാരവാഹികൾ തമ്മിലുണ്ടായ തർക്കമാണ് അടിക്കു കാരണമെന്നു കേൾക്കുന്നു. വിഷയം ഗ്രൂപ്പ് ആണെങ്കിൽ അടി രക്തത്തിലുള്ളതാണ്. ‘അടിയുറപ്പുള്ള ഐക്യം’ ആണ് എക്കാലത്തും കോൺഗ്രസിലെ ഗ്രൂപ്പുകളിയുടെ സ്വഭാവം. ‘ഗ്രൂപ്പ്’ വാട്സാപ്പിന്റേതായാലും അടിക്കു കുറവു വരുത്തേണ്ടതില്ല എന്നു തീരുമാനിച്ചതു നന്നായി. വയനാട്ടിൽ വെറ്ററിനറി കോളജിൽ എസ്എഫ്ഐക്കാർ കൂട്ടുകാരനെ തല്ലി മരണത്തിലെത്തിച്ചെങ്കിൽ തങ്ങൾ കൂട്ടുകാരനു രണ്ടടിയെങ്കിലും കൊടുത്തില്ലെങ്കിൽ മോശമാണെന്നു കരുതിയതും ആവാം. ഇതിനിടെ വിദ്യാഭ്യാസ മന്ത്രി വിളിച്ച ഒരു കോൺക്ലേവ് തിരുവനന്തപുരത്തു നടന്നു. പഠനനിലവാരവുമായി ബന്ധപ്പെട്ട കാര്യമായതിനാലാവണം കെഎസ്‌യുവിന്റെ ആരും പങ്കെടുത്തതായി കേട്ടില്ല. ക്യാംപസിന്റെ ട്രെൻഡും വികാരവും മനസ്സിലാക്കണമെന്നേ വി.ഡി.സതീശനും ക്യാംപിൽ കുട്ടികളേ ഉപദേശിച്ചുള്ളൂ. നല്ല അടിക്കു വകുപ്പുള്ളപ്പോഴാണ് കോൺക്ലേവ്.
കെഎസ്‌യുവിന്റെ പ്രവർത്തന കലണ്ടർ അനുസരിച്ചാണുപോലും ക്യാംപ് നടന്നത്. കലണ്ടറിൽ രേഖപ്പെടുത്തിയ ദിവസംതന്നെ ആയിരുന്നോ അടിയെന്നു വ്യക്തമല്ല. ഇതേ കലണ്ടർ അനുസരിച്ചു മറ്റു മേഖലാ ക്യാംപുകളും നടക്കും എന്നു സമാപനത്തിൽ പ്രഖ്യാപനമുണ്ടായി. അടി ഒന്നുമായിട്ടില്ല, വടിയൊടിക്കാൻ പോയിട്ടേയുള്ളൂ എന്നർഥം. ‘തല്ലിത്തീർക്കാനുള്ള’ തീരുമാനം ക്യാംപിനു മുൻപേ എടുത്തു എന്നാണു നേതാക്കൾ പിന്നീടു കണ്ടെത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പു കഴിഞ്ഞയുടനെ തദ്ദേശ തിരഞ്ഞെടുപ്പിനൊരുങ്ങാൻ കോൺഗ്രസ് തീരുമാനിച്ചതായി വാർത്തയുണ്ടായിരുന്നു. ഇത്ര മികവോ എന്നു സംശയിച്ചുപോയി. തല്ലു പോലും നേരത്തേ പ്ലാൻ ചെയ്യുന്ന സ്ഥിതിക്ക് മറ്റേതും ശരിയാവാനേ വഴിയുള്ളൂ.
മൂന്നുദിവസത്തെ ക്യാംപിന്റെ രണ്ടാം ദിവസം രാത്രിയായിരുന്നു നേതൃപരിശീലനത്തിന് ‘അടി’സ്ഥാനമിട്ടത്. നാടൻപാട്ടിന്റെയും ഡാൻസിന്റെയും ലഹരിയുണ്ടായിരുന്നെങ്കിലും ചിലർ ‘ഫസ്റ്റ് എയ്‌ഡ്’ സ്വന്തമായും കരുതിയത്രേ. അതുകൊണ്ട് അടി ഉഷാറായി. പിന്നാലെ അതിലും ഉഷാറായി പാർട്ടി അന്വേഷണം. റിപ്പോർട്ടിലെ ഉള്ളടക്കത്തെച്ചൊല്ലി കോൺഗ്രസിലെ കാർന്നോന്മാർ തമ്മിലായി പിന്നെ അടി .‘കലഹം പലവിധമുലകിൽ സുലഭം’ എന്നല്ലേ ?. ചില കാര്യങ്ങൾ സ്കൂൾ തുറക്കുന്ന കാലത്ത് വെളിയിൽ വരുന്നതു മോശമാണെന്നു കണ്ടെത്തി ആദ്യ റിപ്പോർട്ടിൽ വെള്ളം ചേർത്തു എന്നും പിന്നെ കേട്ടു. ചില കാര്യങ്ങളിൽ ചേർക്കാൻ വെള്ളം തന്നെ നിർബന്ധമല്ല; സോഡയായാലും മുഷിയില്ല.
