23 സംസ്ഥാനങ്ങളിൽ പോളിങ് കുറഞ്ഞു; നാഗാലാൻഡ് കഴിഞ്ഞാൽ കൂടുതൽ പോളിങ് ഇടിവ് കേരളത്തിൽ
Mail This Article
കോട്ടയം ∙ തിരഞ്ഞെടുപ്പിന്റെ പിന്നിട്ട 3 ഘട്ടങ്ങളിലും കൂടി പോളിങ് 3.08% ഇടിഞ്ഞു. ഇതുവരെ വോട്ടെടുപ്പു നടന്ന 282 മണ്ഡലങ്ങളിലെ കണക്കെടുക്കുമ്പോൾ മൊത്തം പോളിങ് 65.77% ആണ്. 2019 ൽ 68.85% ആയിരുന്നു.
26 സംസ്ഥാനങ്ങളിൽ 23 ഇടത്തും പോളിങ് കുറഞ്ഞു. ഗുജറാത്ത് (5% കുറവ്), രാജസ്ഥാൻ (4.81%), യുപി (4.92%), മധ്യപ്രദേശ് (4.88%), ഉത്തരാഖണ്ഡ് (4.66%) എന്നീ സംസ്ഥാനങ്ങളിലാണു കാര്യമായ കുറവുള്ളത്. കഴിഞ്ഞതവണ ബിജെപി മികച്ച വിജയം നേടിയ സംസ്ഥാനങ്ങളാണ് ഇവ. കേരളത്തിൽ 6.57% കുറഞ്ഞു. ഏറ്റവും കുറഞ്ഞത് വോട്ടർമാർ വ്യാപകമായി തിരഞ്ഞെടുപ്പു ബഹിഷ്കരിച്ച നാഗാലാൻഡിലാണ്. ഇവിടത്തെ ഏക സീറ്റിൽ 25.78% കുറഞ്ഞു.
മേഘാലയ, കർണാടക, ഛത്തീസ്ഗഡ്, ഗോവ എന്നിവിടങ്ങളിൽ മാത്രമാണു കൂടിയത്. കഴിഞ്ഞ തവണ എൻഡിഎ 28ൽ 26 സീറ്റും നേടിയ കർണാടകയിൽ 1.15% വർധിച്ചു. പ്രജ്വൽ രേവണ്ണ വിവാദത്തിന്റെ കൂടി നിഴലിൽ നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പിലാണ് ഇവിടെ പോളിങ് കൂടിയത്. ഛത്തീസ്ഗഡിലും ഗോവയിലും വർധന ഒരു ശതമാനത്തിൽ താഴെ മാത്രം.
16 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണപ്രദേശങ്ങളിലും വോട്ടെടുപ്പു പൂർത്തിയായി. ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡീഷ, പഞ്ചാബ്, ജാർഖണ്ഡ്, ഹിമാചൽപ്രദേശ്, ഹരിയാന, ഡൽഹി, ചണ്ഡിഗഡ്, ലഡാക്ക് എന്നീ 10 ഇടങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചിട്ടില്ല. ഈ സംസ്ഥാനങ്ങളിൽ 113 സീറ്റുകളുണ്ട്. ബാക്കി 147 മണ്ഡലങ്ങൾ ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര. ബിഹാർ, ബംഗാൾ എന്നിവിടങ്ങളിലാണ്.