ADVERTISEMENT

ന്യൂഡൽഹി ∙ കമ്യൂണിസ്റ്റ് പേരും ചെങ്കൊടിയും ഉപേക്ഷിക്കേണ്ടിയിരുന്ന പാർട്ടിയായിരുന്നു സിപിഐയെന്ന തരത്തിൽ സിപിഎം പ്രസിദ്ധീകരണമായ ചിന്ത പ്രസിദ്ധീകരിച്ച ലേഖനത്തിനുള്ള മറുപടി സിപിഐയുടെ രാഷ്ട്രീയ പ്രസിദ്ധീകരണമായ ‘നവയുഗത്തിന്റെ’ അടുത്ത ലക്കത്തിൽ ഉണ്ടാകുമെന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി.‌

സിപിഐ വലതുപക്ഷ വായ്ത്താരികളെ വാരിപ്പുണർന്ന് ഇടതുപക്ഷത്തെ തിരുത്തൽ‍ ശക്തിയാണെന്നു സ്വയം ചമയുകയാണെന്നു രൂക്ഷമായി വിമർശിക്കുന്നതാണു സിപിഎം ഒറ്റപ്പാലം ഏരിയ കമ്മിറ്റി അംഗവും പാലക്കാട് കിള്ളിക്കുറുശ്ശിമംഗലം കുഞ്ചൻ നമ്പ്യാർ സ്മാരകം ചെയർമാനുമായ ഇ.രാമചന്ദ്രൻ ചിന്തയിലെഴുതിയ ലേഖനം. സന്ദർഭം കിട്ടിയപ്പോഴൊക്കെയും ബൂർഷ്വാ പാർട്ടികൾക്കൊപ്പം അധികാരം പങ്കിട്ടവർ, അധികാരത്തിനു വേണ്ടി അവസരവാദ നിലപാടെടുത്തവർ എന്നിങ്ങനെയുള്ള ആക്ഷേപങ്ങളും സിപിഐയ്ക്കെതിരെ ലേഖനത്തിലുണ്ട്.

മുന്നണിയിലെ പാർട്ടികൾക്കിടയിൽ പ്രത്യയശാസ്ത്ര തർക്കം പാടില്ല എന്നില്ല, അവരുടെ അഭിപ്രായം അവർക്കും തങ്ങളുടേതു തങ്ങൾക്കും പറയാം – കാനം രാജേന്ദ്രൻ ഡൽഹിയിൽ പറഞ്ഞു. വിമർശനത്തിന് പ്രതിപക്ഷ ബഹുമാനം വേണ്ടേ എന്ന ചോദ്യത്തോട് അതു വിമർശിക്കുന്നവരാണു തീരുമാനിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, ചിന്ത വാരികയിൽ വന്നത് സിപിഎമ്മിന്റെ പ്രതികരണമല്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി. പാർട്ടി സെക്രട്ടറിയോ സെക്രട്ടേറിയറ്റ് അംഗങ്ങളോ മറ്റു നേതാക്കളോ എഴുതിയതോ എഡിറ്റോറിയൽ ലേഖനമോ അല്ല അത്. സിപിഐയുടെ മാധ്യമങ്ങളിലും പലതും വരാറുണ്ട്. വായനക്കാരുടെ പ്രതികരണം എന്ന നിലയിലുള്ള ഒന്നു മാത്രമാണ് ഇപ്പോൾ ചിന്തയിൽ വന്നത്. ഇതിനെ വിവാദമാക്കാനാണെങ്കിൽ അങ്ങനെ ആകട്ടെ. സിപിഎം നിലപാട് പാർട്ടി തന്നെ പറയുമെന്നും അതിന് ആരുടെയും ശീട്ട് വേണ്ടെന്നും കോടിയേരി പറഞ്ഞു.

English Summary: Kanam Rajendran statement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com