‘റിസർജൻസ്’ എന്നായിരുന്നു ക്യാംപിന്റെ പേര്. ‘ഉയിർത്തെഴുന്നേൽപ്’ എന്നു തന്നെ ആവണം ഉദ്ദേശിച്ചത്. തെക്കൻ മേഖലയുടെ ക്യാംപായിരുന്നെങ്കിലും തല്ലോടെ പ്രശസ്തി അഖിലേന്ത്യാടിസ്ഥാനത്തിൽ വരെയെത്തി. വിഡിയോയും പടങ്ങളും മാധ്യമങ്ങളിൽ നിറഞ്ഞു. ‘നിങ്ങൾ നേരിട്ടു കണ്ടതാണോ എന്നും ആരെങ്കിലും ഒഫിഷ്യലായി വിഡിയോ തന്നതാണോ എന്നും മാധ്യമപ്രവർത്തകരെ കെഎസ്‌യു പ്രസിഡന്റ് അലോഷ്യസ് സേവ്യർ വിരട്ടിപോലും. അടിയുടെ വിഡിയോ ഔദ്യോഗികമായി പുറത്തുവിടുന്നതിനെപ്പറ്റി ബുദ്ധിപരമായി ആലോചിച്ചിരുന്നെന്നും പിന്നെ വേണ്ടെന്നു വച്ചതാവണമെന്നും കരുതണം. എണ്ണമറ്റ വിഡിയോയും ചിത്രങ്ങളും പ്രവർത്തകർ മത്സരിച്ച് അയച്ചതിൽ ഏതെടുക്കണം എന്നു മാധ്യമപ്രവർത്തകർ കുഴങ്ങുകയായിരുന്നു. അത്രയ്ക്കാണു കൂട്ടുകാരുടെ വിശ്വാസം. അല്ലെങ്കിൽത്തന്നെ, വിശ്വസിക്കാൻ എല്ലാക്കാര്യവും നേരിട്ടു കാണണമെന്നില്ല. ‘റിസർജൻസ്’ അറം പറ്റിയതായിക്കൂടായ്കയില്ല. ‘ നേരിട്ടു കണ്ടതു കൊണ്ട് നീ വിശ്വസിച്ചു, കാണാതെ വിശ്വസിക്കുന്നവരോ ഭാഗ്യവാൻമാർ’ എന്നത് അലോഷ്യസിന് അറിയാത്തതാവില്ല.
ഇതിലും നന്നാവാൻ പാടാണ് സർ
റിട്ടയർ ചെയ്യുന്നതിനു തൊട്ടുമുൻപുള്ള വലിയ തിരക്കിനിടയിലും അങ്കമാലിയിലെ ഗുണ്ടയെ വീട്ടിൽ പോയി കണ്ട് മാനസാന്തരപ്പെടുത്താൻ ഒരു ഡിവൈഎസ്പി ശ്രമിച്ചാൽ അതിനെ കൊടുംപാതകമായി കാണുന്നതാണു കഷ്ടം. ഏമാനെയും കൂടെപ്പോയ പൊലീസുകാരെയും കണ്ണിൽച്ചോരയില്ലാതെ സസ്പെൻഡ് ചെയ്തുകളഞ്ഞു.
കൂട്ടുകാരനെ കാണിക്കാൻ കൊണ്ടുപോകുന്നുവെന്നാണ് കൂടെയുള്ള പൊലീസുകാരെ ഡിവൈഎസ്പി വിശ്വസിപ്പിച്ചത്. ഗുണ്ടയാണെന്നു പറഞ്ഞാൽ അവർ പേടിച്ച് വണ്ടിയിൽനിന്ന് എടുത്തുചാടുമായിരുന്നില്ലെന്ന് ആരുകണ്ടു? കണ്ടപ്പോഴോ; ഗുണ്ടയല്ല, തനിത്തങ്കമാണെന്നു ബോധ്യമാവുകയും ചെയ്തു. അതാണു കരുതൽ.
