ഞുണങ്ങാറിന് കുറുകെ പാലം: തീരുമാനം രണ്ട് ദിവസത്തിനകം വേണമെന്ന് ഹൈക്കോടതി
Mail This Article
കൊച്ചി ∙ പമ്പയിൽ ഞുണങ്ങാറിന് കുറുകെ ഗാബിയോൺ ബോക്സ് സ്ട്രക്ചർ നിർമിക്കുന്നതു സംബന്ധിച്ചു സർക്കാരുമായി കൂടിയാലോചിച്ചു രണ്ടു ദിവസത്തിനുള്ളിൽ അന്തിമ തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശം നൽകി. തീരുമാനമെടുത്താൽ വൈകാതെ നിർമാണം ആരംഭിക്കാൻ ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത്കുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് നിർദേശം നൽകിയിട്ടുണ്ട്.
തിരുവിതാംകൂർ ദേവസ്വം ബോർഡ്, ഇറിഗേഷൻ ആൻഡ് അഡ്മിനിസ്ട്രേഷൻ ചീഫ് എൻജിനീയർ എന്നിവരടക്കമുള്ളവർക്കാണു നിർദേശം. മണ്ഡല മകരവിളക്ക് തീർഥാടനം ആരംഭിച്ച സാഹചര്യത്തിൽ ഉടൻ നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു. ഹർജി 22ന് വീണ്ടും പരിഗണിക്കും. സുവിജ് പ്ലാന്റിലേക്കുള്ള രാസവസ്തുക്കളും മറ്റും കൊണ്ടുപോകുന്നതിനു ഞുണങ്ങാറിനു കുറുകെ നിർമിച്ച തടയണ മഴയിൽ ഒലിച്ചുപോയതിനെ തുടർന്നാണു താൽക്കാലിക പാലം നിർമിക്കുന്നതു സംബന്ധിച്ച വിഷയം പരിഗണിച്ചത്. ബെയ്‌ലി പാലം പരിഗണിച്ചെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നു കരസേന അധികൃതർ വ്യക്തമാക്കി.
ഗാബിയോൺ ബോക്സ്
ഉരുക്കു വലയ്ക്കുള്ളിൽ കരിങ്കൽ കഷണങ്ങൾ നിറച്ചു നിർമിക്കുന്നതാണു ഗാബിയോൺ ബോക്സ് സ്ട്രക്ചർ. മുകൾഭാഗത്തു മണൽച്ചാക്കും നിറയ്ക്കും. വെള്ളത്തിന്റെ ഒഴുക്കിനായി പൈപ്പുകളും സ്ഥാപിക്കും.
English Summary: Kerala hc on Pamba Njunangaru bridge