ആദായനികുതി റിട്ടേൺ സമർപ്പിക്കാത്തവർ വലയും; 11 ലക്ഷം പേർക്ക് നോട്ടിസ്
Mail This Article
ന്യൂഡൽഹി ∙ ആദായനികുതി റിട്ടേൺ സമർപ്പിക്കാത്ത 11 ലക്ഷം പേർക്ക് ഇ നോട്ടിസ് നൽകാൻ നടപടി തുടങ്ങി. 2018-19 വർഷത്തെ പരിശോധനയിൽ നിന്നാണ് ഇത്രയധികം കേസുകൾ കണ്ടെത്തിയത്. പുതുതായി ആരംഭിച്ച കേന്ദ്രീകൃത പരിശോധന കേന്ദ്രത്തിൽ (സെൻവിസി) നിന്നാവും നോട്ടിസെത്തുക.
സാമ്പത്തിക ഇടപാടു നടത്തിയിട്ടും റിട്ടേൺ നൽകാത്തവർക്കാണ് ആദ്യഘട്ടത്തിൽ നോട്ടിസ് നൽകുന്നത്. ഇതിൽ മിക്ക കേസുകളും നോട്ട് നിരോധന കാലത്തെ ഇടപാടുകളാണ്. മറുപടി ലഭിച്ചില്ലെങ്കിൽ, സൂക്ഷ്മപരിശോധനയ്ക്കായി നികുതി നിർണയ ഉദ്യോഗസ്ഥർക്കു കൈമാറി തുടർനടപടി സ്വീകരിക്കും. ഏതെങ്കിലും തരത്തിൽ മറുപടി നൽകിയവരെ ഒഴിവാക്കാനുള്ള പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്.
ആദായനികുതി വകുപ്പ് ഓഫിസിൽ സജ്ജമാക്കിയ ‘സെൻവിസി’ സംവിധാനം രാജ്യത്തെ മുഴുവൻ നികുതി റിട്ടേണുകളും പരിശോധിക്കും. ആറരക്കോടിയോളം പേർ റിട്ടേൺ സമർപ്പിച്ചുവെന്നാണ് കണക്ക്. അതിൽ, ബാങ്ക് നിക്ഷേപങ്ങൾ, മ്യൂച്ച്വൽ ഫണ്ട് നിക്ഷേപം, സ്ഥലം ഇടപാടുകൾ തുടങ്ങിയവ മറച്ചുവച്ചവർക്കും നോട്ടിസ് നൽകും.
ഉദ്യോഗസ്ഥർക്കെതിരെ സിഎക്കാർ
ആദായനികുതി ഉദ്യോഗസ്ഥർക്കെതിരെ പ്രധാനമന്ത്രിക്കും ധനമന്ത്രാലയത്തിനും ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ കത്ത്. നികുതി വരുമാന ഇടിവിലെ ആശങ്ക പരിഹരിക്കാൻ ആദായനികുതി ഉദ്യോഗസ്ഥർക്കു സർക്കാർ നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെ ഉദ്യോഗസ്ഥർ നിലപാടു കടുപ്പിച്ചതോടെയാണ് ഇവരെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി വിവിധ സംസ്ഥാനങ്ങളിലെ സിഎക്കാരുടെ സംഘടനകൾ സർക്കാരിനെ സമീപിച്ചത്.