ഇന്ധന സെസ്: സർക്കാരിനു കിട്ടുന്നത് 750 കോടിയല്ല, 930 കോടി: ലഭിക്കുമോ ഇരട്ടി വരുമാനം?
Mail This Article
തിരുവനന്തപുരം ∙ പെട്രോളിനും ഡീസലിനും 2 രൂപ വീതം സെസ് ഏർപ്പെടുത്തുമ്പോൾ സർക്കാരിനു കിട്ടുക 750 കോടിയല്ല, 930 കോടി. മന്ത്രി കെ.എൻ.ബാലഗോപാൽ സാമൂഹിക സുരക്ഷാ സെസിലൂടെ 750 കോടിയാണു കിട്ടുകയെന്നു പ്രഖ്യാപിച്ചത് ശരിയല്ലെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം നിയമസഭയിൽ നൽകിയ കണക്കു തന്നെ തെളിവ്.
Read also: പിതാവ് ദത്തെടുത്ത പെൺകുട്ടിയെ മകൻ വിവാഹം ചെയ്തു; ഒടുവിൽ ‘അവിഹിത’ത്തെ ചൊല്ലി കൊലപാതകം
വർഷം 750 കോടി രൂപ കിട്ടണമെങ്കിൽ പെട്രോളും ഡീസലും ചേർത്ത് സംസ്ഥാനത്ത് ഒരു വർഷം 375 കോടി ലീറ്റർ ഇന്ധനം വിൽക്കണം. എന്നാൽ, കഴിഞ്ഞ സാമ്പത്തിക വർഷം 465 കോടി ലീറ്റർ ഇന്ധനം സംസ്ഥാനത്തു വിറ്റെന്നാണ് റോജി എം.ജോണിനു നിയമസഭയിൽ മന്ത്രി നൽകിയ മറുപടി. 2 രൂപ വീതം സെസ് ഏർപ്പെടുത്തുമ്പോൾ വർഷം 930 കോടിയെങ്കിലും വരുമാനമായി സർക്കാരിനു ലഭിക്കേണ്ടതാണ്. കിട്ടുമെന്നു മന്ത്രി പറഞ്ഞതിനെക്കാൾ 180 കോടി അധികമാണിത്.
ഇൗ സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ജനുവരി വരെ 452 കോടി ലീറ്റർ ഇന്ധനം വിറ്റതായും മന്ത്രിയുടെ മറുപടിയിലുണ്ട്. ഇതനുസരിച്ച് ഈ മാസം കഴിയുമ്പോഴേക്കും ഇൗ വർഷത്തെ വിൽപന 540 കോടി ലീറ്റർ കവിഞ്ഞേക്കും. ഇതേ വിൽപന അടുത്ത വർഷം നടന്നാൽ സെസ് വഴി സർക്കാരിന് 1,100 കോടിയെങ്കിലും ലഭിക്കും. സെസ് ഏർപ്പെടുത്തി ആദ്യ വർഷം തന്നെ ഇത്രയധികം തുക ലഭിച്ചാൽ അത് മന്ത്രി പ്രഖ്യാപിച്ചതിന്റെ ഇരട്ടിയോളം വരുമാനമാകും.
ബജറ്റിൽ മന്ത്രി പ്രഖ്യാപിച്ചത്
പെട്രോൾ, ഡീസൽ എന്നിവയ്ക്ക് ലീറ്ററിനു 2 രൂപ നിരക്കിൽ സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തുന്നു. ഇതിലൂടെ അധികമായി 750 കോടി രൂപ പ്രതീക്ഷിക്കുന്നു.
English Summary: Cess on fuel Kerala