ഒട്ടും സഹിക്കില്ല, ഈ പെറ്റതള്ള
Mail This Article
പെറ്റതള്ളയ്ക്കു സഹിക്കാൻ പറ്റാത്ത കാര്യങ്ങളാണ് സിപിഎമ്മിനെപ്പറ്റി കണ്ണൂരിൽനിന്നു വരുന്നത് എന്നതിനാലാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിലപിച്ചത്. ആഗ്രഹിക്കാതെ ജനിച്ചതാണെങ്കിലും വഴിപിഴച്ചു പോകുന്ന കുഞ്ഞിനോടുള്ള വാത്സല്യവും കരുതലും സിപിഐ എന്ന അമ്മയ്ക്ക് ഒട്ടും കുറഞ്ഞിട്ടില്ല. തള്ള ചവിട്ടിയാൽ പിള്ളയ്ക്കു കേടില്ല എന്നാണു ശാസ്ത്രവും പ്രത്യയശാസ്ത്രവും. തന്റെ കണ്ണീരു കണ്ടിട്ടെങ്കിലും ഗുണ്ട, ക്വട്ടേഷൻ, സ്വർണ സഖാക്കളുമായുള്ള സഹവാസം മകൻ വേണ്ടെന്നുവയ്ക്കുമെന്നാണ് ഈ അമ്മയുടെ പ്രതീക്ഷ.
വാസ്തവത്തിൽ ബിനോയ് പറയുന്നതു പോലെയല്ല; ഇക്കൂട്ടരെ അവഗണിച്ചതാണ് കണ്ണൂരിലെ പ്രശ്നം. നവകേരള സദസ്സിൽ ‘പൗരപ്രമുഖരു’ടെ പട്ടികയിൽപ്പെടുത്തി ഗുണ്ട– ക്വട്ടേഷൻ സംഘക്കാരെ മുഖ്യമന്ത്രി നേരിട്ടു കാണുകയും ആവശ്യങ്ങൾ ചോദിച്ചറിയുകയും ആദരിക്കുകയും ചെയ്തിരുന്നെങ്കിൽ ഇത്തരം ഗുലുമാലുകൾ ഉണ്ടാവുമായിരുന്നില്ല. യാത്രയുടെ ശോഭ ഒന്നുകൂടി കൂടുകയും ചെയ്യുമായിരുന്നു.
പാർട്ടിയിൽ അവഗണിക്കപ്പെട്ട പി.ജയരാജന്റെ സ്ഥാനം ദയനീയമാണെന്നു സിപിഎം സഹവാസം ഉപേക്ഷിച്ചിറങ്ങിയ ജില്ലാക്കമ്മിറ്റി അംഗം മനു തോമസ് പറഞ്ഞതോടെയാണു പുതിയ പൊല്ലാപ്പു തുടങ്ങിയത്. ഗുണ്ടാ– ക്വട്ടേഷൻ സഖാക്കളുടെ പട്ടാളം ആർമി ക്യാപ്റ്റനെ രക്ഷിക്കാൻ കൂട്ടത്തോടെ ഇറങ്ങി. ഇതിൽ പാർട്ടി ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം ഉണ്ടായിപോലും. ‘മൗനം വിദ്വാനു ഭൂഷണം’ എന്നായിരുന്നു പി.ജയരാജന്റെ മറുപടി. പണ്ടു വ്യക്തിപൂജയ്ക്കു വിമർശനവും താക്കീതും നേരിട്ടയാളാണ് കക്ഷി. കമാൻഡോ സംരക്ഷണംപോലെ വ്യക്തിപൂജയും പിണറായിക്കു മാത്രമായി പരിമിതപ്പെടുത്തിയ പാർട്ടിതീരുമാനം അറിയാതെപോയതാണ് അന്നു ജയരാജനു ക്ഷീണമായത്.
