ADVERTISEMENT

ഞങ്ങൾ, ഇന്ത്യയിലെ ജനങ്ങൾ ഇന്ത്യയെ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായി രൂപകൽപന ചെയ്യുന്നു’ – ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും വേണ്ടിയുള്ള കാലാതീതമായ പ്രഖ്യാപനംതന്നെയാണ് നമ്മുടെ ഭരണഘടനയുടെ ആമുഖം. ഭരണഘടനയ്ക്കുവേണ്ടി നിലകെ‍ാള്ളുമെന്ന് ഉറപ്പിച്ചുപറയുന്ന ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പതിനെട്ടാം ലോക്സഭയുടെ ആദ്യദിനത്തിൽതന്നെ കണ്ടത് നമ്മുടെ ജനാധിപത്യത്തിനു നൽകുന്ന പ്രതീക്ഷ ചെറുതല്ല. 

ഭരണഘടന കയ്യിലേന്തിയ പ്രതിപക്ഷത്തെയാണ് മഹനീയമായ നമ്മുടെ ഭരണഘടനയെ ആധാരശിലയാക്കുന്ന പാർലമെന്റിൽ തിങ്കളാഴ്ച കണ്ടത്. ഭരണഘടനയുടെ പവിത്രത സംരക്ഷിച്ചുള്ള ഭരണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പുണ്ടായതും അന്നുതന്നെ. 

ഭരണഘടനയുടെ പ്രാധാന്യം മുഴങ്ങിക്കേട്ട തിരഞ്ഞെടുപ്പാണു രാജ്യത്തു നടന്നത്. അതുകെ‍ാണ്ടുതന്നെ, ഈ ലോക്സഭയിൽ കോൺഗ്രസ് ഉൾപ്പെട്ട പ്രതിപക്ഷത്തെ ഇന്ത്യാസഖ്യം സ്വയം ഏറ്റെടുത്തിരിക്കുന്ന ദൗത്യം ഭരണഘടനയുടെ സംരക്ഷണമെന്നതാവും. പാർലമെന്റിൽ ഭരണപക്ഷത്തിനെതിരായ പോരാട്ടങ്ങളിൽ ഭരണഘടനയായിരിക്കും പ്രതിപക്ഷത്തിന്റെ പ്രധാന ‘ആയുധം’. ‘നമ്മുടെ ഭരണഘടന നീണാൾ വാഴട്ടെ, ആരാണു ഭരണഘടനയെ സംരക്ഷിക്കുക? നമ്മൾ സംരക്ഷിക്കും’ എന്നു മുദ്രാവാക്യം വിളിച്ചും ഭരണഘടനയുടെ പതിപ്പുകൾ ഉയർത്തിപ്പിടിച്ചുമാണ് തിങ്കളാഴ്ച പ്രതിപക്ഷ അംഗങ്ങൾ സഭയിലേക്കു നടന്നത്. 

ലോക്സഭയുടെ ആദ്യസമ്മേളനത്തിനു മുൻപു മാധ്യമങ്ങളോടു സംസാരിച്ച പ്രധാനമന്ത്രിയാകട്ടെ, 1975ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം ഓർമിപ്പിച്ചാണു കോൺഗ്രസിനെതിരെ പരോക്ഷ വിമർശനമുയർത്തിയത്. ‘നമ്മുടെ ഭരണഘടനയിൽ ഒരു കറുത്ത നിഴൽ വീണ ദിവസത്തിന്റെ വാർഷികമാണ് ജൂൺ 25. അത്തരമൊരു കറ ഇനി ഒരിക്കലും രാജ്യത്തുണ്ടാകില്ലെന്ന് ഉറപ്പുവരുത്താൻ ഞങ്ങൾ ശ്രമിക്കും’ – പ്രധാനമന്ത്രി പറഞ്ഞു. 2015ൽ, ഭരണഘടനാ ശിൽപി ഡോ. ബി.ആർ.അംബേദ്‌കറുടെ 125–ാം ജന്മവാർഷികത്തോടനുബന്ധിച്ചു ഭരണഘടനയെക്കുറിച്ചു പാർലമെന്റിൽ നടന്ന ചർച്ചയിൽ രാജ്യമാണു സർക്കാരിന്റെ മതമെന്നും ഭരണഘടനയാണ് വിശുദ്ധഗ്രന്ഥമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത് ഇതോടെ‍ാപ്പം ഓർമിക്കുകയും ചെയ്യാം.