കൊച്ചിയിലെ ശുചിമുറി മാലിന്യം മാറ്റാൻ കരാറെടുത്തയാളാണ് ഗുണ്ട. വീട്ടിലെ ശുചിമുറി വൃത്തിയാക്കിയിട്ടാണോ കൂട്ടുകാരൻ നാടു വൃത്തിയാക്കാൻ ഇറങ്ങുന്നതെന്നു പരിശോധിക്കാൻ ഏമാനു തോന്നിപ്പോയതിൽ തെറ്റൊന്നുമില്ല. അതാണ് ശുചിമുറിയിൽ ഒളിച്ചു എന്നൊക്കെ വ്യാഖ്യാനിച്ചു കളഞ്ഞത്. ഗുണ്ടകളെ തിരയാൻ ചില പാവം എസ്ഐമാരെ നിയോഗിച്ചിട്ടുണ്ട്. ഓപ്പറേഷൻ ‘ആഗ്’ എന്നാണു പേര്. ‘അഗ്നി’യാണ് ഗുണ്ട എന്നൊരു ബഹുമാനം പൊലീസ് ഔദ്യോഗികമായി കൊടുത്തതു നന്നായി. ജനത്തോടു പൊലീസ് മാന്യമായി പെരുമാറണമെന്നു ഡിജിപി കഴിഞ്ഞ ദിവസവും ഓർമിപ്പിച്ചിരുന്നു. ഗുണ്ടയും മനുഷ്യനാണ്. ഇതിലധികം മാന്യത ബുദ്ധിമുട്ടാണ് സർ.
ഉച്ചാടനമോ സ്തംഭനമോ?
രാഷ്ട്രീയത്തിലെ മൺസൂൺ ബംപറിന്റെ നറുക്കെടുപ്പു നാളെയാണ്. ഭാഗ്യം വേണ്ടെന്ന് ആഗ്രഹിച്ച ചിലരെ ബലമായി പിടിച്ചുനിർത്തി ലോട്ടറി കൊടുക്കുകയായിരുന്നുപോലും. കെ.കെ.ശൈലജ, കെ.രാധാകൃഷ്ണൻ, തോമസ് ഐസക് തുടങ്ങി നാട്ടിൽ നിന്നാൽ കൊള്ളാമെന്നു കരുതുന്നവർ ഈ പരിപാടിക്കു പോകേണ്ടിയിരുന്നോ എന്നു സംശയിക്കുന്ന ശുദ്ധാത്മാക്കളുണ്ട്. ബാധകളെ ഒഴിപ്പിക്കാൻ ‘ഉച്ചാടനം ’ എന്നൊരു വിദ്യ മന്ത്രവാദികൾക്കുണ്ട്. ഫലിച്ചാൽ നാടും വീടും വിട്ടു പോകേണ്ടിവരും. ഫലിച്ചില്ലെങ്കിൽ ‘സ്തംഭന’മാണ് അടുത്ത വഴി. നാവടക്കം നിലയ്ക്കും. ജയിച്ചാൽ ഉച്ചാടനം, തോറ്റാൽ മാനഹാനി മൂലം സ്തംഭനം എന്നതായിരിക്കുമോ ലക്ഷ്യം?
കെ.സി.വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കണമെന്നു വേണുവിനെക്കാൾ ആഗ്രഹം രമേശ് ചെന്നിത്തലയ്ക്കായിരുന്നു പോലും. കെ.സുധാകരൻ ആവുന്നത്ര കുതറിയിട്ടും കൈകാൽ കെട്ടി കണ്ണൂരിൽ കൊണ്ടുപോയി ഇട്ടതെന്തിനാവും? കൊടുംചൂടാണ് ഡൽഹിയിൽ. കേരളത്തിൽ പ്രളയവും. കിട്ടിയാൽ ഊട്ടി ഇല്ലെങ്കിൽ ചട്ടി എന്നാണു പറയാറ്. രണ്ടായാലും ചട്ടി എന്നായിരിക്കുമോ വിധി. ആർക്കറിയാം?
സ്റ്റോപ് പ്രസ്
ഒന്നാം തീയതി ശമ്പളം കൊടുക്കുമെന്ന് മന്ത്രി ഗണേഷ്കുമാറിന്റെ വിഡിയോ.
ബുദ്ധിമാനാണ്; ഏതു മാസത്തേത് എന്നു പറഞ്ഞിട്ടില്ല.