‘അവഗണിക്കപ്പെട്ടു’ എന്നു മനു പറഞ്ഞതു സത്യമല്ല. കോൺഗ്രസ് വിട്ടുവന്ന ശോഭനാ ജോർജിനു കനിഞ്ഞു നൽകിയ സ്ഥാനം പിന്തുടർച്ചയായി കണ്ണൂരിന്റെ ഈ ചെന്താരകത്തിനു സമ്മാനിച്ചതിൽനിന്നുതന്നെ പാർട്ടിക്കുള്ള കരുതൽ വ്യക്തമാണ്. ജില്ലാ സെക്രട്ടറിയായി വിരാജിക്കുമ്പോഴാണ് 2019ൽ വടകര ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കാൻ പി.ജയരാജനല്ലാതെ മറ്റൊരാളില്ല എന്നു പാർട്ടി കണ്ടെത്തുന്നത്. വീറോടെ കെ.മുരളീധരനോടു മത്സരിച്ചു തോറ്റ് തിരിച്ചുവന്നപ്പോൾ പക്ഷേ, സെക്രട്ടറി സ്ഥാനമില്ല. ഉത്തരത്തിലിരുന്നതും കക്ഷത്തിലുള്ളതും പോയി എന്നാണു വിരോധികൾക്കു തോന്നിയത്. ഒതുക്കാൻ ചെയ്തതാണെന്നും അവർ പറഞ്ഞു പരത്തി. പക്ഷേ, ഖാദി ബോർഡിന്റെ ഉന്നതപദവി കാത്തിരിക്കുന്ന വിവരം മണ്ടൻമാർ അറിഞ്ഞില്ല. ഇത്തവണ പാർട്ടി ജില്ലാ സെക്രട്ടറി എം.വി.ജയരാജനെ ലോക്സഭയിൽ കണ്ണൂരിൽ കെ.സുധാകരനെതിരെ മത്സരിക്കാൻ വിട്ടു. തോറ്റു മടങ്ങിവന്നപ്പോൾ സെക്രട്ടറി സ്ഥാനം മാത്രമാണു തിരികെക്കൊടുത്തത്. ആളു വില കല്ലു വില എന്നൊക്കെ പറയുന്നത് ഇതിനാണ്. തിരികെ സെക്രട്ടറിയാകാൻ ആർക്കും പറ്റും. നല്ല ഖാദിയനാകാൻ നല്ല ഗാന്ധിയനാകുന്നതിലും ബുദ്ധിമുട്ടാണ്.
സർക്കാരിനെയും മന്ത്രിമാരെയും ചീത്തവിളിക്കാൻ സിപിഎമ്മിന്റെയും സിപിഐയുടെയും ജില്ലാക്കമ്മിറ്റികൾ തമ്മിൽ നടക്കുന്ന മത്സരം കൊഴുക്കുന്നുണ്ട്. തമ്മിൽ തിരിച്ചറിയാൻപോലും ബുദ്ധിമുട്ട്. കമ്യൂണിസ്റ്റ് ഐക്യത്തിന് ഇതിലും വലിയ ഉദാഹരണമില്ല. ആഞ്ഞുപിടിച്ചാൽ ലയനംപോലും അസംഭവ്യമല്ല. സിപിഎമ്മുകാർക്കു മുഖ്യമന്ത്രിതൊട്ട് മന്ത്രിമാരെവരെ വിമർശിച്ചു കഴിഞ്ഞ് കാര്യമായി സമയം കിട്ടാഞ്ഞതുകൊണ്ടാണ് സിപിഐക്കാരുടെമേൽ കുതിരകയറാത്തതെന്നു മാത്രം. മന്ത്രിമാർ കൂടുതൽ ഉള്ളതുകൊണ്ടുള്ള ബുദ്ധിമുട്ടാണ്.
സിപിഐക്കാർക്ക് ആ പ്രശ്നമില്ല. തങ്ങളുടെ മന്ത്രിമാരെ ചീത്തവിളിച്ചു കഴിഞ്ഞും ഇഷ്ടംപോലെ സമയം ബാക്കി. അതു മുഴുവൻ മുഖ്യന്റെമേൽ തീർത്തിട്ടുണ്ട്. മുന്നണിവിട്ട് ഇറങ്ങിപ്പോരണമെന്നു വരെ കടത്തിപ്പറഞ്ഞവരുണ്ടത്രേ. തോളിലിരുന്ന് ചെവി തിന്നുന്നതാണെന്നു സിപിഎമ്മുകാർക്കു പിടികിട്ടാഞ്ഞിട്ടല്ല.
