തടസ്സപ്പെടുത്തിയത് രാഷ്ട്രീയം പറഞ്ഞപ്പോൾ: ഇർഫാൻ ഹബീബ്

Mail This Article
കണ്ണൂർ ∙ ഗവർണർ രാഷ്ട്രീയം പറയാൻ ശ്രമിച്ചപ്പോഴാണു പ്രസംഗം തടസ്സപ്പെടുത്തിയതെന്നു ചരിത്രകാരനും ഇന്ത്യൻ ചരിത്ര കോൺഗ്രസ് മുൻ അധ്യക്ഷനുമായ പ്രഫ. ഇർഫാൻ ഹബീബ്.രാജ്യത്തെ വിഷയങ്ങളിൽ പ്രതികരിക്കുകയെന്നതു ചരിത്രകാരന്റെ ചുമതലയാണ്. ചടങ്ങിൽ പ്രോട്ടോക്കോൾ ലംഘനം ഉണ്ടായിട്ടില്ല. തന്നെ തടസ്സപ്പെടുത്താനാണു പൊലീസ് ശ്രമിച്ചത്. ഇടതു സർക്കാർ ഭരിക്കുന്ന കേരളത്തിൽ ഇതാണോ നടക്കുന്നത്? സംസ്ഥാന സർക്കാർ മറുപടി പറയണം.ഇന്ത്യൻ ചരിത്ര കോൺഗ്രസ് സ്വതന്ത്രസംവിധാനമാണ്. തങ്ങൾ ഗവർണറെ ക്ഷണിച്ചിട്ടില്ലെന്നും സർവകലാശാലയാണു ക്ഷണിച്ചതെന്നും ഇർഫാൻ ഹബീബ് പറഞ്ഞു.
ഗവർണറുടെ നടപടി അപലപനീയമാണെന്നും ഭരണഘടനാപദവിക്കു ചേർന്നതല്ലെന്നും ചരിത്ര കോൺഗ്രസ് സന്ദർശിക്കാനെത്തിയ ചലച്ചിത്ര സംവിധായകൻ കമൽ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രഫ.ഇർഫാൻ ഹബീബും കെ.കെ.രാഗേഷ് എംപിയും പ്രസംഗിച്ചപ്പോൾ എഴുതിത്തയാറാക്കിയ പ്രസംഗം മാറ്റിവച്ച് ഗവർണർ മറുപടി പറയാൻ തുടങ്ങിയതോടെയാണു വേദിയിലും സദസ്സിലും പ്രതിഷേധമുയർന്നത്.