സോണിയയുടെ വിശ്വസ്തൻ; പാർട്ടിയുടെ ‘ഇന്റലിജൻസ്’
Mail This Article
ന്യൂഡൽഹി ∙ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ ബിജെപി പാളയത്തിലേക്കു പോകുന്നതിനെക്കുറിച്ച് സോണിയ ഗാന്ധിയുടെ പഴ്സനൽ സെക്രട്ടറി പി.പി. മാധവൻ നേരത്തേ അറിഞ്ഞിരുന്നു. സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി വിവരം പങ്കിട്ടു; ചവാന്റെ നീക്കം തടയാൻ പാർട്ടി ശ്രമിച്ചു. അപ്പോഴേക്കും ബിജെപി ചവാനുമായി ധാരണയിലെത്തി.
ഹിമാചൽ പ്രദേശിൽ കോൺഗ്രസ് ക്യാംപിൽ നിന്നു ചില എംഎൽഎമാർ കൂറുമാറുന്ന ഘട്ടത്തിലും മാധവൻ വിവരം മൂൻകൂർ അറിഞ്ഞു. കൂറുമാറ്റം തടയാൻ വേണുഗോപാൽ വഴി ശ്രമവും നടത്തി. ഗാന്ധികുടുംബവുമായി പതിറ്റാണ്ടുകളായുള്ള ബന്ധം സമ്മാനിച്ച സൗഹൃദവലയമായിരുന്നു നിർണായക വിവരങ്ങൾ മുൻകൂർ അറിയാനുള്ള മാധവന്റെ പ്രത്യേക മികവിനുള്ള കാരണമെന്നു വേണുഗോപാൽ ഓർക്കുന്നു. കെ.കരുണാകരനും എ.കെ. ആന്റണിക്കും മാധവനോട് ഒരുപോലെ അടുപ്പമായിരുന്നു. ഹൈക്കമാൻഡിനു മുന്നിൽ ആവശ്യങ്ങൾ നടത്തിയെടുക്കാൻ ഡൽഹിയിലെത്തിയ യുവനേതാക്കൾക്കുൾപ്പെടെ മാധവൻ ആശ്രയമായ സന്ദർഭങ്ങളുമേറെ. കേരളത്തിലേതുൾപ്പെടെ നേതാക്കൾക്കും മറ്റുള്ളവർക്കും 10 ജൻപഥ് വീട്ടിലേക്കുള്ള ‘ഗേറ്റ് പാസ്’ കൂടിയായി അദ്ദേഹം.
ആഭ്യന്തര മന്ത്രാലയത്തിൽ ഉദ്യോഗസ്ഥനായിരിക്കെ ഇന്ദിര ഗാന്ധിയുടെ ഓഫിസിൽ പല ചുമതലകൾക്കായി മാധവൻ നിയോഗിക്കപ്പെട്ടിട്ടുണ്ട്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോൾ ഓഫിസിലെ പഴ്സനൽ വിഭാഗത്തിൽ മാധവൻ നിയമിക്കപ്പെട്ടു. അന്നു വിൻസന്റ് ജോർജായിരുന്നു രാജീവിന്റെ പഴ്സനൽ സെക്രട്ടറി; എസ്.വി.പിള്ള, ബാലാനുജൻ, ടി.ഒ.തോമസ് എന്നിങ്ങനെ വേറെയും മലയാളികളുണ്ടായിരുന്നു അന്നത്തെ ഓഫിസിൽ. വിദ്യാർഥികളായിരുന്ന രാഹുലും പ്രിയങ്കയുമായി മാധവനുൾപ്പെടെ അടുപ്പമായത് അക്കാലത്താണ്.
പിന്നീട് സോണിയ ഗാന്ധിയുടെ ഔദ്യോഗിക കൂടിക്കാഴ്ചകൾക്കും മറ്റും സമയംക്രമീകരിക്കുന്ന ചുമതലയിൽ മാധവൻ നിയോഗിക്കപ്പെട്ടു. രാജീവ് പ്രധാനമന്ത്രി പദത്തിൽനിന്നു മാറിയ ശേഷവും ഡപ്യൂട്ടേഷനിൽ മാധവനുൾപ്പെടെ തുടർന്നു. 1998ൽ സോണിയ സജീവ രാഷ്ട്രീയത്തിലിറങ്ങിയപ്പോഴും പഴ്സനൽ സ്റ്റാഫിൽ മാധവനുണ്ടായിരുന്നു.