ഒരു സിനിമാ ചികിത്സ
പതിനായിരം രൂപ വാടക വാങ്ങി അങ്കമാലി താലൂക്ക് ആശുപത്രിയുടെ അത്യാഹിതവിഭാഗം സിനിമയുടെ ഷൂട്ടിങ്ങിനു വിട്ടുകൊടുത്തതുപോലൊരു മാതൃകാ ആരോഗ്യസംരക്ഷണ പദ്ധതി അടുത്തകാലത്തൊന്നും വകുപ്പു ചെയ്തിട്ടില്ല. മുങ്ങാൻ പോകുന്നവൻ കച്ചിത്തുരുമ്പിലും കയറിപ്പിടിക്കും. പതിനായിരമെങ്കിൽ പതിനായിരം. അത്യാവശ്യത്തിനു പഞ്ഞിയും തുണിയും വാങ്ങാനുള്ളതായി.
മരുന്നുകളും ജീവൻരക്ഷാ ഉപകരണങ്ങളുമില്ലാത്ത ആശുപത്രിയിൽ ജീവൻ കയ്യിൽപിടിച്ച് കിടക്കുന്നതിനെക്കാൾ വലിയ അത്യാഹിതമൊന്നും അത്യാഹിത വാർഡിൽ ഷൂട്ടിങ് നടന്നാലും സംഭവിക്കാനില്ല. സിനിമ കാണാനുള്ള പണമോ ഷൂട്ടിങ് കാണാനുള്ള സമയമോ ജീവിതകാലത്ത് ഇല്ലാത്ത പാവങ്ങളാണ് കിടപ്പുകാർ ഏറെയും. മരുന്നും മന്ത്രവുമല്ല, മാനസികോല്ലാസമാണ് ആരോഗ്യവും ജീവിക്കണമെന്ന ആഗ്രഹവും നിലനിർത്തുന്നത്. ആ നിലയ്ക്ക് ഒരു പ്രമുഖതാരത്തെ ഷൂട്ടിങ് സെറ്റ് അടക്കം രോഗികൾക്കരികിൽ എത്തിച്ചതിന്റെ മാഹാത്മ്യം കാണാതെപോകരുത്. അത്യാഹിത വിഭാഗത്തിലേക്കു ചിലർക്കു കയറാൻ കഴിഞ്ഞില്ലപോലും. ഷൂട്ടിങ് കാണാൻ ഓരോ രോഗം അഭിനയിച്ച് എത്തിയവരാണ്. അടിച്ചോടിച്ചില്ല എന്നേയുള്ളൂ.
കെ.കെ.ശൈലജ മന്ത്രിയായിരിക്കെ ഗംഭീരമായി ചെയ്ത വകുപ്പാണ് ജനങ്ങളിൽ അവമതിപ്പുണ്ടാക്കുന്ന രീതിയിൽ വീണാ ജോർജ് കൈകാര്യം ചെയ്യുന്നതെന്നു സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയിൽ വിമർശനമുണ്ടായത്രേ. കേട്ടാൽ തോന്നും ഭരണശേഷം ശൈലജയ്ക്കു പിന്നീട് വച്ചടി വച്ചടി കയറ്റമായിരുന്നെന്ന്. ശൈലജയ്ക്ക് ‘വടകരയാണ് വിധി’യെങ്കിൽ അത്ര ഗാംഭീര്യം വേണ്ട എന്നു വീണ തീരുമാനിച്ചതു ബുദ്ധിയായി.