പാർലമെന്റിൽ വിയോജിപ്പിന്റെ സ്വരം നിശ്ശബ്ദമാക്കപ്പെടുകയും ലോക്സഭയിലെ വൻ ഭൂരിപക്ഷത്തിന്റെ ബലത്തിൽ തീരുമാനങ്ങൾ അടിച്ചേൽപിക്കപ്പെടുകയും ചെയ്യുന്നതു ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിനു ഭൂഷണമല്ലെന്നു വോട്ടർമാർ തിരിച്ചറിഞ്ഞുവെന്നുവേണം വിചാരിക്കാൻ. സഖ്യകക്ഷികളുടെ സഹകരണത്തോടെയാണ് ബിജെപിക്കു ഭരണത്തുടർച്ച സാധ്യമായിരിക്കുന്നതെന്നതും മന്ത്രിസഭയിൽ ഘടകകക്ഷികൾക്കു നിർണായക സ്വാധീനത്തിനുള്ള ഇടമുണ്ടെന്നതും ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നു. 

ലോകമെങ്ങുമുള്ള ജനാധിപത്യ വിശ്വാസികൾക്കുള്ള നിത്യപ്രചോദനമായി ഇന്ത്യൻ ഭരണഘടനയെ കാണാം. ലോകത്തിലെ മറ്റു പല ഭരണഘടനകളും അവ രേഖപ്പെടുത്തിയ കടലാസിനൊപ്പം നശിച്ചുപോയിട്ടും നമ്മുടെ ഭരണഘടന ശോഭയോടെ നിലകൊള്ളുന്നു എന്നതിൽത്തന്നെയുണ്ട് അതിന്റെ മൂല്യവും സർവകാലപ്രസക്തിയും. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തെക്കുറിച്ചുള്ള വിചാരങ്ങളിൽ ജനാധിപത്യസമീപനം പ്രതിഫലിക്കുകതന്നെ വേണം. 

ഇന്ത്യൻ ജനാധിപത്യത്തെച്ചൊല്ലി അഭിമാനിക്കാൻ വരുംതലമുറകൾക്കും കഴിയണം. അതുകൊണ്ടുതന്നെ, ജനാധിപത്യത്തിന്റെ അന്തസ്സും മൂല്യവുമെല്ലാം കാത്തുസൂക്ഷിക്കാൻ ഭരണപക്ഷവും പ്രതിപക്ഷവും കൂടുതൽ ഉത്തരവാദിത്തം കാട്ടേണ്ടതുണ്ട്. ഭരണഘടനയെ ചേർത്തുപിടിച്ചുള്ളതാണ് ഭരണമെന്നു പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും ഉറപ്പാക്കണം. ഭരണഘടനാശിൽപികൾ വിഭാവനം ചെയ്ത ഇന്ത്യൻ ജനാധിപത്യത്തിന്റെ മൂല്യങ്ങളിലും സ്വഭാവഗുണങ്ങളിലുംനിന്നു വ്യതിചലിക്കാതെയുള്ള പ്രവർത്തനമാവണമത്. ആശയപരമായ വിയോജിപ്പുകൾ കൃത്യമായി രേഖപ്പെടുത്തി, ഭരണഘടനയെ ചേർത്തുപിടിച്ചു പ്രതിപക്ഷവും തങ്ങളുടെ കടമ കുറ്റമറ്റു നിറവേറ്റണം. 

ലോക്സഭയുടെ ആദ്യദിനത്തിൽ കാണാനായ ഭരണഘടനയോടുള്ള ആദരപ്രകടനം രാജ്യത്തോടും ജനാധിപത്യത്തോടുമുള്ള വിശ്വാസപ്രഖ്യാപനം കൂടിയായിത്തീരണം. പാർലമെന്റിന്റെയും സർക്കാരിന്റെയും ഓരോ നടപടിയിലും അതു പ്രതിഫലിക്കുകയും വേണം.

English Summary:

Editorial about indian Constitution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com