17 പേർക്കുകൂടി ഒമിക്രോൺ; രാജസ്ഥാൻ 9, മഹാരാഷ്ട്ര 7, ഡൽഹി 1
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യയിൽ ഒറ്റ ദിവസം 17 പേർക്കു കൂടി കോവിഡിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്താകെ ഒമിക്രോൺ കേസുകൾ 21 ആയി. ഇന്നലെ സ്ഥിരീകരിക്കപ്പെട്ടത് രാജസ്ഥാൻ (9 ), മഹാരാഷ്ട്ര (7), ഡൽഹി (1) എന്നീ സംസ്ഥാനങ്ങളിലാണ്. വ്യാഴാഴ്ച കർണാടകയിൽ രണ്ടും ശനിയാഴ്ച മഹാരാഷ്ട്രയിലും ഗുജറാത്തിലും ഒന്നു വീതവും ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു.
മഹാരാഷ്ട്രയിൽ ഒമിക്രോൺ സ്ഥിരീകരിച്ച 7 പേരും പുണെയിലാണ്. ഇതിൽ 3 പേർ നൈജീരിയയിൽനിന്നും ഒരാൾ ഫിൻലൻഡിൽനിന്നും തിരിച്ചെത്തിയതാണ്; 3 പേർക്കു നൈജീരിയയിൽനിന്ന് എത്തിയവരുമായുള്ള സമ്പർക്കത്തിലൂടെയാണു പകർന്നത്. രാജസ്ഥാനിലെ ജയ്പുർ ആദർശ് നഗറിൽ ദക്ഷിണാഫ്രിക്കയിൽനിന്നു തിരിച്ചെത്തിയ നാലംഗ കുടുംബത്തിനും ഇവരുമായി ഇടപഴകിയ 5 പേർക്കുമാണ് ഒമിക്രോൺ. ഡൽഹിയിൽ സ്ഥിരീകരിക്കപ്പെട്ടയാൾ ടാൻസാനിയയിൽ നിന്നു തിരിച്ചെത്തിയതാണ്.
English Summary: 17 omicron cases reported in India