വാസ്തവത്തിൽ ആശുപത്രിയും അത്യാഹിത വിഭാഗവുമൊക്കെ ഷൂട്ടിങ്ങിനു കൊടുത്ത് വൻവരുമാനമുണ്ടാക്കി സാമ്പത്തിക പ്രതിസന്ധി മറികടക്കുകയാണ് ആരോഗ്യവകുപ്പു ചെയ്യേണ്ടത്. മന്ത്രി മുതൽ ആശുപത്രി സൂപ്രണ്ട് വരെയുള്ളവരെ അഭിനയിപ്പിക്കണമെന്നു കൂടി നിബന്ധന വച്ച് അതുകൂടി ആശുപത്രി ഫണ്ടിൽ മുതൽക്കൂട്ടാം. മന്ത്രിയുടെ അഭിനയം ഗംഭീരമാണെന്നു കോഴിക്കോട് മെഡിക്കൽ കോളജിൽ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയും ഐസിയുവിൽ പീഡനത്തിനിരയായ രോഗിയും പണ്ടേ സാക്ഷ്യപ്പെടുത്തിയ സ്ഥിതിക്ക് ‘ഓഡിഷൻ’ പോലും വേണ്ടിവരില്ല. സിനിമാ ഫീൽഡിൽ എക്സ്പീരിയൻസ് ആയാൽ ‘കപ്പലോട്ടിയ മന്നനുക്ക് യാർ ബദൽ’ എന്ന മട്ടിൽ ഒരു സിനിമ വകുപ്പുതന്നെ നിർമിക്കുന്നതും ആലോചിക്കണം. മെഗാ ഹിറ്റാവും. പണം വന്നു മറിയും. വകുപ്പിനെ പിന്നെ പിടിച്ചാൽകിട്ടില്ല.
അതാണ് ശരിയായ ധർമം
ധർമസ്ഥാപനങ്ങളിൽനിന്നുവരെ മുഖ്യമന്ത്രിയുടെ മകൾ പണം കൈപ്പറ്റിയെന്നാണ് മാത്യു കുഴൽനാടൻ കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞത്. ധർമം കൊടുക്കാനല്ലെങ്കിൽ പിന്നെ ധർമസ്ഥാപനം എന്ന് എന്തിനാണു പേരിട്ടതെന്നു ചോദിച്ചാൽ മറുപടിയില്ല.
ഒന്നോർത്താൽ ധർമം കൊടുക്കുന്നതും ഒരു തരം ‘ചെയ്യാത്ത സേവനത്തിനു പ്രതിഫലം കൊടുക്കലാ’ണ്. കക്ഷിക്ക് അർഹതപ്പെട്ടതാണെന്നർഥം. സ്പീക്കറും മൈക്കും ഒരുപക്ഷത്തു നിൽക്കുന്നതാണ് ലൈറ്റ് ആൻഡ് സൗണ്ട്സുകാരുടെ കാലം തൊട്ടുള്ള നാട്ടുനടപ്പെങ്കിലും നിയമസഭയിൽ സ്പീക്കർക്കു മൈക്കിനോടാണു കലി. മാത്യു എണീക്കുമ്പോഴേ മൈക്ക് ഓഫാകും. എങ്കിലും കുഴൽനാടൻ എങ്ങനെയെങ്കിലുമൊക്കെ പറഞ്ഞൊപ്പിക്കും. മഴ പെയ്യുന്നതിന്റെ പിറ്റേന്ന് കൂണു മുളയ്ക്കുന്നതുപോലെ കുഴൽനാടൻ എന്തെങ്കിലും കടുപ്പിക്കുന്നതിന്റെ പിറ്റേന്നു കക്ഷിയുടെ റിസോർട്ടും പുരയിടവും അളക്കാൻ റവന്യുവും വിജിലൻസും പോകുന്ന പതിവുണ്ട്. ഇത്തവണ ദിവസങ്ങളായിട്ടും അതുണ്ടായിട്ടില്ല. സിപിഎം കേന്ദ്ര കമ്മിറ്റി യോഗം കഴിയാൻ കാത്തിരിക്കുകയാണെന്നു തോന്നുന്നു
സ്റ്റോപ് പ്രസ്
അരനൂറ്റാണ്ടുകൊണ്ട് സപ്ലൈകോ മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായെന്നു മുഖ്യമന്ത്രി. നൂറു ശതമാനം സത്യം. ഒന്നുമില്ലായ്മയാണ് രണ്ടിടത്തും.